അന്താരാഷ്ട്രാ വിമാനത്താവളത്തിന് മുന്നില്‍ വച്ച് പരസ്പരം തല്ലുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കാര്‍ ഡ്രൈവര്‍മാരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

മുംബൈ ഇന്‍റര്‍നാഷണല്‍ എയർപോട്ട് അസാധാരണമായ ഒന്നിന് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. എയർപോർട്ടില്‍ കാറ് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം സെക്യൂരിറ്റി ഉദ്യോഗസ്ഥരും ക്യാബ് ഡ്രൈവര്‍മാരും തമ്മിലുള്ള കൂട്ടത്തല്ലിലാണ് കലാശിച്ചത്. മുംബൈ എയര്‍പോർട്ടിന്‍റെ സുരക്ഷാ ചുമതലയുള്ള ക്രിസ്റ്റൽ സെക്യൂരിറ്റി സ്റ്റാഫും സ്വകാര്യ ടാക്സി ഡ്രൈവര്‍മാരുമാണ് എയര്‍പോർട്ടില്‍ വച്ച് തമ്മിലടിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

ഡ്രൈവര്‍മാരും സെക്യൂരിറ്റി സ്റ്റാഫുകളും തമ്മിലുള്ള രൂക്ഷമായ തര്‍ക്കം പെട്ടെന്ന് ശാരീരികമായ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇരുഭാഗങ്ങളിലുമായി പത്ത് പതിനഞ്ചോളം പേർ എയര്‍പോര്‍ട്ടിന് മുന്നില്‍ വച്ച് പരസ്പരം അടികൂടന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയുടെ തുടക്കത്തില്‍ ഒരാളെ മൂന്നാല് പേര്‍ ചേര്‍ന്ന് തല്ലുന്നത് കാണാം. ചില സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇത് നോക്കി നില്‍ക്കുന്നു. ഇതിനിടെ മറ്റൊരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഓടിയെത്തി ഒരു കാര്‍ ഡ്രൈവറെ തല്ലുന്നു. തൊട്ട് അപ്പുറത്ത് ഒരു കാറിന്‍റെ സൈഡിലിട്ട് ഒരാളെ മൂന്നാല് പേര്‍ തല്ലുന്നതും വീഡിയോയില്‍ കാണാം. 

Scroll to load tweet…

പ്രശ്നം കൂട്ടത്തല്ലിലേക്ക് വഴിമാറുകയും ആളുകൾ ഓടി നടന്ന് പരസ്പരം അടികൂടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ പ്രശ്നത്തില്‍ ഇടപ്പെട്ട് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെത്തുമെങ്കിലും പെട്ടെന്ന് സംഘര്‍ഷം രൂക്ഷമാകുന്നു. ഇതോടെ കൂടുതല്‍ പേരെത്തി സംഘര്‍ഷത്തിലേര്‍പ്പെടുന്നവരെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുകക്ഷികൾക്കുമെതിരെ കേസെടുത്തതായി സഹർ പോലീസ് അറിയിച്ചു. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. നിലവില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്‍റെ യശസിന് കളങ്കം വരുത്തിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിച്ചു.