ദില്ലിയിൽ വെച്ച് പ്രൊഫസർ എന്ന് പരിചയപ്പെടുത്തിയ വൃദ്ധൻ കബളിപ്പിച്ചെന്ന് കൊറിയൻ സഞ്ചാരിയായ വാൾട്ടർ. യാത്രയുടെ അവസാന ദിവസം ഓട്ടോ യാത്രയ്ക്കും മറ്റുമായി 8700 രൂപയോളം തട്ടിയെടുത്തു. ഈ ദുരനുഭവമുണ്ടെങ്കിലും ഇന്ത്യയെ നല്ല രാജ്യമായി ഓർക്കുമെന്നും വാൾട്ടർ.
ഇന്ത്യയെ എന്നും പോസറ്റീവായാണ് കണ്ടിട്ടുള്ളതെന്നും യാത്രയിലുടനീളം ധാരാളം നല്ല മനുഷ്യരെ കണ്ടുമുട്ടിയെന്നും അവകാശപ്പെട്ട കൊറിയാന്‍ സഞ്ചാരി വാൾട്ടർക്ക്, പക്ഷേ ദില്ലിയില്‍ നിന്നും പ്രൊഫസർ എന്ന് പരിചയപ്പെട്ടുത്തിയ ആളെ കുറിച്ച് ഓർക്കുമ്പോൾ ഭയമാണ്. ദില്ലിയില്‍ നിന്നും പരിചയപ്പെട്ട വൃദ്ധൻ ഒരൊറ്റ വൈകുന്നേരം കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിച്ചെന്ന് കൊറിയന്‍ സഞ്ചാരി.
ദില്ലിയിലെ പ്രൊഫസർ
ദില്ലിയിൽ വച്ച് പ്രൊഫസർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വൃദ്ധൻ തന്നെ എങ്ങനെയാണ് വിദഗ്ദമായി പറ്റിച്ചതെന്ന് കണ്ടന്‍റ് ക്രീയേറ്ററായ വാൾട്ടർ തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ച വാൾട്ടർ, യാത്രയുടെ അവസാന ദിവസമാണ് പ്രൊഫസറെ കണ്ട് മുട്ടിയത്. അദ്ദേഹം പഴയ ദില്ലി കാണിച്ച് തരാമെന്ന് പറഞ്ഞ് തന്നെയും കൂട്ടി രാത്രി മുഴുവനും യാത്ര ചെയ്യുകയും ഓരോ സാധനങ്ങൾ വാങ്ങിക്കുകയും ചെയ്തു. ഒടുവില്‍ പ്രദേശവാസികൾ ഇടപെട്ടാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു. ഓട്ടോ ഡ്രൈവർ ആവശ്യപ്പെട്ട 3,800 രൂപയില്‍ തുടങ്ങി പല വഴിക്കായി വൃദ്ധൻ തന്‍റെ 100 ഡോളർ, ഏതാണ്ട് 8700 രൂപയോളം പറ്റിച്ചെന്നും വാൾട്ടർ കൂട്ടിച്ചേര്‍ക്കുന്നു. പ്രൊഫസർ എന്ന് സ്വയം വിശേഷിപ്പിച്ച വൃദ്ധനുമൊത്തുള്ള യാത്രയുടെ വീഡിയോ ദൃശ്യങ്ങളും വാൾട്ടർ തന്‍റെ വീഡിയോയില്‍ പങ്കുവച്ചു.
പണമിടപാട്
ദൃശ്യങ്ങളില്‍ വൃദ്ധന്‍ വളരെ സൌഹാർദ്ദപരമായാണ് സംസാരിക്കുന്നത്. പക്ഷേ, വാഹനത്തിനോ എത്തിച്ചേരുന്നിടത്തെ ഭക്ഷണത്തിനോ അദ്ദേഹം പണം ചെലവാക്കിയില്ല. പകരം എല്ലാം വാൾട്ടറിനോട് നല്‍കാന്‍ പറഞ്ഞു. ആദ്യം പണം പങ്കിട്ടെടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്‍റെ ഭാര്യ അറിഞ്ഞാല്‍ കൊല്ലുമെന്നായി. ഒടുവില്‍ 1,600 രൂപയും ആവശ്യപ്പെട്ടു. ദില്ലിയില്‍ നിന്നുള്ള ആ അനുഭവം തന്നെ ഭയപ്പെടുത്തിയെന്നും ദുഃഖകരമായെന്നും വാൾട്ടർ എഴുതി. "ഈ മോശം ഓർമ്മകൾ ഉണ്ടെങ്കിലും, ഇന്ത്യയെ ഒരു നല്ല രാജ്യമായി ഞാൻ എപ്പോഴും ഓർക്കും" അദ്ദേഹം എഴുതി.
പ്രതികരണം
നിരവധി പേര്‍ ദില്ലിയില്‍ വച്ച് ഇത്തരമൊരു അനുഭവം ഉണ്ടായതിന് ക്ഷമ ചോദിച്ചു. മറ്റ് ചിലര്‍ എല്ലാവരും നല്ല മനുഷ്യരല്ലെന്ന് ചൂണ്ടിക്കാട്ടി. ചിലർ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾക്കും പോലീസിനും വീഡിയോ ടാഗ് ചെയ്ത് പ്രൊഫസർ എന്ന തട്ടിപ്പുകാരനെതിരെ നടപടി ആവശ്യപ്പെട്ടു.


