സൂറത്തിൽ ഏഴാം നിലയിലെ അപ്പാർട്ട്മെന്‍റിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ പോലീസ് കോൺസ്റ്റബിൾ ശൈലേഷ് ചുദാസമ സാഹസികമായി രക്ഷപ്പെടുത്തി. കെട്ടിടത്തിന്‍റെ പുറത്തെ ഗ്രില്ലിലൂടെ വലിഞ്ഞ് കയറിയാണ് കോൺസ്റ്റബിൾ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഈ രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഉള്ളിൽ നിന്നും പൂട്ടിയ ഏഴാം നിലയിലെ അപ്പാർട്ട്മെന്‍റിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ സൂറത്തിലെ പോലീസ് കോൺസ്റ്റബിളിന് അഭിനന്ദന പ്രവാഹം. കോൺസ്റ്റബിൾ ശൈലേഷ് ചുദാസമ കെട്ടിടത്തിന്‍റെ പുറത്തെ ഗ്രില്ല് വഴി വലിഞ്ഞ് ഫ്ലാറ്റിലേക്ക് കയറി യുവാവിനെ സുരക്ഷിതനാക്കുകയായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയിലെത്തിച്ചു. അതിസാഹസികമായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയുള്ള കോൺസ്റ്റബിൾ ശൈലേഷ് ചുദാസമയുടെ രക്ഷാപ്രവർത്തനം ഏറെ അഭിനന്ദനം ഏറ്റുവാങ്ങി. സമൂഹ മാധ്യമങ്ങളിൽ സംഭവത്തിന്‍റെ വീഡിയോ വൈറലായി.
ഉള്ളിൽ നിന്നും പൂട്ടിയ അപ്പാർട്ട്മെന്‍റ്
ഏഴാം നിലയിൽ നിന്നും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയ സൂറത്തിലെ പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് പ്രദേശവാസികളുടെ മാത്രമല്ല, സമൂഹ മാധ്യമ ഉപയോക്താക്കളുടെ കൂടി ഹീറോയാണ്. സൂറത്തിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിലെ പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ട്മെന്‍റിനുള്ളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്‍റെ ജീവൻ രക്ഷിച്ചതിന് ശൈലേഷ് ചുദാസമയ്ക്ക് ഡിപ്പാർട്ട്മെന്‍റിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും അഭിനന്ദനം ലഭിച്ചു. ജൂൺ 8 -നായിരുന്നു സംഭവം. സൂറത്തിലെ ലസ്‌കാന പ്രദേശത്ത് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നെന്ന ഒരു യുവതിയുടെ ഫോൺ കോളിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവ് വിഷം കഴിച്ചെന്നും ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു യുവതി വിളിച്ച് അറിയിച്ചതെന്ന് പോലീസ് പറയുന്നു. പിന്നാലെ പോലീസും ആംബുലൻസിനൊപ്പം ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി.
സാഹസീക രക്ഷപ്പെടുത്തൽ
എന്നാൽ. അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മുറിക്ക് ഉള്ളിലുള്ളയാളെ രക്ഷിക്കാൻ പോലീസിന് മറ്റൊരു വഴി തേടേണ്ടിവന്നു. അങ്ങനെ തൊട്ടടുത്തുള്ള ഫ്ലാറ്റിന്‍റെ പുറത്ത് ഘടിപ്പിച്ചിരുന്ന ഗ്രില്ലിലൂടെ ശൈലേഷ് യുവാവ് ഉള്ള ഫ്ലാറ്റിലേക്ക് അതിസാഹസികമായി കയറി. അങ്ങനെ ഫ്ലാറ്റിനുള്ളിൽ നിന്നും വാതിൽ തുറന്ന് യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു. "വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. ഞങ്ങൾ അകത്ത് കടന്നപ്പോൾ അയാൾ വിഷം കഴിച്ചിരിക്കുകയായിരുന്നു. ഉടനെ ഞാൻ ബാക്കിയുണ്ടായിരുന്ന വിഷം അയാളുടെ കൈയിൽ നിന്നും പിടിച്ച് വാങ്ങി. പക്ഷേ അവൻ അതിനകം കുറച്ച് കഴിച്ച്, ഛർദ്ദിച്ചു തുടങ്ങിയിരുന്നു," ശൈലേഷ് പറയുന്നു. പിന്നാലെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയും ജീവൻ അപകടനില തരണം ചെയ്യുകയും ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ച യുവാവ് സൂറത്തിലെ വജ്രം മുറിക്കൽ മേഖലയിൽ ജോലി ചെയ്യുന്നയാളായിരുന്നു. പോലീസിന്‍റെ സമയോചിതമായ ഇടപെടൽ കാരണം അയാളുടെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പിന്നാലെ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


