തനിക്ക് ഇന്ത്യയിൽ കിട്ടുന്ന പാലാണ് ഇഷ്ടം. അതാണ് നല്ലത്. അതിന് കാരണം ഇപ്പോഴാണ് മനസിലാവുന്നത്. അത് കട്ടി കൂടിയ പാലാണ് എന്നും ക്രിസ്റ്റൻ പറയുന്നു.
ഇന്ത്യയിൽ വന്ന് കുടുംബത്തോടൊപ്പവും അല്ലാതെയും താമസമാക്കുന്ന നിരവധി വിദേശികളുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടേയും മികച്ച റോഡുകളുടേയും, ഗതാഗതസംവിധാനങ്ങളുടെയും മറ്റും കാര്യത്തിൽ വിദേശരാജ്യങ്ങൾ ചിലപ്പോൽ മുൻപന്തിയിലാണെങ്കിലും ഇന്ത്യയിലെ സംസ്കാരത്തെയും ജീവിതരീതിയേയും ഒക്കെ ഇവിടെ വന്ന് താമസമാക്കിയവർ പലപ്പോഴും പുകഴ്ത്താറുണ്ട്. അതിൽ ഒരാളാണ് അമേരിക്കയിൽ നിന്നുള്ള ക്ലിസ്റ്റൺ ഫിഷർ.
ഇന്ത്യയിലെ ജീവിതവുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങൾ അവർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
അമേരിക്കയിൽ കിട്ടുന്ന പാലിനങ്ങളേയും പാലുത്പ്പന്നങ്ങളേയുംകാൾ താൻ ഇന്ത്യയിൽ കിട്ടുന്ന പാൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് ക്രിസ്റ്റൻ പറയുന്നത്. അമേരിക്കയിൽ ആളുകൾ കുറഞ്ഞ കൊഴുപ്പുള്ള പാലാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഫുൾ ക്രീമായിട്ടുള്ള പാലാണ് എന്നും അതാണ് മികച്ചത് എന്നുമാണ് ക്രിസ്റ്റൻ പറയുന്നത്.
ഇക്കാര്യത്തിൽ ഇന്ത്യ മുന്നിലാണ് എന്നും നല്ല ചായ കിട്ടുന്നത് ഇന്ത്യയിലാണ് എന്നുമാണ് ക്രിസ്റ്റൻ പറയുന്നത്. പാലിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്ന് നിങ്ങൾക്കറിയാമോ, ആഗോള പാൽ ഉൽപാദനത്തിന്റെ 25 ശതമാനത്തിലധികം ഇന്ത്യയുടേതാണ് എന്നും അവർ പറയുന്നു.
യുഎസ്സിൽ സ്കിംഡ് മിൽക്കിൽ പൂജ്യം ശതമാനമാണ് കൊഴുപ്പ്. അതുപോലെ ഒരു ശതമാനം, രണ്ട് ശതമാനം, മുഴുവനും എടുത്താൽ 3.5% കൊഴുപ്പ് എന്നിങ്ങനെയാണ് വരുന്നത്. എന്നാൽ, ഇതിനു വിപരീതമാണ് ഇന്ത്യയിലെ പാൽ. ഡബിൾ ടോൺഡ് മിൽക്കിൽ ഒരു ശതമാനം കൊഴുപ്പും ടോൺ ചെയ്ത പാലിൽ 3 ശതമാനം കൊഴുപ്പും, സ്റ്റാൻഡേർഡ് ചെയ്ത പാലിൽ ഏകദേശം 4.5 ശതമാനം കൊഴുപ്പും, ഫുൾ ക്രീം മിൽക്കിൽ 6 ശതമാനം വരെയുമാണ് കൊഴുപ്പ് എന്നും അവർ പറയുന്നു.
തനിക്ക് ഇന്ത്യയിൽ കിട്ടുന്ന പാലാണ് ഇഷ്ടം. അതാണ് നല്ലത്. അതിന് കാരണം ഇപ്പോഴാണ് മനസിലാവുന്നത്. അത് കട്ടി കൂടിയ പാലാണ് എന്നും ക്രിസ്റ്റൻ പറയുന്നു. നിരവധിപ്പേരാണ് ക്രിസ്റ്റൻ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ചായയെ കുറിച്ച് പുകഴ്ത്തിയവരും, പാലിന് ഓരോ രാജ്യത്തും ഇത്രയേറെ വ്യത്യാസമുണ്ട് എന്ന് ചിന്തിച്ചിരുന്നില്ല എന്ന് പറഞ്ഞവരും ഒക്കെ ക്രിസ്റ്റന്റെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയവരിൽ പെടുന്നു.


