ഹൈദരാബാദ് ഔട്ടർ റിങ് റോഡിൽ തെറ്റായ ദിശയിൽ വന്ന ലോറിക്ക് മുന്നിൽ നിന്ന് കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിലെ ഡാഷ്‌ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ലോറി ഡ്രൈവർക്കെതിരെ പൊലീസ് നടപടിയെടുത്തു.

റോഡുകൾ നാൾക്കുനാൾ വികസിക്കുകയാണ്. എന്നാൽ, റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ ഓരോരുത്തരും പിന്നോട്ടാണോയെന്ന് തോന്നിപ്പോകും ചില ഡാഷ്കാം വീഡിയോകൾ കണ്ടാൽ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അതിവേഗ പാതകളിൽ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തി. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽ കാറോടിച്ച് പോകുകയായിരുന്ന പ്രൊഫസർ സരിത് ചന്ദയാണ് എതിർദിശയിൽ പാഞ്ഞെത്തിയ റെഡി-മിക്സ് കോൺക്രീറ്റ് ലോറിയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കാറിൽ സ്ഥാപിച്ചിരുന്ന ഡാഷ്‌ക്യാമിൽ മുഴുവൻ സംഭവവും പതിഞ്ഞതോടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

വൺവേ തെറ്റിച്ച ലോറി

ഷംഷാബാദ് എൻട്രി വഴി ഔട്ടർ റിങ് റോഡിലേക്ക് പ്രവേശിച്ച ശേഷം ഒരു വളവ് പിന്നിടുന്നതിനിടെയാണ് അപകടകരമായ സാഹചര്യമുണ്ടായത്. ഒരു ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർവശത്ത് നിന്ന് മറ്റൊരു ലോറി പെട്ടെന്ന് കയറി വന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വാഹനം നിയന്ത്രിച്ച് വെട്ടിച്ചുമാറ്റാൻ കഴിഞ്ഞത് കൊണ്ട് മാത്രം ഒരു കൂട്ടിയിടി ഒഴിവായി. ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ വലിയ ദുരന്തം ഒഴിവാക്കിയതായി വീഡിയോയിലും വ്യക്തം.

Scroll to load tweet…

സംഭവത്തിന്‍റെ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവെച്ച് കൊണ്ട് ദൈവ സഹായത്താലാണ് രക്ഷപ്പെട്ടതെന്നും തെറ്റായ ദിശയിൽ വാഹനമോടിച്ച ലോറി ഡ്രൈവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. വീഡിയോയിൽ കാണുന്നതിനെക്കാൾ വളരെ കുറഞ്ഞ വേഗത്തിലാണ് താൻ യഥാർത്ഥത്തിൽ വാഹനമോടിച്ചിരുന്നതെന്നും, അപ്‌ലോഡ് ചെയ്യുന്നതിനായി ദൃശ്യത്തിന്‍റെ വേഗം വർധിപ്പിച്ചിരുന്നെന്നും പിന്നീട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒടുവിൽ നടപടി

വീഡിയോ വൈറലായതോടെ നിരവധി പേർ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികൾ വേണമെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം നിയമലംഘനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും വേണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഔട്ടർ റിങ് റോഡുപോലുള്ള നിയന്ത്രിത പാതയിൽ ഒരു ലോറി എങ്ങനെ തെറ്റായ ദിശയിൽ പ്രവേശിച്ചെന്നും നിരീക്ഷണ സംവിധാനങ്ങൾ അത് എന്തു കൊണ്ട് കണ്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യമുയർന്നു. വീഡിയോ വൈറലായതോടെ സൈബറാബാദ് ട്രാഫിക് പൊലീസ് പ്രൊഫസറുടെ പരാതിക്ക് മറുപടി നൽകി. അവർ കൃത്യമായ സ്ഥല വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോറി ഡ്രൈവറെ കണ്ടെത്തിയതായും നിയമനടപടികൾ ആരംഭിച്ചെന്നും ഹൈദരാബാദ് ട്രാഫിക് പൊലീസ് അറിയിച്ചു.