ഗുഡ്ഗാവിലെ യുവതി ഓൺലൈൻ ഡെലിവറി ആപ്പുകളിലെയും പ്രാദേശിക വിൽപ്പനക്കാരുടെയും പലചരക്ക് സാധനങ്ങളുടെ വിലകൾ താരതമ്യം ചെയ്തു. പ്രാദേശിക വിപണികൾ വിലകുറഞ്ഞതാണെന്ന് കണ്ടെത്തിയതോടെ, പണം ലാഭിക്കുന്നതാണോ സമയം ലാഭിക്കുന്നതാണോ പ്രധാനം എന്ന ചർച്ചയ്ക്ക് ഈ വീഡിയോ തുടക്കമിട്ടു.

വില കുറവുള്ള സ്ഥലത്ത് നിന്നും സാധനങ്ങൾ വാങ്ങാനാണ് പലപ്പോഴും നമ്മൾ ശ്രമിക്കുക. ഓണ്‍ ലൈൻ ഷോപ്പിംഗ് ആപ്പുകളുടെ വരവിന് മുമ്പ് പല കടകളിൽ കയറി സാധനങ്ങളുടെ വില ചോദിച്ച ശേഷം വാങ്ങിയിരുന്നവരെ പലർക്കും പരിചയമുണ്ടായിരിക്കും. എന്നാൽ, ഓണ്‍ ലൈൻ ഷോപ്പിംഗ് ആപ്പുകൾ വന്നതിന് ശേഷം സാധനങ്ങൾ വാങ്ങുന്നത് മൊത്തം ഓണ്‍ലൈനായി. ഒന്നിൽ കൂടുതൽ ഓണ്‍ലൈൻ ഷോപ്പിംഗ് ആപ്പുകൾ വന്നപ്പോൾ അതിൽ ഏതിലേണ് വില കുറവെന്ന അന്വേഷണമായി. ഇതിനിടെ പലരും സാധാരണ കടകൾ തുറന്ന് കച്ചവടം നടത്തുന്ന കടക്കാരെ മറന്നു. എന്നാൽ, ഓണ്‍ലൈൻ ഷോപ്പിംഗ് ആപ്പുകളും കടകൾ തുറന്ന് കച്ചവടം നടത്തുന്നവരെയും കണ്ട് സാധാനങ്ങൾക്ക് എവിടെയാണ് വില കുറവെന്ന് അന്വേഷിച്ച യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഏതാണ് ലാഭം?

ഗുഡ്ഗാവിൽ നിന്നുള്ള മഹേക് അക്തർ എന്ന യുവതിയാണ് ഡെലിവറി ആപ്പുകളിൽ നിന്നും പ്രാദേശിക വിൽപ്പനക്കാരനിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങി അവയുടെ വില താരതമ്യം ചെയ്ത് അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഏറ്റവും വിലകുറഞ്ഞ പലചരക്ക് സാധനങ്ങൾ എവിടെ നിന്ന് ലഭിക്കുമെന്നതിനുള്ള ഉത്തരം അവർ നൽകി. ആപ്പുകൾ വേഗതയും സൗകര്യവും വാഗ്ദാനം ചെയ്യുമ്പോൾ പ്രാദേശിക വിപണികൾ പലപ്പോഴും വിലകുറഞ്ഞതാണെന്ന് മഹേക് തന്‍റെ വീഡിയോയിലൂടെ തെളിയിച്ചു.

View post on Instagram

വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങിയ ബീറ്റ്റൂട്ട്, മല്ലിയില, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അടിസ്ഥാന പലചരക്ക് വസ്തുക്കളുടെ വില താരതമ്യം ചെയ്തു. പ്രാദേശിക കച്ചവടക്കാരന് മറ്റ് സാധനങ്ങളുടെ വിലയായി 280 രൂപ നൽകിയപ്പോൾ മല്ലിയിലയും പച്ചമുളകും സൗജന്യമായി ലഭിച്ചെന്നും മഹേക് കൂട്ടിച്ചേർക്കുന്നു. അതേസമയം ഇൻസ്റ്റാമാർട്ടിൽ അതേ സാധനങ്ങൾക്ക് 333 രൂപയ്ക്കും ബ്ലിങ്കിറ്റിൽ 365 രൂപയ്ക്കുമാണ് ലഭിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഗുഡ്ഗാവിലെ ചിലവ് കുറഞ്ഞ ജീവിതത്തെ കുറിച്ചുള്ള അന്വേഷണമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും മഹേക് കൂട്ടിച്ചേർത്തു. ബ്ലിങ്കിറ്റിനേക്കാളും ഇൻസ്റ്റാമാർട്ടിനേക്കാളും കുറഞ്ഞ വിലയ്ക്ക് സാധാരണ കച്ചവടക്കാരിൽ നിന്നും നല്ല സാധനങ്ങൾ നോക്കി വാങ്ങാൻ കഴിയുമെന്നും മഹേക് പറയുന്നു.

നല്ല സാധനങ്ങൾ നോക്കി വാങ്ങണമെങ്കിൽ....

വീഡിയോ വൈറലയാതിന് പിന്നാലെ മഹേകിന്‍റെ വീഡിയോയ്ക്ക് താഴെ പണം ലാഭിക്കലാണോ അതോ സമയം ലാഭിക്കലാണോ വേണ്ടതെന്ന ഒരു ചർച്ച തന്നെ നടന്നു. പലരും സമയ ലാഭത്തെ ചൂണ്ടിക്കാണിച്ചപ്പോൾ നല്ല സാധനങ്ങൾ നോക്കിയെടുക്കാൻ പലചരക്ക് കടയിലേക്ക് പോകണമെന്നും ഓണ്‍ ലൈൻ ആപ്പുകളിൽ ഓർഡർ ചെയ്താൽ പലപ്പോഴും മോശവും കേടായതുമായ സാധനങ്ങളാണ് ലഭിക്കുന്നതെന്ന പരാതിയുമായി ചിലരെത്തി.