ഹോങ്കോങ്ങിലെ വാങ് ഫുക് കോടതി ഭവന സമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 94 പേർ മരിച്ചു. നിർമ്മാണ തൊഴിലാളികൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ അതിവേഗം പടരുന്നതിന്‍റെ ടൈംലാപ്സ് വീഡിയോ ഇതിനിടെ വൈറലായി.

ഹോങ്കോങ്ങിലെ തായ് പോയിലെ 4,600-ലധികം ആളുകൾ താമസിക്കുന്ന വാങ് ഫുക് കോടതി ഭവന സമുച്ചയത്തിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ അവസാനിച്ചു. മരണ സംഖ്യ 94 ആയതോടെ നഗരത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ദുരന്തം മാറി. ലോകത്തെ തന്നെ ഞെട്ടിച്ച ആ ദുരന്തത്തിന്‍റെ തുടക്കം ഏങ്ങനെയായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നൂറ് കണക്കിന് പേരെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രികളിലേക്ക് മാറ്റി.

അശ്രദ്ധയോ?

നഗര ഹൃദയത്തിലെ എട്ട് ടവറുകളിലേക്ക് തീ പടർന്നത് കെട്ടിട നവീകരണത്തിനെത്തിയ തൊഴിലാളികളുടെ അശ്രദ്ധമൂലമാണെന്ന് ഇതിനിടെ റിപ്പോര്‍ട്ടുകൾ പുറത്ത് വന്ന് തുടങ്ങി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കെട്ടിട സമുച്ചയത്തിലേക്ക് തീ പടരുമ്പോൾ മുള സ്കാർഫോൾഡിംഗും പച്ച മെഷും കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കെട്ടിടം നിന്നിരുന്നത്. അറ്റകുറ്റപ്പണികൾക്കിടെ ഉപയോഗിച്ച തീപിടിക്കുന്ന വസ്തുക്കൾ കാരണം തീ വേഗത്തിൽ പടർന്നിരിക്കാമെന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നരഹത്യയാണെന്ന ആരോപിച്ച് നിർമ്മാണ കമ്പനിയിലെ മൂന്ന് മുതിർന്ന ജീവനക്കാരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു.

View post on Instagram

Scroll to load tweet…

കെടുത്താത്ത സിഗരറ്റ് കുറ്റി?

അതേസമയം സ്റ്റൈറോഫോം ഷീറ്റുകൾ പോലുള്ള സുരക്ഷിതമല്ലാത്ത വസ്തുക്കൾ തീ ഇത്ര വേഗത്തിൽ പടരാൻ സഹായിച്ചെന്ന സംശയത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തകർ ഇപ്പോഴും ടവറിന്‍റെ വിവിധ പ്രദേശങ്ങളില്‍ ആരെങ്കിലും കുടിങ്ങിക്കിടപ്പുണ്ടോയെന്ന അന്വേഷണത്തിലാണ്. ശക്തമായ കാറ്റും നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുരക്ഷിതമല്ലാത്ത വസ്തുക്കളുടെ ഉപയോഗവും കാരണം തീ വളരെ വേഗത്തിൽ പടർന്നതായി ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ചില വീഡിയോകളിൽ അറ്റകുറ്റ പണികൾക്കായി ഉപയോഗിച്ച ഉണങ്ങിയ മുളകൾക്കും പ്ലാസ്റ്റിക്ക് മെഷിനും ഇടയിലിരുന്ന് നിർമ്മാണ തൊഴിലാളികൾ തീ കെടുത്താത്ത സിഗരറ്റ് കുറ്റികൾ വലിച്ചെറിഞ്ഞത് മൂലമാണ് തീ പടർന്നതെന്ന് ആരോപിക്കുന്നു.

അതേസമയം വൈറലായൊരു വീഡിയോയില്‍ താഴെ നിന്നും പച്ച മെഷിലേക്ക് പടർന്ന തീ മുളക്കൂട്ടത്തിന് പിടിക്കുകയും കത്തിപ്പടരുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ആളുകൾ കെട്ടിടത്തിലുള്ളവരോട് രക്ഷപ്പെടാന്‍ ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ദൃശ്യങ്ങളില്‍ നോക്കി നിൽക്കെ താഴെ നിന്നും മുകൾ നിലയിലേക്ക് തീ ആളിപ്പടരുന്നു. നിമിഷങ്ങൾ കൊണ്ട് താഴെ നിന്നും മുകൾ നിലയിലേക്ക് വരെ തീ പടരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തം.