അധ്യാപകന്റെ തലയ്ക്ക് മുകളിലായുള്ള എസി വെന്റിലൂടെയാണ് പാമ്പ് ക്ലാസിലേക്ക് എത്തിയത്. ആദ്യം അൽപമൊന്ന് തലനീട്ടിയ പാമ്പ് കുറച്ച് കൂടി മുന്നോട്ട് വന്നതോടെ ഭയന്ന് വിദ്യാർത്ഥികൾ ബഹളം വയ്ക്കുകയായിരുന്നു.
നോയിഡ: ക്ലാസ് പുരോഗമിക്കുന്നതിനിടെ എസി വെന്റിനിടയിലൂടെ ക്ലാസിലേക്ക് എത്തി നോക്കി പാമ്പ്. കണ്ട് ഭയന്ന വിദ്യാർത്ഥികളും അധ്യാപകനും ബഹളം വച്ചതോടെ പാമ്പ് എസി വെന്റിനിടയിലൂടെ തന്നെ പിൻവലിയുകയായിരുന്നു. നോയിഡയിലെ അമിറ്റി സർവ്വകലാശാലയിലാണ് സംഭവം.
അധ്യാപകന്റെ തലയ്ക്ക് മുകളിലായുള്ള എസി വെന്റിലൂടെയാണ് പാമ്പ് ക്ലാസിലേക്ക് എത്തിയത്. ആദ്യം അൽപമൊന്ന് തലനീട്ടിയ പാമ്പ് കുറച്ച് കൂടി മുന്നോട്ട് വന്നതോടെ ഭയന്ന് വിദ്യാർത്ഥികൾ ബഹളം വയ്ക്കുകയായിരുന്നു. കുറച്ച് വിദ്യാർത്ഥികൾ ഭയന്ന് കസേരകൾക്ക് മുകളിലേക്കും കയറി. ഇതോടെ ക്ലാസ് തടസപ്പെടുകയായിരുന്നു. ക്ലാസിൽ ബഹളമായതോടെയാണ് പാമ്പ് തിരികെ എസി വെന്റിലേക്ക് തന്നെ മടങ്ങുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നതാണ് ആശ്വാസകരമായിട്ടുള്ള കാര്യം. ക്ലാസിലെ ഒരു വിദ്യാർത്ഥി പകർത്തിയ ദൃശ്യം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അടുത്തിടെ മഴ ലഭിച്ചതിന് പിന്നാലെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സംഭവങ്ങൾ മേഖലയിൽ പതിവായിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗ്രേറ്റർ നോയിഡയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. ചെറിയ മാനിനെ വരിഞ്ഞ് ചുറ്റിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതരെത്തിയാണ് പിടികൂടിയത്.
