ഒരു കനേഡിയൻ സഞ്ചാരി ഇന്ത്യൻ സ്ലീപ്പർ ബസിലെ തന്‍റെ മികച്ച യാത്രാനുഭവം പങ്കുവെക്കുന്നു. യൂറോപ്യൻ ബസുകളേക്കാൾ മികച്ച സൗകര്യങ്ങളാണ് ഇന്ത്യൻ ബസുകളിലുള്ളതെന്നും കുറഞ്ഞ ചിലവിൽ ഗംഭീരമായ യാത്രയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ന്ത്യയിലൂടെ യാത്ര ചെയ്യുന്ന വിദേശ സഞ്ചാരികൾ പൊതുവേ ഇവിടുത്തെ യാത്ര സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടാറുണ്ട്. എന്നാൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഒരു കനേഡിയൻ സഞ്ചാരിക്ക് പറയാനുള്ളത്. ഇന്ത്യൻ സ്ലീപ്പർ ബസുകളിലെ സൗകര്യത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയതായിരുന്നു അദ്ദേഹം. യൂറോപ്യൻ ബസുകളേക്കാൾ മികച്ചതാണ് ഇന്ത്യൻ സ്ലീപ്പർ ബസുകളെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ.

ഇന്ത്യൻ സ്ലീപ്പർ ബസ്

സുഹൃത്തുക്കളോടൊപ്പം ഇന്ത്യയിലൂടെ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിൻ കൊൽക്കത്തയിൽ വെച്ച് ഒരു സ്ലീപ്പർ ബസിൽ യാത്ര ചെയ്ത അനുഭവമാണ് പങ്കുവെച്ചത്. ദൃശ്യങ്ങളിൽ അദ്ദേഹം സ്ലീപ്പർ ബസിന്‍റെ ഉൾഭാഗം കാണിക്കുന്നുണ്ട്. വലിയ കിടക്ക, തികച്ചും സൗജന്യമായി ലഭിച്ച പലഹാരങ്ങൾ, ഒരു വാട്ടർ ബോട്ടിൽ, പുതപ്പ് എന്നിവയെല്ലാം വീഡിയോയിൽ പകർത്തുന്നു. യൂറോപ്പിലെ ദീർഘദൂര ബസുകളിൽ ഇത്തരം സൗകര്യങ്ങൾ തനിക്ക് അപൂർവ്വമായി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ജസ്റ്റിൻ തുറന്നു സമ്മതിക്കുന്നു. യൂറോപ്യൻ ബസുകൾ ഇന്ത്യൻ സ്ലീപ്പർ ബസുകളുടെ അടുത്തെങ്ങും വരില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തിൽ. എന്തായാലും തന്‍റെ യാത്രയെ "ഗംഭീരം" എന്നാണ് ജസ്റ്റിൻ വിശേഷിപ്പിച്ചത്.

View post on Instagram

കയറണം ഒരു വട്ടമെങ്കിലും

രാത്രിയിൽ ബസിൽ കയറുക, സുഖമായി ഉറങ്ങുക, അടുത്ത ദിവസം രാവിലെ ലക്ഷ്യ സ്ഥാനത്ത് ഉന്മേഷത്തോടെ ഉണരുക. ഈ യാത്രയിലെ ലാളിത്യമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് ജസ്റ്റിൻ വിശദീകരിക്കുന്നു. ഇന്ത്യ സന്ദർശിക്കുന്ന വിദേശ സഞ്ചാരികളോട് സ്ലീപ്പർ ബസുകളിൽ യാത്ര ചെയ്യാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 15 ഡോളർ അതായത് ഏകദേശം 1,200 രൂപ മാത്രമേ തനിക്ക് ടിക്കറ്റ് നിരക്കിന് ചെലവായൊള്ളൂവെന്നും ഇത്രയും സൗകര്യപ്രദമായ യാത്രയ്ക്ക് അത് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റിന്‍റെ പോസ്റ്റ് ഒരു മില്യണിലധികം കാഴ്ചക്കാരാണ് കണ്ടത്. നല്ലത് തുറന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ നല്ല മനസ്സിനെ നിരവധി പേർ അഭിനന്ദിച്ചു.