ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ഐടി ജോലി ഉപേക്ഷിച്ച് മോഹൻ എന്ന യുവാവ് തന്‍റെ സ്വപ്നമായ ദോശ റെസ്റ്റോറന്‍റ് ശൃംഖല ആരംഭിച്ചു. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് 'ദോശമാ' എന്ന തന്‍റെ സംരംഭം പാരീസിലും ലണ്ടനിലും ഇപ്പോൾ പൂനെയിലും തുറന്നിരിക്കുന്നു. 

ന്ത്യയിൽ ഐടി പഠിക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അവരുടെ മതാപിതാക്കളുടെയും സ്വപ്നം യൂറോപ്പിലോ, യുഎസിലോ ഒരു ഐടി ജോലിയായിരിക്കും. എന്നാല്‍, ആ സ്വപ്നത്തിലേക്ക് എത്തിയിട്ടും അതുപേക്ഷിച്ച് സ്വന്തം സ്വപ്നം തേടി നടന്നൊരു യുവാവ് തന്‍റെ അനുഭവ കഥ പറഞ്ഞപ്പോൾ അമ്പരന്നത് സമൂഹ മാധ്യമ ഉപയോക്താക്കൾ. ലക്ഷങ്ങൾ മാസ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അപരിചിതവും എന്നാൽ ഏറെ അഭിനിവേശവുമുള്ള തന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി അദ്ദേഹം അഹോരാത്രം ജോലി ചെയ്തു. ഇന്ന് താന്‍ വിജയം നേടിയിരിക്കുന്നുവെന്നാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ മോഹന്‍ വെളിപ്പെടുത്തുന്നത്.

ഐടിയിൽ നിന്നും ‘ദോശമാ’യിലേക്ക്

ജർമ്മനിയിൽ ഉയർന്ന ശമ്പളമുള്ള ടെക് ജോലി ഉപേക്ഷിച്ച് ദോശ റെസ്റ്റോറന്‍റ് ആരംഭിക്കുക എന്ന് കേൾക്കുമ്പോൾ തന്നെ അമ്പരന്നോ? മോഹനന് പക്ഷേ, ആ അമ്പരപ്പില്ലായിരുന്നു. അദ്ദേഹം തന്‍റെ ഐടി ജോലി ഉപേക്ഷിക്കുകയും ഇന്ന് 'ദോശമാ' എന്ന റെസ്റ്റോറന്‍റ് ശൃംഖലയുടെ സഹസ്ഥാപകനുമാണ്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ആരോഗ്യകരവും ഗ്ലൂറ്റൻ രഹിതവുമായ ദോശ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാരീസിൽ നിന്ന് ലണ്ടനിലേക്കും ഇപ്പോൾ പൂനെയിലേക്കും അദ്ദേഹത്തിന്‍റെ റെസ്റ്റോറന്‍സ് വ്യാപിച്ചു. 2023 -ൽ മാനേജിംഗ് ഡയറക്ടറായി മോഹൻ ആദ്യ റെസ്റ്റോറന്‍റ് സ്ഥാപിക്കുന്നു.

View post on Instagram

തന്‍റെ കഥ വളരെ നാടകീയമായാണ് മോഹൻ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ഈ ജോലി ചെയ്യാൻ താന്‍ ഐടി ജോലി ഉപേക്ഷിച്ചു. ജോലി ദോശ ചുടുന്നതാണെന്ന് അടുത്ത ഷോട്ടിൽ അദ്ദേഹം വ്യക്തമാക്കുന്നു. പിന്നാലെ പാരീസില്‍ നിന്നും സ്കോളർഷിപ്പോടെ ഐടി പഠിച്ചതായും പിന്നാലെ ടെക്സാസ്, ജർമ്മനി എന്നിവിടങ്ങളില്‍ ജോലി ചെയ്തതായു മോഹന്‍ പറയുന്നു. പിന്നാലെ ഐടി ജോലി ഉപേക്ഷിച്ചു. സുഹൃത്തുക്കളോടൊപ്പം പാരീസിൽ ഒരു ദോശക്കട തുടങ്ങി. കരിയർ മാറ്റം കേൾക്കാൻ സുഖമുണ്ടെങ്കിലും വലിയ ബുദ്ധിമട്ടുകൾ നേരിട്ടിരുന്നെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. ക്ഷീണവും ഉറക്കമില്ലായ്മയും വേട്ടയാടിയ രാത്രികളായിരുന്നു അത്. എന്നാല്‍ ഇന്ന് പാരീസിലും ലണ്ടനിലും ദേ ഇപ്പോൾ പൂനെയും റെസ്റ്റോറന്‍റുകളുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അമ്പരന്ന് നെറ്റിസെന്‍സ്

ഇന്ത്യയുടെ സ്വന്തം ഭക്ഷണത്തിന് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച അദ്ദേഹത്തെ കുറിച്ച് അറി‌ഞ്ഞപ്പോൾ അമ്പരന്ന് പോയെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. നിരവധി പേര്‍ മോഹനന് ആശംസകളുമായെത്തി. കൂടുതൽ റെസ്റ്റോറന്‍റുകൾ തുറക്കാന്‍ കഴിയട്ടെയെന്ന് നിരവധി പേരാണ് കുറിച്ചത്. സ്വപ്നം കാണാന്‍ മാത്രമാണ് തങ്ങൾ പഠിച്ചതെന്നും എന്നാല്‍ താങ്കൾ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയെന്നും മറ്റ് ചിലരെഴുതി. പൂനെയിലെ എഫ്സി റോഡിലാണ് ദോശമായുടെ ഇന്ത്യൻ ശാഖ പ്രവർത്തിക്കുന്നത്.