ദില്ലിയിലെ രാത്രി ജീവിതത്തെക്കുറിച്ച് മോശം വാർത്തകൾ കേട്ടിട്ടുള്ള മെക്സിക്കൻ യുവതിയായ ഗബ്രിയേല, അർദ്ധരാത്രിയിൽ ഭർത്താവിനൊപ്പം പാർക്കിലെത്തിയപ്പോൾ കണ്ട കാഴ്ചയിൽ അമ്പരന്നു. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേർ പാർക്കിൽ സമയം ചെലവഴിക്കുന്നത് കണ്ട അവർ, ഈ അനുഭവം തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് വീഡിയോയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'പകൽ പോലെയല്ല രാത്രി'യെന്നത് ചെറുപ്പം മുതലെ നമ്മുടെ ബോധത്തിലേക്ക് അടിച്ചേൽപ്പിക്കപ്പെട്ട ഒരു സാംസ്കാരിക ബോധമാണ്. പകൽ സൂര്യവെളിച്ചത്തിൽ കാഴ്ചകൾ കാണാമെങ്കിൽ രാത്രി അത് സാധ്യമാകില്ലെന്ന് എല്ലാവർക്കും അറിയാം. ഈ തിരിച്ചറിവിനെ ചിലർ തങ്ങളുടെ ആവശ്യങ്ങക്കായി ഉപയോഗിക്കുമ്പോൾ അത് സാധാരണക്കാർക്ക് അസൗകര്യമോ അപകടമോ ഉണ്ടാക്കുന്നു. ഈയൊരു ബോധ്യമാകണം അത്തരമൊരു ബോധം നമ്മുടെ അബോധ മനസിൽ ഉറച്ച് പോകാൻ കാരണം. എന്നാൽ, അടുത്ത കാലത്തായി രാത്രിയിലും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ആരംഭിച്ചതോടെ 'നൈറ്റ് ലൈഫ്' എന്നത് പുതിയ കാലത്തെ സാംസ്കാരിക അടയാളമായി മാറിയെന്നും കാണാം. അത്തരമൊരു കാലത്ത് ദില്ലിയിൽ രാത്ര നടക്കാനിറങ്ങിയ മെക്സിക്കൻ യുവതി 'താൻ അമ്പരന്ന് പോയെന്ന്' കുറിച്ചപ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ദില്ലിയിലെ രാത്രി നടത്തം

ദില്ലിയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ അത്ര ശുഭകരമായവയല്ല. ബസിലും തെരുവുകളിലും വച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കപ്പെടുന്ന നിർഭയമാർ ഇന്നും രാജ്യതലസ്ഥാനത്തുണ്ട്. പലപ്പോഴും അത്തരം അസ്വസ്ഥകരമായ വാർത്തകൾ ദേശീയ തലക്കെട്ടുകളായി മാറുന്നു. എന്നാൽ, എല്ലായിപ്പോഴും ദില്ലിയിലെ എല്ലായിടവും ഒരു പോലെയാണോ? അല്ലെന്നും രാത്രിയിലെ ദില്ലി ശാന്തവും സമാധാനവും നിറഞ്ഞതാണെന്നും മെക്സിക്കൻ യുവതി തന്‍റെ വീഡിയോയിൽ പറയുന്നു. 

View post on Instagram

അർദ്ധരാത്രിയിൽ ഭർത്താവുമൊത്ത് ദില്ലിയിലെ പാർക്കിൽ എത്തിയതായിരുന്നു യുവതി. തന്നെ അത്ഭുതപ്പെടുത്തി ആ രാത്രിയിലും നിരവധി കുടുംബങ്ങൾ പാർക്കിൽ രാത്രി നടത്തിനെത്തിയിരുന്നെന്ന് അവർ പറയുന്നു. "കാര്യം എന്തെന്നാൽ, രാത്രിയും അർദ്ധരാത്രിയും ആണ്, ഇവിടെ ഇന്ത്യയിൽ ആളുകൾ പാർക്കിലാണ്," ഭർത്താവിനരികിലൂടെ നടക്കുമ്പോൾ അവൾ പറഞ്ഞു. രാത്രിയിൽ ആളുകൾ ഇത്രയും വൈകി പുറത്തിറങ്ങുന്നതിന്റെ കാരണം എന്തായിരിക്കുമെന്ന് അവൾ ഭർത്താവിനോട് ചോദിച്ചപ്പോൾ, അദ്ദേഹം മറുപടി പറഞ്ഞു, "കാലാവസ്ഥ. പിന്നെ ശനിയാഴ്ച രാത്രി. ചിലർ മദ്യപിക്കാൻ പോകുന്നു. ചിലർ ആരോഗ്യം നോക്കുന്നു." വീഡിയോയിലും സജീവമായി ദില്ലിയിലെ രാത്രി പാർക്കിന്‍റെ ദൃശ്യം കാണാം.

ഗബ്രിയേല ഇന്ന ഇന്ത്യയുടെ മരുമകൾ

ഡേറ്റിംഗ് ആപ്പ് വഴി ഇന്ത്യൻ യുവാവിനെ കണ്ടെത്തി വിവാഹം കഴിച്ചതിലൂടെയാണ് മെക്സിക്കൻ യുവതിയായ ഗബ്രിയേല ഇന്ത്യയുടെ മരുമകളായത്. രാത്രിയിലെ ഈ അനുഭവം എന്തുകൊണ്ടും ഉൻമേഷം നൽകുന്നതാണെന്നും ഗബ്രിയേല കൂട്ടിച്ചേർത്തു. മൊബൈലിൽ രാത്രി 12. 30 എന്ന സമയം കാണിച്ച് കൊണ്ട് അവർ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളും പങ്കുവച്ചു. പാർക്കിൽ കുട്ടികളും അച്ഛനമ്മമാരും ചേർന്ന് ഇരിക്കുകയും കളിക്കുകയും ചെയ്യുന്നത് കാണാം. തനിക്കൊരിക്കലും ഇത്തരമൊന്ന് സങ്കൽപ്പിക്കാൻ പോലും പറ്റില്ലെന്നായിരുന്നു ഗബ്രിയേല വീഡിയോയിൽ പറഞ്ഞത്.