ദില്ലിയിൽ താമസിക്കുന്ന അമേരിക്കൻ കണ്ടന്റ് ക്രിയേറ്റർ ക്രിസ്റ്റൻ ഫിഷർ ഇന്ത്യയിലെ ചെറിയ പലചരക്ക് കടകളെ പ്രശംസിക്കുന്ന വീഡിയോ വൈറലാകുന്നു. സൂപ്പർമാർക്കറ്റുകൾക്കും ഓൺലൈൻ ആപ്പുകൾക്കും പകരം വീടിനടുത്തുള്ള ഇത്തരം കടകൾ നൽകുന്ന സൗകര്യവും വ്യക്തിബന്ധങ്ങളുമാണ് അവർക്ക് പ്രിയപ്പെട്ടത്.

ദില്ലിയിൽ താമസിക്കുന്ന അമേരിക്കൻ ഉള്ളടക്ക സൃഷ്ടാവ് ക്രിസ്റ്റൻ ഫിഷർ ഇന്ത്യയിൽ താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു കാര്യത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വൈറലായി. വീടിന് തൊട്ടടുത്തുള്ള ചെറിയ പലചരക്ക് കടയെക്കുറിച്ചും അവിടേക്കുള്ള തന്‍റെ ചെറിയ യാത്രാനുഭവവുമാണ് ഇൻസ്റ്റാഗ്രാമിലൂടെ അവർ പങ്കുവെച്ചിരിക്കുന്നത്.

സൂപ്പർ മാർക്കറ്റുകളല്ല, വീടിനടുത്തുള്ള ചെറിയ കട

10 മുതൽ 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടുവാതിൽക്കൽ എത്തിക്കുന്ന ക്വിക്ക്-കോമേഴ്‌സ് ആപ്പുകൾ നഗരങ്ങളിൽ വ്യാപകമാകുന്നതിനിടയിലാണ് ചെറിയ നാടൻ കടകളുടെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ച് കൊണ്ടുള്ള ഈ കൊച്ചു വീഡിയോ ശ്രദ്ധേയമാകുന്നത്. സൂപ്പർമാർക്കറ്റുകളിൽ ലഭിക്കാത്ത വ്യക്തിബന്ധങ്ങളും കൂട്ടായ്മയുടെ അനുഭവവുമാണ് ഇത്തരം അയൽപക്ക കടകൾ നൽകുന്നതെന്ന് അവർ പറയുന്നു. വീട്ടിൽ നിന്ന് വെറും ഒരു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ ഈ കടയിലേക്ക്. "രാവിലെ പലചരക്ക് കടയിലേക്ക് എന്നോടൊപ്പം വരൂ. എന്‍റെ വീട്ടിൽ നിന്ന് ഒരു മിനിറ്റ് പോലും നടക്കാനില്ലാത്ത ഈ കടയിൽ ഞാൻ പല ആവശ്യങ്ങൾക്കായി വരാറുണ്ട്," ഫിഷർ പറയുന്നു. കടയിൽ നിന്ന് പാൽ വാങ്ങി പണം നൽകി അവർ വേഗത്തിൽ തിരികെ വീട്ടിലെത്തി.

View post on Instagram
 

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം കടകൾ വളരെ സാധാരണമാണെങ്കിലും, വിദേശികൾക്കും ടൂറിസ്റ്റുകൾക്കും ഇതൊരു പുതിയ അനുഭവമാണ്. "ഇന്ത്യയിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യം ഇതാണ്. എല്ലായിടത്തും ചെറിയ കടകളുണ്ട്. സൗകര്യങ്ങൾ എപ്പോഴും കൈയെത്തും ദൂരത്തുണ്ട്," വീഡിയോയുടെ അടിക്കുറിപ്പിൽ അവർ എഴുതി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്.

'പുറത്തിറങ്ങാൻ പോലും മറന്ന് പോകുന്നു'

"നമ്മൾ ഇന്ത്യക്കാർ മറന്നുപോയ കാര്യമാണിത്. ഇത്രയധികം സൗകര്യപ്രദമായ ദൂരത്തിൽ എല്ലാം ഇവിടെ ലഭ്യമാണ്. കാറില്ലാതെ അമേരിക്കയിൽ ഓൺലൈൻ ഡെലിവറി പോലും എളുപ്പമല്ല," ഒരു ഉപയോക്താവ് കുറിച്ചു. "ബ്ലിങ്കിറ്റും ഇൻസ്റ്റമാർട്ടും കാരണം നമ്മൾ പുറത്തിറങ്ങി നടക്കുന്നത് തന്നെ മറന്നുപോയി," എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. "ആവശ്യമുള്ള എന്തും എപ്പോഴും കണ്ടെത്താൻ കഴിയുന്നതിനാൽ ഞാൻ ഇത്തരം ചെറിയ കടകളെ 'ചെറിയ വാൾമാർട്ട്' എന്നാണ് വിളിക്കുന്നത്," എന്നും ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.