ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഉർവി കോത്താരി വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്നുണ്ടായ ദുരനുഭവം വീഡിയോയിലൂടെ പങ്കുവെച്ചു. സഹയാത്രികൻ തൻ്റെ സീറ്റിലേക്ക് കാലും കയ്യും വെച്ച് അസ്വസ്ഥതയുണ്ടാക്കിയെന്നും, പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നപ്പോൾ സീറ്റ് മാറേണ്ടി വന്നെന്നും യുവതി വെളിപ്പെടുത്തി. വീഡിയോ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർത്തി
നിയമങ്ങൾ ഏറെയുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഇന്നും ഒരു പ്രധാന പ്രശ്നം തന്നെയാണ്. രാജ്യാതിർത്തികൾ പോലും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. എന്നാൽ, ഭൂമിയിൽ മാത്രമല്ല, ആകാശത്തും കാര്യങ്ങൾ വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കവയ്ക്കപ്പെട്ടതോടെ വൈറലായി. ഉർവി കോത്താരി എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ തനിക്ക് വിമാന യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്.
കാലും കൈയും മുന്നിലെ സീറ്റിൽ
ഇന്‍സ്റ്റാഗ്രാമിലെ ഉള്ളടക്ക സൃഷ്ടാവാണ് ഉർവി കോത്താരി. 'ഇതുകൊണ്ടാണ് സ്ത്രീകൾ എപ്പോഴും ജാഗ്രത പാലിക്കുന്നത്. വിമാനത്തിൽ പോലും.' എന്ന കുറിപ്പോടെയാണ് ഉർവി വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ വിന്‍ഡോ സീറ്റിൽ ഇരിക്കുന്ന ഉർവിയുടെ സീറ്റിന് പിന്നിൽ ഇരിക്കുന്ന ആളുടെ കൈവിരലുകളും കാൽ പാദവും ഉർവിയുടെ സീറ്റിന് മുകളിലായിരുന്നു. ഇയാൾ ഉർവിയുടെ സീറ്റിൽ പിടിക്കുകയും തന്‍റെ കാൽ സീറ്റിന്‍റെ വിടവിലൂടെ ഉർവിയുടെ സീറ്റിന്‍റെ ഹാന്‍റ് റെസ്റ്റിൽ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. സീറ്റിൽ ആകെ അസ്വസ്ഥയായി ഇരിക്കുന്ന ഉർവിയെയും കാണാം. ഒടുവിൽ സഹയാത്രികന്‍റെ അസ്വസ്ഥതയുളവാക്കുന്ന പ്രവർത്തിയെ കുറിച്ച് ഉർവി ക്യാബിൻ ക്യൂവിനെ അറിയിച്ചു. ക്യാബിൻ ക്രൂ അയാളോട് സംസാരിച്ചെങ്കിലും അയാൾ തന്‍റെ പ്രവർത്തി തുടർന്നെന്നു ഉർവി വീഡിയോയിൽ പറയുന്നു. ഒടുവിൽ തനിക്ക് തന്‍റെ സീറ്റിന്‍റെ പകുതിയിലേക്ക് ഒതുങ്ങേണ്ടി വന്നതായും അവർ കൂട്ടിച്ചേർത്തു. വിമാനത്തിൽ ഒരു സ്ത്രീയ്ക്ക് നേരിടേണ്ടിവരുന്ന അസുഖകരമായ അനുഭവം വിവരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി.
അനുകൂലിച്ചും പ്രതിരോധിച്ചും നെറ്റിസെന്‍സ്
സമൂഹ മാധ്യമങ്ങളിൽ വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. അയാളുടെ പെരുമാറ്റം ഒരു തലത്തിലും സ്വീകാര്യമല്ലെന്ന് നിരവധി പേരാണ് എഴുതിയത്. പലരും അയാളുടെ മുഖം കൂടി വീഡിയോയിൽ കാണിക്കണമായിരുന്നെന്ന് എഴുതി. ഇത്തരം പ്രവർത്തി ചെയ്യുന്നവരുടെ മുഖം പുറത്ത് കാണിക്കുമ്പോൾ മാത്രമേ ഇവർ കുറച്ചെങ്കിലും അടങ്ങുകയൊള്ളൂവെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. ഇത്തരം കാര്യങ്ങൾക്ക് ഇരയാക്കപ്പെടുമ്പോൾ ഭയം നമ്മളെ കീഴടക്കുമെന്നും ആത്മവിശ്വസവും ധൈര്യവും ചോർന്ന് പോകുമെന്നും ഇത്തരം മോശം പ്രവർത്തികൾ ചെയ്യുന്നവരെ പ്രതിരോധിക്കേണ്ടത് അത്യവശ്യമാണെന്നും ഇരകൾക്ക് സംരക്ഷണമൊരുക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം അത് മനപൂർവ്വമായൊരു പ്രവർത്തിയാകാൻ സാധ്യയില്ലെന്നായിരുന്നു ചിലരുടെ നിരീക്ഷണം.


