രാജസ്ഥാനിലെ ആൽവാറിൽ ഒരു കൂട്ടം യുവാക്കൾ സെൽഫിയെടുക്കുന്നതിനായി തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന മുതലയുടെ വാലിൽ പിടിച്ച് വലിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ യുവാക്കൾക്കെതിരെ രൂക്ഷമായ വിമർശനമുയർന്നു. 

ന്യജീവികൾ എപ്പോൾ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ കഴിയില്ല. അവയെ ഉപദ്രവിക്കാതെ വിടുകയാണ് മനുഷ്യന് അവയോട് ചെയ്യാൻ കഴിയുന്ന ഏക കാര്യവും. അതേസമയം തങ്ങളുടെ ചെറിയ ചില ആനന്ദങ്ങൾക്ക് വേണ്ടി വന്യജീവികളെ പോലും വെറുതെ വിടാൻ മനുഷ്യന്‍ തയ്യാറല്ലെന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാജസ്ഥാനിലെ ആൽവാറിലെ സിലിസേർ തടാകത്തിന് സമീപം നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയായിരുന്നു അത്. തടാകത്തിന് സമീപത്ത് വെയിൽ കായുകയായിരുന്ന ഒരു മുതലയുടെ വാലിൽ പിടിച്ച് വലിച്ച് യവാക്കൾ റീൽസെടുക്കാൻ ശ്രമിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

മുതലയ്ക്ക് പോലും സ്വൈര്യമില്ല

അഞ്ചോ ആറോ യുവാക്കളുടെ സംഘമായിരുന്നു അത്. അതില്‍ മൂന്ന് യുവാക്കളാണ് മുതലയോടൊത്ത് സെൽഫിക്കായി ശ്രമിച്ചത്. ഒരാൾ അല്പം മാറിനിന്നപ്പോൾ മറ്റൊരാൾ മുതലയുടെ വാലിൽ പിടിച്ച് വലിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. ഇതിനിടെ മറ്റൊരു യുവാവ് ഓടി നടന്ന് മുതലയോടൊപ്പമുള്ള സെൽഫിക്കായി ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഭയത്തോടെയാണെങ്കിലും മൂന്നാല് തവണ മുതലയുടെ വാലിൽ പിടിക്കാൻ ഇയാൾ ശ്രമിക്കുന്നു. ഒടുവിൽ അയാൾ മുതലയുടെ വാലിൽ പിടിച്ച് വലിക്കുന്നു. ഇതോടെ മുതല തടാകത്തിലേക്ക് തന്നെ മടങ്ങുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

അസ്വസ്ഥതയോടെ നെറ്റിസെന്‍സ്

യുവാക്കളുടെ സെൽഫി ശ്രമത്തിനോട് അതിരൂക്ഷമായ ഭാഷയിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചത്. വന്യമൃഗങ്ങളുമായുള്ള ഇത്തരം ഇടപെടലുകൾ തടയാൻ ക‍ർശനമായ നടപടിയെടുക്കാനും ശക്തമായ മുന്നറിയിപ്പുകൾ നൽകാനും നിരവധി പേരെഴുതി. യുവാക്കളെ കണ്ടെത്തി അവ‍ർക്കെതിരെ നടപടിയെടുക്കണെന്ന് ചിലര്‍ ആവശ്യപ്പെട്ടു. മറ്റ് ചിലർ മുതലയുടെ വാല് കൊണ്ടുള്ള പ്രഹരത്തിന്‍റെ ചൂട് അവർക്ക് അറിയില്ലായിരിക്കുമെന്നായിരുന്നു കുറിച്ചത്.