പരമ്പരാഗത ഇന്ത്യന്‍ വിവാഹ വസ്ത്രത്തിലെത്തിയ യുവാവിനെ കണ്ട് ബന്ധുക്കൾ തന്നെ അമ്പരന്നു.
വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല, ഇപ്പോഴത് രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയായി മാറിയിരിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിച്ച് വളർന്ന വ്യക്തികൾ തമ്മിലുള്ള വിവാഹങ്ങൾ ഇപ്പോൾ വർദ്ധിച്ചു വരികയാണ്. ജാതിയുടെയും മതത്തിന്‍റെയും അതിർവരമ്പുകൾ മാത്രമല്ല രാജ്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഒക്കെ അതിർവരമ്പുകൾ ഭേദിച്ച് കൂടുതൽ കൂടുതൽ സാർവത്രികമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് വിവാഹങ്ങൾ.
യഥാർത്ഥ പ്രണയം എല്ലാ അതിർവരമ്പുകളെയും മറികടക്കും എന്നാണല്ലോ? ഏതായാലും വ്യത്യസ്ത സംസ്കാരങ്ങളിലുള്ള രണ്ട് വ്യക്തികൾ തമ്മിൽ വിവാഹിതരാകുമ്പോൾ രണ്ടുപേർക്കും ലഭിക്കുന്നത് വൈവിധ്യമാർന്ന ആചാരങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ കൂടിയാണ്. ഇപ്പോഴിതാ ഒരു ഐറിഷ് യുവാവും ഇന്ത്യൻ യുവതിയും തമ്മിലുള്ള വിവാഹത്തിന്‍റെ മനോഹരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പരമ്പരാഗത ഇന്ത്യൻ വിവാഹ വസ്ത്രത്തിൽ വരനെ കണ്ടപ്പോൾ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ഹൃദയസ്പർശിയായ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് വലിയ പ്രചാരം നേടിക്കൊടുത്തത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ വരൻ തന്‍റെ സുഹൃത്തിനോടൊപ്പം ഇടനാഴിയിലൂടെ നടന്ന് ബന്ധുക്കൾക്കരികിലേക്ക് വരുന്നത് കാണാം. സ്വർണ്ണ നിറത്തിൽ എംബ്രോയിഡറി ചെയ്ത ഷെർവാണിയും പാന്‍റുമാണ് വരന്‍റെ വേഷം. ഇടനാഴിയിലൂടെ അദ്ദേഹം നടന്നുവരുന്ന കാഴ്ച കാണുമ്പോൾ തന്നെ ബന്ധുക്കൾ സന്തോഷത്തോടെ കയ്യടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് കാണാം.
തുടർന്ന് അദ്ദേഹം ബന്ധുക്കൾക്ക് അരികിലേക്ക് എത്തുമ്പോൾ അവരോടൊപ്പം ഉണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീ വരന്‍റെ ഔട്ട് ലുക്കിനെ ഏറെ സന്തോഷത്തോടെ പ്രശംസിക്കുന്നു. ഷെർവാണിയിലെ പ്രിന്‍റുകൾ വളരെ മികച്ചതാണെന്നും ഒരു രാജകുമാരനെ പോലെ തോന്നിക്കുന്നുവെന്നും വരനോട് ഇവര്‍ പറയുന്നു. മറ്റു കുടുംബാംഗങ്ങളും ഇന്ത്യൻ പരമ്പരാഗത വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങിയെത്തിയ വരനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഒരു ഐറിഷ് യുവാവ് ഇന്ത്യൻ വരനായി മാറിയപ്പോൾ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ, വീഡിയോ 4.2 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.


