ഗുജറാത്തിലെ രാജ്കോട്ടിൽ ലിഫ്റ്റിന് കാത്തുനിന്ന യുവതിയുടെ നേരെ വളർത്തുനായ ചാടിവീണു. ഇത് ചോദ്യം ചെയ്തതിന് നായയുടെ ഉടമയായ മറ്റൊരു സ്ത്രീ യുവതിയുടെ മുഖത്തടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്നും കാഴ്ചക്കാരെ ഞെട്ടിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കോത്താരിയ ഏരിയയിലെ റോളാക്സ് റോഡിലെ സുരഭി പോസിബിൾ ഫ്ലാറ്റില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വളർത്തു നായ ഒരു യുവതിയുടെ നേരെ ചാടിവീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത് യുവതി ചോദ്യം ചെയ്തപ്പോൾ, അവരെ സമാധാനിപ്പിക്കുന്നതിന് പകരം നായയുടെ ഉടമ യുവതിയുടെ മുഖത്തടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സിസിടിവി ദൃശ്യം

പുരുഷന്മാരുടെ അവകാശ സംരക്ഷണ സംഘടനയായ NCM India Council for Men Affairs (@NCMIndiaa) -ന്‍റെ എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കിരൺ വഗേല എന്ന താമസക്കാരി സുരഭി പോസിബിൾ ഫ്ലാറ്റില്‍ ലിഫ്റ്റിനായി കാത്ത് നിൽക്കുന്നു. ഈ സമയം പടികൾ കയറിവന്ന് യുവാവിന്‍റെ കൂടെയുണ്ടായിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായ ഇവരുടെ അടുത്തേക്ക് ചാടി ശരീരത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ആദ്യം യുവതി ഭയന്നെങ്കിലും പെട്ടെന്ന് തന്നെ യുവാവ് നായയെ നിയന്ത്രണത്തിലാക്കുന്നു. 

Scroll to load tweet…

ഈ സമയം സമീപത്തുണ്ടായിരുന്ന നായയെ നിയന്ത്രിച്ചിരുന്ന യുവാവിനൊപ്പമുണ്ടായിരുന്ന അതിന്‍റെ ഉടമയായ പായൽ ഗോസ്വാമിയോട് കിരണ്‍ കൈ ചൂണ്ടി എന്തോ സംസാരിക്കുന്നത് കാണാം. തൊട്ടടുത്ത നിമിഷം ഈ സ്ത്രീ കിരണിന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നു. പെട്ടെന്ന് തന്നെ കിരണ്‍ അവിടെ നിന്നും പോകുന്നതും വീഡിയോയില്‍ കാണാം.

നടപടി വേണമെന്ന് ആവശ്യം

പുരുഷന്മാരുടെ അവകാശ സംഘടന രാജ്കോട്ട് സിറ്റി പോലീസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പായൽ ഗോസ്വാമിയുടെ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. അവര്‍ നായയുടെ ഉടമയായ പായലിനെതിരെ ശക്തമായ നടപടി ആവശ്യമുയർത്തി. സ്വന്തം നായ ഒരാളെ അക്രമിക്കുമ്പോൾ അതിന് ക്ഷമാപണം നടത്തുന്നതിന് പകരം അവരെ മ‍ർദ്ദിക്കുന്ന സ്ത്രീക്കെതിരെ കർശനമായ നടപടി വേണമെന്ന് നിരവധി പേരാണ് എഴുതിയത്.