ഭാരമേറിയ സ്കൂൾ ബാഗുകൾ ഒരുമിച്ച് ചുമക്കാൻ ഒരു കൂട്ടം കുട്ടികൾ കണ്ടെത്തിയ മാർഗ്ഗമാണ് ഇപ്പോൾ വൈറലാകുന്നത്. അഞ്ച് വിദ്യാർത്ഥികൾ ഒരു മുളങ്കമ്പിൽ ബാഗുകൾ കോർത്ത് തോളിലേറ്റി ഭാരം പങ്കിട്ട് നടന്നുപോകുന്ന വീഡിയോയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഭാരമേറിയ ബാഗുമായി സ്കൂളുകളിലേക്ക് നടക്കാൻ കഷ്ടപ്പെട്ടവരാണ് നമ്മളിൽ പലരും. എന്നാൽ, വളരെ ബുദ്ധിപൂർവ്വം ഒരു കൂട്ടം സ്കൂൾ കുട്ടികൾ അവരുടെ ഭാരമേറിയ ബാഗുകൾ ചുമക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗം തീർത്തിരിക്കുന്നത്. 5 സ്കൂൾ കുട്ടികൾ ചേർന്ന് തങ്ങളുടെ സ്കൂൾ ബാഗുകൾ മുളവടിയിൽ കോർത്ത് ചുമന്ന് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഭാരം കുറയ്ക്കാനായുള്ള കുട്ടികളുടെ പ്രായോഗിക ബുദ്ധിയെ പ്രശംസിക്കുന്നത്.
മുളയില്‍ കൊരുത്ത് ബാഗുകൾ
വീഡിയോയിൽ, അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ച് സ്കൂളിലേക്ക് നടന്നു പോകുന്നത് കാണാം. അവരുടെ ഓരോ ബാഗുകളും ഒരു മുളങ്കമ്പിൽ കൊരുത്ത് തോളിൽ ബാലൻസ് ചെയ്ത് ചുമക്കുന്നു. ഓരോ കുട്ടിയും തനിച്ചല്ല ഭാരം ചുമക്കുന്നത്, പകരം, അവർ ആ ഭാരം പങ്കിടുകയാണ്. കൂട്ടായ പ്രവർത്തനത്തിന്‍റെയും ക്രിയാത്മകമായ പ്രശ്‌നപരിഹാരത്തിന്‍റെയും ലളിതവും എന്നാൽ, സമർത്ഥവുമായ ഒരു ഉദാഹരണമായിരുന്നു അത്.
ഈ വീഡിയോ ഉത്തരേന്ത്യയിലെ ഒരു വടക്കുകിഴക്കൻ പ്രദേശത്ത് നിന്നുള്ളതാണെന്ന് വ്യക്തമാണ്. എന്നാൽ, കൃത്യമായ സ്ഥലം സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടികൾ ദൃശ്യങ്ങളിൽ ചിരിക്കുന്നതും കൈവീശി കാണിക്കുന്നതും കാണുമ്പോൾ, ആവശ്യകതയ്‌ക്കപ്പുറം അവർ ഒരുമിച്ച് ആസ്വദിച്ചാണ് നടക്കുന്നതെന്നും കാണാം.
അഭിനന്ദന പ്രവാഹം
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് മുതൽ ആയിരക്കണക്കിന് ലൈക്കുകളും കമന്‍റുകളുമാണ് ലഭിക്കുന്നത്. കൂട്ടായ പ്രവർത്തനത്തിന്‍റെ വിജയമെന്നായിരുന്നു പലരും എഴുതിയത്. നിത്യജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കുട്ടികളുടെ കഴിവിനെ പ്രശംസിച്ചും കുറിപ്പുകൾ നിറഞ്ഞു. ഭാരമേറിയ സ്കൂൾ ബാഗുകൾ കുട്ടികളുടെ ആരോഗ്യത്തിനും ശരീരഘടനയ്ക്കും ഗുരുതര ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിൽ ഈ ചെറിയ മുളവടി ഒരു പ്രധാന ഓർമ്മപ്പെടുത്തലാകുന്നു. ചിലപ്പോൾ, ആവശ്യകത തന്നെയാണ് കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുന്നതെന്നും ചിലര്‍ എഴുതി.


