ഇന്ത്യൻ ആർമി ഏവിയേഷൻ പൈലറ്റായി യോഗ്യത നേടിയതിന് പിന്നാലെ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് കാമുകി ആരുഷിയോട് വിവാഹാഭ്യർത്ഥന നടത്തി. നാസിക്കിലെ ട്രെയിനിംഗ് സ്കൂളിൽ ഒരു സൈനിക ഹെലികോപ്റ്ററിന് മുന്നിൽ വെച്ചായിരുന്നു ഈ അവിസ്മരണീയ നിമിഷം. ഈ പ്രണയാഭ്യർത്ഥനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യൻ ആർമിയിൽ ഏവിയേഷൻ പൈലറ്റായി പരിശീലനം കഴിഞ്ഞ ഇറങ്ങിയതിന് പിന്നാലെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയ ഭരത് ഭരദ്വാജിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. യുദ്ധ ഹെലികോപ്റ്റർ പൈലറ്റായി ബിരുദം നേടിയതിന് തൊട്ടുപിന്നാലെയാണ് ഭരത് തന്‍റെ കാമുകി ആരുഷിയോട് വിവാഹാഭ്യർത്ഥന നടത്തിയ്ത്. ഒരു ആർമി ഹെലികോപ്റ്ററിന്‍റെ പശ്ചാത്തലത്തിൽ കാമുകിക്ക് വിവാഹ മോതിരം സമ്മാനിക്കുന്ന ഭരതിന്‍റെ വീഡിയോയാണ് വൈറലായത്.
സൈനിക ഹെലികോപ്റ്ററിന്‍റെ പശ്ചാത്തലത്തിൽ
നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നിന്നും യോഗ്യത നേടി ഇറങ്ങിയ ആർമി ഏവിയേഷൻ പൈലറ്റ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് തന്‍റെ പ്രൊഫഷണൽ നേട്ടത്തോടൊപ്പം തന്‍റെ പ്രണയം കൂടി ആഘോഷിച്ചു. ഈ അവിസ്മരണീയ നിമിഷം സമൂഹ മാധ്യമങ്ങളിലും വൈറലായി. സഹ ഓഫീസർമാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പാസിംഗ് ഔട്ട് പരേഡ് കാണാനെത്തിയ മറ്റ് അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഭരത് തന്‍റെ ദീർഘകാല കാമുകിയായിരുന്ന ആരുഷിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഒരു സൈനിക ഹെലികോപ്റ്ററിന്‍റെ പശ്ചാത്തലത്തിൽ ക്യാപ്റ്റൻ ഭരദ്വാജ് ഒരു മുട്ടുകുത്തി നിന്ന് ആരുഷിക്ക് ഒരു മോതിരം സമ്മാനിച്ചു. പിന്നാലെ വ്യക്തി ജീവിതവും ഔദ്ധ്യോഗിക ജീവിതവും ഒരുമിച്ച് ആരംഭിക്കാമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.
ഒരു ദിവസം രണ്ട് ആഘോഷം
അപ്രതീക്ഷിതമായ വിവാഹാഭ്യർത്ഥനയിൽ ആരുഷി ഒന്ന് അമ്പരന്നു. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആർപ്പുവിളിക്കിടെ 'വിൽ യു മാരി മീ'യെന്ന് ഒരു സൈനികന്‍റെ ശബ്ദ ദൃഢതയോടെ ഭരത് ചോദിക്കുന്നത് കേൾക്കാം. ഏറെ സന്തോഷത്തോടെ ആരുഷി. ഭരതിന്‍റെ സ്നേഹസമ്മാനം ഏറ്റവുവാങ്ങുന്നു. എസ്എസ്ബി ക്രാക്ക് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവേ ക്യാപ്റ്റൻ ഭരദ്വാജ്, ആരുഷിക്ക് ഒരു "ലവ് സല്യൂട്ട്" എന്നായിരുന്നു പ്രതികരിച്ചത്. സൈനിക ഉദ്യോഗസ്ഥർ യൂണിഫോമിൽ സല്യൂട്ട് കൈമാറുമ്പോൾ, വീട്ടിലെ യഥാർത്ഥ അധികാരം ഭാര്യയ്ക്കാണെന്ന് ഭരത് തമാശയായി പറഞ്ഞു. ഒരു ദിവസം രണ്ട് ആഘോഷമെന്നായിരുന്നു ചിലരുടെ കമന്‍റ്.


