ഷോപ്പിംഗ് മോളില്‍ കയറിയ ഒരു കുരങ്ങന്‍ അവിടെ എത്തിയ ഒരു സ്ത്രീയെ വിടാതെ പിന്തുടരുകയും അക്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറല്‍.
സ്ഥലം, ഉത്തർപ്രദേശിലെ ഝാൻസിയിലെ സിറ്റി കാർട്ട് മാളിലെ ഒരു ഷോപ്പിംഗ് മാൾ. പതിവുപോലെ അന്നും അവിടം ശാന്തമായിരുന്നു. പക്ഷേ, ഒരു അപ്രതീക്ഷിത സന്ദർശകന്‍റെ കടന്നുവരവോടെ എല്ലാം തകിടം മറിഞ്ഞു. വന്യമായ വഴിത്തിരിവിലേക്ക് കാര്യങ്ങൾ എത്തിച്ച ആ അതിഥി ഒരു കുരങ്ങനായിരുന്നു. സംഗതി കുരങ്ങനെ കണ്ടപ്പോൾ ആദ്യം ആളുകൾക്ക് കൗതുകം തോന്നിയെങ്കിലും കക്ഷി അത്ര പാവത്താനല്ലന്ന് പെട്ടെന്ന് തന്നെ എല്ലാവരും തിരിച്ചറിഞ്ഞു. ഷോപ്പിംഗ് ഉണ്ടായിരുന്ന ഒരു യുവതിയെ കുരങ്ങൻ ആക്രമിക്കുന്നതിന്‍റെയും അവരുടെ ഷൂ കടിച്ചെടുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളും ഒരേ സ്വരത്തിൽ ചോദിച്ചു, ഇത്ര ഭീകരന്മാരാണോ കുരങ്ങന്മാർ എന്ന്.
വീഡിയോയുടെ തുടക്കത്തിൽ കുരങ്ങൻ തുണികൾ തൂക്കിയിട്ടിരിക്കുന്ന സ്റ്റാൻഡുകൾക്ക് മുകളിലൂടെയും മറ്റും ചാടി നടക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ആളുകൾ ചുറ്റും കൂടിയതോടെ പരിഭ്രാന്തനായ കക്ഷി അല്പം വയലന്‍റായി. ഉടൻതന്നെ സ്റ്റാൻഡിൽ നിന്നും ചാടി സമീപത്തായി എന്ന യുവതിയുടെ തോളിൽ ഇരിപ്പുറപ്പിച്ചു. ഭയന്നുപോയ യുവതി നിലത്തിരുന്നു. ചുറ്റുമുണ്ടായിരുന്ന ആളുകൾ കുരങ്ങനെ യുവതിയുടെ ദേഹത്ത് നിന്നും ഓടിച്ചു വിടാൻ പണികൾ പലതും നോക്കിയെങ്കിലും വിജയിച്ചില്ല. ചിലർ പഴം കാണിച്ചു പ്രലോഭിപ്പിക്കാൻ നോക്കി. പക്ഷേ, കക്ഷി അനങ്ങിയില്ല.
ഒരിക്കലും പിരിയാത്ത കാമുകി, വില 1.5 കോടി; എഐ റോബോട്ട് കാമുകി 'തേയ്ക്കുമോ'യെന്ന് സോഷ്യല്‍ മീഡിയ
ഇടയ്ക്ക് ഏതാനും തവണ നിലത്തേക്ക് ചാടിയെങ്കിലും വീണ്ടും അതേ വേഗത്തിൽ യുവതിയുടെ തോളിലേക്ക് തന്നെ തിരികെ കയറി. ഇടയ്ക്ക് അവരെ കടിക്കാൻ ശ്രമിക്കുന്നതും മുടിയിൽ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് നിലത്ത് വീണപ്പോൾ യുവതിയുടെ കാലിൽ കിടന്ന ഷൂ തട്ടി പറിച്ചെടുത്ത് കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുരങ്ങൻ വീണ്ടും വീണ്ടും യുവതി ആക്രമിച്ചു തുടങ്ങിയതോടെ ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്ന ആളുകൾ ഏതാനും പുതപ്പുകൊണ്ട് മൂടി കുരങ്ങനെ പിടിക്കാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകൾ യുവതിയ്ക്ക് ഉണ്ടായ ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും കുരങ്ങൻ എങ്ങനെ ആ ഷോപ്പിംഗ് മാളിൽ എത്തി എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പ് മോൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
