അമ്മയുടെ ഫോണ്‍ കോൾ എത്തിയപ്പോൾ ആദ്യം ഡ്രൈവറൊന്ന് പകച്ചു. പിന്നാലെ കാറിലുള്ളയാളോട് ചോദിച്ചു, 'ഇത് നിങ്ങളുടെ മകനല്ലേ?'.


ങ്കീർണ്ണമായ ജീവിതത്തിനിടെയില്‍ പലപ്പോഴും നമ്മൾ പലതും മറന്ന് പോകുന്നു. തൊട്ട് അടുത്ത നിമിഷം എന്താണ് നടന്നതെന്ന് പോലും ഓർത്തെടുക്കുന്നതില്‍ നമ്മളില്‍ പലരും പരാജയപ്പെടുന്നു. ഓ‍ർമ്മകൾ നഷ്ടപ്പെടുന്നവെന്ന പരാതിയുമായി ആശുപത്രിയിലെത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധനവുണ്ടെന്നാണ് പുറത്ത് വരുന്നവരുടെ റിപ്പോര്‍ട്ട്. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടതും വളരെ വേഗം വൈറലാവുകയും ചെയ്തത്. 

ഒരു യൂബ‍ർ കാറില്‍ രണ്ട് വയസുകാരനെ മറന്ന് പോയ അമ്മ, കാർ ഡ്രൈവറെ വിളിച്ച് തന്‍റെ മകന്‍ കാറിലുണ്ടോയെന്ന് അന്വേഷിക്കുന്ന കാറിനുള്ളില്‍ നിന്നുള്ള സിസിടിവി വീഡിയോയായിരുന്നു അത്. കാറിനുള്ളിലേക്ക് കയറി ഇരിക്കുന്ന ഒരാൾ ഒരു കുട്ടിയെ സീറ്റിലേക്ക് മാറ്റിയിരുത്തുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അല്പ സമയത്തിന് ശേഷം. യൂബർ ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ കോൾ വരുന്നു. അദ്ദേഹം ഫോണ്‍ അറ്റന്‍റ് ചെയ്യുമ്പോൾ അങ്ങേ തലയ്ക്കല്‍ നിന്നും നിങ്ങൾ യൂബര്‍ ഡ്രൈവറല്ലേ, എന്‍റെ രണ്ട് വയസുകാരനായ മകന്‍ കാറിലുണ്ടോയെന്ന് ഒരു സ്ത്രീ ശബ്ദം ചോദിക്കുന്നത് കേൾക്കാം. ഈ നിമിഷം കാറിന് പുറകിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നിങ്ങളുടെ കുട്ടിയല്ലേയെന്ന് ഡ്രൈവര്‍ യാത്രക്കാരനോട് ചോദിക്കുന്നു. അദ്ദേഹം അല്ലെന്നും നിങ്ങളുടെ കുട്ടിയാണെന്ന് കരുതിയെന്നും ഡ്രൈവറോട് പറയുന്നതും വീഡിയോയില്‍ കേൾക്കാം. 

View post on Instagram

സന്തോഷത്തോടെ ചിരിച്ച് കൊണ്ട് കുട്ടി കാറിലുണ്ടെന്നും ഞങ്ങൾ വീട്ടിലേക്ക് വരാമെന്നും കാര്‍ ഡ്രൈവ‍ർ പറയുന്നതും കാറില്‍ മറന്ന് വച്ച മകനെ കണ്ടെത്തിയതിലുള്ള ആശ്വസത്തോടെ സ്ത്രീ ദീര്‍ഘനിശ്വാസം ചെയ്യുന്നതും വീഡിയോയില്‍ കേൾക്കാം. ഈ സമയമത്രയും അമ്മ തന്നെ മറന്ന് പോയത് അറിയാതെ കാറിനെ യാത്രക്കാരനൊപ്പവും ഡ്രൈവര്‍ക്കൊപ്പവും തന്‍റെ വികൃതികളില്‍ മുഴുകിയിരിക്കുകയായിരുന്നു കുട്ടി. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ സമ്മിശ്രവികാരങ്ങൾ സൃഷ്ടിച്ചു. നിരവധി പേര്‍ യൂബര്‍ ഡ്രൈവറെ പുകഴ്ത്തി. ചിലര്‍ അമ്മയുടെ നിരുത്തരവാദ പെരുമാറ്റത്തെ വിമര്‍ശിച്ചു. കുട്ടിയുടെ അമ്മയേക്കാൾ ആ രണ്ട് അജ്ഞാതരായ മനുഷ്യരുമായി കുട്ടി പെട്ടെന്ന് കൂട്ടായിയെന്ന് മറ്റൊരാളെഴുതി. മകനെ കാണാതെ പോയിട്ടും അമ്മയുടെ ശബ്ദത്തിന് ഒരു ഇടര്‍ച്ചയുമില്ലെന്ന് മറ്റൊരാൾ എഴുതി. അതേസമയം സംഭവം എവിടെ നിന്നുള്ളതാണെന്നോ എപ്പോഴത്തേതാണെന്നോ ഉള്ള വിവരങ്ങൾ വീഡിയോയില്‍ ഇല്ല.