46 വർഷമായി ഒരു വീട്ടിൽ പാചകക്കാരനായി ജോലി ചെയ്യുന്ന റാംജി ബാബയുടെ 70-ാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവിതത്തിൽ ആദ്യമായാണ് അദ്ദേഹം തന്‍റെ പിറന്നാൾ ആഘോഷിക്കുന്നത്.

ഹൃദയത്തിൽ തൊടുന്ന കാര്യങ്ങൾക്ക് താരപ്പൊലിമ ആവശ്യമില്ല, ആർഭാടമോ ആഡംബരമോ ആവശ്യമില്ല. ഏറ്റവും ലളിതമായ പല കാര്യങ്ങളും മനുഷ്യരുടെ മനസിൽ കാലങ്ങളോളം മായാതെ കിടക്കും. അതിനെ മറികടക്കാൻ ഒരു പണത്തൂക്കത്തിനും സാധ്യമല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീട്ടിലെ പാചകക്കാരനായ റാംജി ബാബയുടെ 70 -ാം പിറന്നാളാഘോഷത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയത്.

റാംജി ബാബ എന്ന പാചകക്കാരൻ

റാംജി ബാബ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 46 വർഷമായി ഒരു വീടിന്‍റെ അടുക്കള സമ്പന്നമാക്കിയ ഷെഫാണ് റാംജി ബാബ. അദ്ദേഹത്തിന് 70 വയസായിരിക്കുന്നു. ജീവിത കാലത്ത് ഒരിക്കൽ പോലും അദ്ദേഹം തന്‍റെ ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ, അദ്ദേഹത്തെ ഇത്രയും സന്തോഷത്തോടെ കാണുന്ന് ആദ്യമായിട്ടാണെന്ന് പറയുന്നു. 

View post on Instagram

ലജ്ജയും സന്തോഷവും നിറഞ്ഞ ആ മുഖത്ത് വിരിയുന്ന ചെറു പുഞ്ചിരി ഏതൊരു കാഴ്ചക്കാരൻറെയും ഹൃദയം കീഴടക്കും. കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തിനായി ജന്മദിന ഗാനം ചൊല്ലുന്നു. "റാംജി ബാബയെ പരിചയപ്പെടാം. വളരെ എളിമയുള്ള, ലളിതനായ, അത്ഭുതകരമായ ഒരു പാചകക്കാരൻ. അടുത്തിടെ, അദ്ദേഹത്തിന് 70 വയസ്സ് തികഞ്ഞു, പക്ഷേ, പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നതിന് ഒരു ഉദാഹരണമായി അദ്ദേഹം തെളിയിക്കപ്പെടുന്നു!" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ജന്മദിനാശംസ

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. ഒരേ സ്ഥലത്ത് 40 വർഷം ജോലി ചെയ്യുന്നത് ശ്രീ റാംജി ബാബയുടെ സമർപ്പണമാണ്. നിങ്ങളും നിങ്ങളുടെ കുടുംബവും 4 പതിറ്റാണ്ടുകളായി അദ്ദേഹത്തോട് എങ്ങനെ നന്നായി പെരുമാറി എന്നതിനെക്കുറിച്ചും ഇത് ധാരാളം പറയുന്നുവെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. 30 സെക്കൻഡ് റീലിൽ തന്നെ അദ്ദേഹത്തിന്‍റെ നിഷ്കളങ്കതയും ഊഷ്മളതയും എനിക്ക് അനുഭവിക്കാൻ കഴിയുമെന്നായിരുന്നു മറ്റൊരു കുറിപ്പ്.