മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ വക്കോള ഫ്ലൈഓവറിൽ നിയമവിരുദ്ധ കുതിരവണ്ടി മത്സരത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മറ്റ് വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി കുതിരകളെ പായിക്കുന്ന ദൃശ്യങ്ങൾ വൈറലായി. ഇതോടെ നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ വക്കോള ഫ്ലൈഓവറിൽ അനധികൃത കുതിരവണ്ടി മത്സരം ചിത്രീകരിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മറ്റ് വാഹനങ്ങൾ പോകുന്നതിനിടെ അതിവേഗം ഓടിച്ച് പോകുന്ന കുതിര വണ്ടികളെ വീഡിയോയിൽ കാണാം. അതേസമയം കുതിരവണ്ടി മത്സരത്തിലെ വണ്ടിയോട്ടക്കാർ തികച്ചും അശ്രദ്ധമായി കുതിരകളെ പായിക്കുന്നതും വീഡിയോയിലുണ്ട്. മുംബൈയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിൽ യാതൊരു നിയന്ത്രണവുമില്ലാതെ നടന്ന കുതിര വണ്ടി മത്സരം സമൂഹ മാധ്യമങ്ങളുടെ രൂക്ഷമായ പ്രതികരണം വിളിച്ച് വരുത്തി. ഇതിന് പിന്നാലെ നടപടിയെടുക്കുമെന്ന് മുംബൈ ട്രാഫിക് പോലീസ് അറിയിച്ചു.

അതിവേഗം പാഞ്ഞ് കുതിര വണ്ടി

പത്രപ്രവർത്തകൻ ജീത് മഷ്‌റുവാണ് തന്‍റെ എക്സ് ഹാന്‍റിലിൽ വീഡിയോ പങ്കുവച്ചത്. മുംബൈ പോലീസിനെയും മുംബൈ ട്രാഫിക് പോലീസിനെയും ടാഗ് ചെയ്‌ത മഷ്‌റു, കുതിരയോട്ട മത്സരം നിയമവിരുദ്ധമാണെന്നും മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇത് ഗുരുതര ഭീഷണി ഉയർത്തുന്നുവെന്നും എഴുതി. വക്കോള ഫ്ലൈഓവറിലെ ഡിവൈഡർ ചാടിക്കടന്ന കുതിരവണ്ടി അന്ധേരി ഭാഗത്തേക്ക് പോയെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. ഇത്രയും തിരക്കേറിയ റോഡിൽ പോലീസിന്‍റെയോ ട്രാഫിക്ക് പോലീസിന്‍റെയോ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Scroll to load tweet…

അരാജകത്വം പീക്കിലെന്ന്

മറ്റൊരു വാഹനത്തിൽ നിന്നും ചിത്രീകരിച്ച വീഡിയോയിൽ മൂന്നാല് യുവാക്കൾ ഒരു കുതിര വണ്ടിയിൽ അതിവേഗം പായുന്നത് കാണാം. ബൈക്കുകളും കാറുകളും അടക്കം നിരവധി വാഹനങ്ങൾ പോകുന്നതിനിടെയാണ് യുവാക്കൾ കുതിരയെ അതിവേഗം ഓടിച്ച് കൊണ്ടു പോയത്. കൂടുതൽ വേഗത്തിലോടാനായി കുതിര വണ്ടിക്കാരൻ കുതിരയെ നിരവധി തവണ ചാട്ടകൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. കുതിരവണ്ടി ഒരു വശത്തേക്ക് വലിയുകയും അത് കാറിൽ ഇടിക്കുമെന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമ്പോൾ വാഹനത്തിന്‍റെ ഡ്രൈവർ നിരന്തരം ഹോണ്‍ മുഴക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം വീഡിയോയ്ക്ക് താഴെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്. അരാജകത്വം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലർ പോലീസിനെ വിവരം അറിയിച്ചെന്നും നടപടി എടുക്കാൻ ആവശ്യപ്പെട്ടെന്നും എഴുതി. മണ്ടന്മാർ തങ്ങൾ ഹീറോകളായി ചിത്രീകരിക്കപ്പെടുമെന്ന് കരുതിയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.