കണ്ണൂർ റെയിൽവേ സ്റ്റേഷൻ്റെ വൃത്തിയെ പ്രശംസിച്ച് അസം സ്വദേശിയായ തൊഴിലാളി പങ്കുവെച്ച വീഡിയോ വൈറലായി. സ്റ്റേഷൻ പരിസരത്ത് ഒരു മാലിന്യം പോലുമില്ലെന്ന് യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻറെ വൃത്തിയുള്ള ചുറ്റുപാടുകളെ പുകഴ്ത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ വീഡിയോ വൈറൽ. അതേസമയം വീഡിയോയ്ക്ക് താഴെ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും താരതമ്യപ്പെടുത്തിയുള്ള കുറിപ്പുകളും നിറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യ നിക്ഷേപമില്ലെന്ന് യുവാവ് തന്‍റെ വീഡിയോയിൽ വ്യക്തമാക്കുന്നു. അദ്ദേഹം സ്റ്റേഷനിലെ ദൃശ്യങ്ങൾ പകർത്തി സ്റ്റേഷനിലെവിടെയും നിങ്ങൾക്ക് മാലിന്യം കാണാന്‍ കഴിയില്ലെന്ന് സ്ഥാപിക്കുന്നു.
ഒരു മാലിന്യം പോലും കാണാൻ കഴിയില്ല
കണ്ണൂരിൽ പന്തൽ ലൈറ്റ് ആന്‍റ് സൗണ്ട് ജോലി ചെയ്യുന്ന അസം സ്വദേശിയാണെന്ന് ഇന്‍സ്റ്റാഗ്രാമിൽ വ്യക്തമാക്കിയ റസൂൽ എന്ന യുവാവാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ ഒറ്റ ദിവസം കൊണ്ട് ഒമ്പതര ലക്ഷത്തോളം പേരാണ് കണ്ടത്. എണ്‍പതിനായിരത്തിന് മേലെ ആളുകൾ വീഡിയോ ഇതിനകം ലൈക്ക് ചെയ്തു കഴിഞ്ഞു. വീഡിയോയെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ ലാളിത്യമാണ്. കനത്ത വിവരണമോ നാടകീയമായ അവതരണമോ ഇല്ല. പകരം, സ്റ്റേഷനിലെ കാഴ്ച തന്നെ നിങ്ങളോട് സംസാരിക്കും. 'നിങ്ങൾക്ക് ഒരു കഷണം മാലിന്യം പോലും കണ്ടെത്താൻ കഴിയില്ലെന്ന്' റസൂൽ പറയുന്നത് കേൾക്കാം. പിന്നാലെ കണ്ണൂർ സ്റ്റേഷനിലുടനീളം നടന്ന അദ്ദേഹം സ്റ്റേഷന്‍റെ പല സ്ഥലങ്ങളിൽ നിന്നും ദൃശ്യങ്ങൾ പകർത്തി തന്‍റെ വാദത്തിന് അടിവരയിടുന്നു.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റേഷന് പുറത്തെ അവസ്ഥയെന്ത് ?
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. യഥാർത്ഥ ജീവിതത്തിൽ പൗരബോധം ഇങ്ങനെയാണ് കാണപ്പെടുന്നതെന്നായിരുന്നു ഒരു കുറിപ്പ്. വൃത്തിയുടെയും പൊതു ഉത്തരവാദിത്തത്തിന്റെയും കാര്യത്തിൽ കേരളം ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. അതേസമയം മറ്റ് ചിലർ അതിനെ രാഷ്ട്രീയ വത്ക്കരിക്കാൻ ശ്രമിക്കുന്നതും കാണാം. റെയിൽവേ സ്റ്റേഷൻ കേന്ദ്ര സർക്കാറിന് കീഴിലാണെന്ന് ഒരു വിഭാഗം എഴുതി. അതിനെ എതിർക്കുന്നവരുടെ വായടപ്പിക്കാനായി സ്റ്റേഷന് പുറത്തെ വൃത്തി കാണിക്കാൻ മറ്റ് ചിലർ ആവശ്യപ്പെട്ടു.


