ഓടുന്ന ഥാറിന് മുകളില്‍ കയറി ഇരിക്കുന്ന വിദ്യാര്‍ത്ഥികൾ വാഹനം ബ്രേക്ക് ചവിട്ടിയതിന് പിന്നാലെ ഒന്നിന് മേലെ ഒന്നെന്ന തരത്തില്‍ താഴേക്ക് വീഴുന്നു.
റീലുകളിലാണ് ജെന്‍ സെഡ് തലമുറയുടെ ജീവിതം. പലപ്പോഴും റീൽ ഷൂട്ടുകൾ വലിയ അപകടങ്ങൾക്ക് പോലും വഴിവെക്കുന്നു. അപകട സാധ്യത ഉണ്ടെന്ന് അറിഞ്ഞ് കൊണ്ട് തന്നെ, വിദ്യാർത്ഥികൾ ഇത്തരം റീലുകൾ ചെയ്യുന്നത് തുടരുന്നു. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ തിരക്കേറിയ ഒരു റോഡിൽ കോളേജ് വിടവാങ്ങൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഒരു റീൽ ഷൂട്ട് അപകടരമായി അവസാനിച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
റെഡ്ഡിറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മൂന്ന് വിദ്യാർത്ഥികളെ മുകളിൽ ഇരുത്തി ഒരു തെരുവിലൂടെ വരുന്ന ഥാറിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് കൊണ്ട് കടന്നു വരുന്ന ഥാർ ചെറുതായി ഒന്ന് ബ്രേക്ക് ചവിട്ടുമ്പോൾ മൂന്ന് വിദ്യാര്‍ത്ഥികളും ഒന്നിന് മേലെ ഒന്നായി താഴെ വീഴുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികൾ വീണത് കൂട്ടാക്കാതെ വാഹനം വീണ്ടും മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുന്നതും ഇതിനിടെ മറ്റ് കുട്ടികൾ ഓടി വരുന്നതും വീഡിയോയില്‍ കാണാം. കാര്യമായ വീഴ്ച അല്ലാത്തത് കൊണ്ട് തന്നെ താഴെ വീണ വിദ്യാര്‍ത്ഥികൾ പെട്ടെന്ന് തന്നെ ചാടി എഴുന്നേൽക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം അപകടരമായ ഷൂട്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി. അപകടം സംഭവിച്ചിട്ടും കുട്ടികൾ സംഭവത്തെ ലഘൂകരിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. കുറച്ച് ലൈക്കിനും ഷെയറിനും വേണ്ടി ജീവന്‍ കളയാന്‍ പോലും ഇന്നത്തെ കുട്ടികൾ തയ്യാറാണെന്ന് മറ്റ് ചിലര്‍ എഴുതി. അതേസമയം വാഹനം ഓടിച്ച ആൾക്കും അതിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികൾക്കും എതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
