ഹോട്ടൽ ബിരിയാണിയിൽ നിന്നും ലഭിച്ചത് സിഗരറ്റ് കുറ്റി; അല്ലെങ്കിലും വീട്ടിലെ ഭക്ഷണമാണ് നല്ലതെന്ന് സോഷ്യൽ മീഡിയ
ഹൈദരാബാദിലെ പ്രശസ്തമായ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ നിന്നാണ് ഉപയോഗ ശേഷം ഉപേക്ഷിച്ച നിലയില്‍ ഒരു സിഗരറ്റ് കുറ്റി കണ്ടെത്തിയത്.
റെസ്റ്റോറന്‍റുകളിൽ നിന്നുള്ള ഭക്ഷണത്തില്‍ നിന്ന് പലപ്പോഴും പുഴക്കളും പാറ്റയും പല്ലിയും ലഭിച്ചതായുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നും ലഭിച്ചത് സിഗരറ്റ് കുറ്റി. ഹൈദരാബാദിലെ ആർടിസി എക്സ് റോഡിലെ പ്രശസ്തമായ ബവാർച്ചി ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കാന്‍ കയറിയ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കാണ് ഭക്ഷണത്തില്‍ നിന്നും സിഗരറ്റ് കുറ്റി ലഭിച്ചത്. സുഹൃത്തുക്കളെല്ലാവരും ബിരിയാണിയായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഇതില്‍ ഒരാളുടെ പ്ലേറ്റിലാണ് ഉപയോഗിച്ച് ഉപേക്ഷിച്ച നിലയില്‍ ഒരു സിഗരറ്റ് കുറ്റി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
"ബവാർച്ചി ബിരിയാണിയിലെ സിഗരറ്റ് കുറ്റികൾ" എന്ന അടിക്കുറിപ്പോടെ, വിനീത് കെ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഭക്ഷണ പാത്രത്തില്‍ സിഗരറ്റ് കണ്ടെത്തിയതിന് പിന്നാലെ ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ഒരാള്‍ വീഡിയോയിലേക്ക് സിഗരറ്റ് കുറ്റിയുള്ള പ്ലേറ്റ് ഉയര്‍ത്തിക്കാട്ടുന്നത് കാണാം. അതേസമയം സൽമാൻ മൻസൂരിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരില്‍ മിക്കവരും അസ്വസ്ഥരായ യുവാക്കളെ അനുനയിപ്പിക്കാനായി മേശയ്ക്ക് ചുറ്റും ഒത്തുകൂടിയതും കാണാം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പാചകക്കാര്‍ സിഗരറ്റ് വലിച്ച് കുറ്റി കളഞ്ഞതാകാമെന്ന് യുവാക്കളിലൊരാൾ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതേസമയം ഈ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ സൂചനയില്ല.
വിമാനയാത്രയ്ക്കിടെ സീറ്റ് ചവിട്ടിപ്പൊളിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍
'ഓടുന്ന ട്രെയിനിന് മുകളില്‍, എതിര്‍വശത്തേക്ക് ഓടുന്ന യുവതി'; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പങ്കുവയ്ക്കപ്പെട്ടു. നിരവധി പേര്‍ ഹോട്ടല്‍ ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയെ കുറിച്ചും അത് ഒഴിവാക്കുന്നതിനെ കുറിച്ചും വീടുകളില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിനെ കുറിച്ചും കുറിപ്പുകളെഴുതി. 'നല്ല ഭക്ഷണം ലഭിക്കാന്‍ ഞാന്‍ ഒരു പാചകക്കാരനെ നിർത്തി. പ്രതിമാസം 5000 രൂപ.' ഒരു കാഴ്ചക്കാരനെഴുതി. ബവാർച്ചി ബട്ട്സ് ബിരിയാണിക്ക് കൂടുതല്‍ സ്വാദുണ്ടോയെന്ന് കളിയാക്കിയവരും കുറവല്ല. ഈ ആഴ്ചയില്‍ തന്നെ ഹൈദരാബാദിലെ ലക്കികാപുല്‍ പ്രദേശത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച മൂന്ന് റെസ്റ്റോറന്‍റുകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഈ റെസ്റ്റോറന്‍റുകളുടെ അടുക്കളകൾ വൃത്തിഹീനമായിരുന്നെന്നും ഇവിടെ നിന്ന് എലികൾ, പാറ്റകൾ, ഭക്ഷണാവശിഷ്ടങ്ങള്‍, പഴകിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവ കണ്ടെത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.