സോഷ്യൽ മീഡിയയിൽ വൈറലാകാൻ നടുറോഡിൽ ഓടുന്ന ബസ് നിർത്തിച്ച് യുവാക്കളുടെ പുഷ്-അപ്പും ഷോയും. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നിരിക്കുന്നത്. പിന്നാലെ, അറസ്റ്റ്. 

സോഷ്യൽ മീഡിയയിൽ വൈറലാവാനായി എന്തും ചെയ്യുന്നത് ഇന്നൊരു പുത്തരിയൊന്നുമല്ല. അത്തരത്തിലുള്ള ഇഷ്ടം പോലെ വീഡിയോകൾ ഇന്ന് കാണാം. എന്നാൽ, ഇതിൽ പലതും ചിലപ്പോൾ പൊതുജനത്തിന് വലിയ ബുദ്ധിമുട്ടായി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഉത്തർ പ്രദേശിലെ ആ​ഗ്രയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. യുപി പൊലീസ് തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നതും. റീൽ ചിത്രീകരിക്കുന്നതിനായി രണ്ട് യുവാക്കൾ റോഡിലൂടെ ഓടുന്ന ഒരു ബസ് നിർത്തിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

വീഡിയോയിൽ, ഒരാൾ ബസിന് മുന്നിൽ നിന്നും പുഷ്-അപ്പ് ചെയ്യാൻ തുടങ്ങുന്നതാണ് പിന്നെ കാണുന്നത്. കൂടെയുണ്ടായിരുന്നയാളാവട്ടെ സമീപത്ത് നിന്ന് വാഹനങ്ങളും മറ്റും നോക്കുന്നതും കാണാം. യുവാക്കൾ കാരണം ബസിന് റോഡിൽ നിർത്തേണ്ടി വരികയും ​ഗതാ​ഗതം തടസപ്പെടുകയും ചെയ്യുകയായിരുന്നു. 'ആ​ഗ്രയിൽ നിന്നുള്ളൊരു റീലിൽ യുവാക്കൾ റോഡിൽ നിന്നും പുഷ് അപ്പ് ചെയ്യുന്നതിനായി ഓടിക്കൊണ്ടിരുന്ന ബസ് നിർത്തിച്ചു' എന്ന് വീഡിയോയുടെ ക്യാപ്ഷനിൽ തന്നെ പറഞ്ഞിട്ടുണ്ട്. ​ഗതാ​ഗതം തടസപ്പെടുത്തുക മാത്രമല്ല, ജനങ്ങളുടെ സുരക്ഷയെ കൂടി ബാധിക്കുന്ന കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്.

View post on Instagram

പൊലീസ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ പിന്നീട് കാണുന്നത്, രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതാണ്. 'ഇത്തരം പ്രവൃത്തികൾക്ക് ഇതുപോലെയുള്ള പരിണിതഫലങ്ങളുണ്ടാകും' എന്നും വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നു. ഒപ്പം 'റോഡ് നിങ്ങളുടെ കണ്ടന്റ് ഫീഡല്ല, ലൈക്കിന് വേണ്ടി ട്രാഫിക് ബ്ലോക്ക് ചെയ്യരുത്' എന്നും ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നതായി കാണാം.

ഒരുപാട് പേരാണ് യുവാക്കളെ രൂക്ഷമായി വിമർശിച്ചു കൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. റോഡിൽ ഷോ കാണിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത് നന്നായി എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.