ഇന്ത്യന്‍ വിപണിയില്‍ മുക്കാല്‍ കോടി രൂപയാണ് ഫോഡിന്‍റെ മസ്താങ് എന്ന കാറിന്‍റെ വില. ആ കാറില്‍ ആദ്യമായി കയറിയ തെരുവ് കുട്ടികളുടെ സന്തോഷം കണ്ട് ആഹ്ളാദിച്ച് സോഷ്യല്‍ മീഡിയ.
ഒരു ദിവസത്തില്‍ തെരുവില്‍ അലഞ്ഞ് തിരിയുന്ന കുട്ടികളെ നിരവധി കുട്ടികളെ നമ്മൾ കാണാറുണ്ട്. മറ്റെല്ലാ കാഴ്ചയും പോലെ അതും അല്പം നിമിഷത്തിനുള്ളിൽ നമ്മുടെ കണ്ണില്‍ നിന്നും മായും. എന്നാല്‍, അവരുടെ സന്തോഷം നിറഞ്ഞ മുഖം ഒരിക്കലും നമ്മുക്ക് മറക്കാന്‍ പറ്റില്ല. അതിനായി നമ്മൾ ഓരോരുത്തരും എന്ത് ചെയ്തെന്ന ചോദ്യം നമ്മളെ വ്യക്തിപരമായി അസ്വസ്ഥമാക്കിയാലും ഇല്ലെങ്കിലും. എന്നാല്‍, വീഡിയോ ക്രീയേറ്ററായ അനൂപ് ചാച്ചല്‍, തെരുവില്‍ അലഞ്ഞ് തിരിയുന്ന കുട്ടികളുടെ മുഖത്ത് സന്തോഷം വിരിയിച്ചപ്പോൾ അതിനെ അകമഴിഞ്ഞ് അഭിനന്ദിക്കാന്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കമെത്തി. 25 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
വീഡിയോയുടെ തുടക്കത്തില്‍ ചളി പിടിച്ച വസ്ത്രങ്ങൾ ധരിച്ച മൂന്നാല് കുട്ടികൾ, ഇന്ത്യന്‍ വിപണിയില്‍ ഏതാണ്ട് മുക്കാല്‍ കോടിയോളം വില വരുന്ന ഫോഡിന്‍റെ മസ്താങ് കാറ്‍ നോക്കി നില്‍ക്കുന്നത് കാണാം. ഒരാൾ വന്ന് വാഹനത്തില്‍ കയറണോയെന്ന് ചോദിക്കുന്നു. അവിശ്വസനീയമെങ്കിലും കുട്ടികൾ ചിരിച്ച് കൊണ്ട് വേണമെന്ന് മറുപടി പറയുന്നു. പിന്നാലെ ആ കാറിന്‍റെ വാതിലുകൾ അവര്‍ക്ക് വേണ്ടി തുറക്കപ്പെട്ടു. അവര്‍ നാല് പേരും മുന്നിലും പിന്നിലുമായി കാറിലേക്ക് കയറി. കുട്ടികൾ ആദ്യമായി വിലകൂടിയ ഒരു കാറില്‍ കയറിയ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാം. പിന്നാലെ ഒരു റൗണ്ട് അടിച്ച് കാര്‍ യഥാസ്ഥാനത്ത് വന്ന് നില്‍ക്കുന്നു. കാറില്‍ നിന്നും ഇറങ്ങി, തങ്ങളുടെ പ്ലാസ്റ്റിക് ചാക്കുകളും തൂക്കി കുട്ടികൾ ആക്രി പെറുക്കാനായി പോകുന്ന ദൃശ്യത്തില്‍ വീഡിയോ അവസാനിക്കുന്നു.
കാറിനുള്ളില്‍ വച്ച് കുട്ടികളുടെ സന്തോഷവും നിഷ്ക്കളങ്കമായ ചിരിയും കാഴ്ചക്കാരുടെ ഹൃദയത്തിലാണ് തറച്ചത്. നിരവധി പേര്‍ അനൂപ് ചാച്ചലിനെ പ്രശംസിച്ചു. കുട്ടികളുടെ മുഖത്ത് അല്പനേരത്തെങ്കിലും സന്തോഷം എത്തിക്കാന്‍ കഴിഞ്ഞതില്‍ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചത്. സ്വർണത്തിന്‍റെ ഹൃദയമുള്ളയാൾ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വിശേഷിപ്പിച്ചത്. സ്വന്തം സന്തോഷം കണ്ടെത്തുന്നതും മറ്റൊരാൾക്ക് സന്തോഷം നൽകുന്നതും രണ്ടാണെന്ന് ചിലരെഴുതി.


