അമേരിക്കയിലെ വാർട്ടൺ സ്കൂളിലെ ഒരു പ്രൊഫസർ സെമസ്റ്റർ അവസാനിച്ചത് വിദ്യാർത്ഥികൾക്ക് മുന്നിൽ ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്ത് ആഘോഷിച്ചു. 'ബദ്തമീസ് ദിൽ' എന്ന ഗാനത്തിനൊപ്പമുള്ള അദ്ദേഹത്തിന്‍റെ ഊർജ്ജസ്വലമായ പ്രകടനത്തിന്‍റെ വീഡിയോ വൈറലായി. 

കോളേജിൽ ഓരോ സെമസ്റ്ററുകൾ അവസാനിക്കുമ്പോഴും വിദ്യാർത്ഥികളെ പോലെ തന്നെ അധ്യാപകരും സന്തോഷം പങ്കുവെക്കാറുണ്ട്. വരാനിരിക്കുന്ന നീണ്ട അവധി ദിനങ്ങൾ, കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന കൂടുതൽ സമയം അങ്ങനെ സന്തോഷിക്കാൻ അധ്യാപകർക്കും കാരണങ്ങളേറെയാണ്. ഒരു അമേരിക്കൻ പ്രൊഫസർ അത്തരമൊരു സെമസ്റ്റർ അവസാനം തന്‍റെ വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു ബോളിവുഡ് ഗാനത്തിന് ചുവടുവച്ചപ്പോൾ അത് സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു.

പ്രൊഫസറുടെ ചുവടുകൾ

അമേരിക്കയിലെ പ്രശസ്തമായ ബിസിനസ് സ്കൂളായ ദി വാർട്ടൺ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചതാണ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സെമസ്റ്ററിന്‍റെ അവസാന ദിവസം സന്തോഷം പങ്കുവെച്ച് യൂണിവേഴ്സിറ്റി പ്രൊഫസർ പ്രശസ്ത ബോളിവുഡ് ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്തക്കളുടെ കയ്യടി നേടി. പ്രൊഫസർ തന്‍റെ ക്ലാസിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ ആവേശത്തോടെ നൃത്തം ചെയ്യുന്നതും, വിദ്യാർത്ഥികൾ ആർത്തുല്ലസിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതും ചെയ്യുന്നതും വീഡിയോയിൽ കാണാം.

View post on Instagram

ഒരു സ്വെറ്ററും ജീൻസുമാണ് പ്രൊഫസറുടെ വേഷം. അദ്ദേഹം ഊർജ്ജസ്വലമായി കറങ്ങുകയും വിവിധ ഗാനങ്ങൾക്കൊപ്പം ചുവടുവെക്കുകയും ചെയ്യുന്നു. പ്രകടനത്തിന്‍റെ അവസാനം 'യേ ജവാനി ഹേ ദീവാനി' എന്ന ബോളിവുഡ് സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമാണ് മുഴങ്ങുന്നത്. "ബദ്തമീസ് ദിൽ" എന്ന ഗാനത്തിന് ആത്മവിശ്വാസം നിറയുന്ന അദ്ദേഹത്തിന്‍റെ നൃത്തച്ചുവടുകൾ ക്ലാസ് മുറിയെ ഒരു താത്കാലിക ഡാൻസ് ഫ്ലോറാക്കി മാറ്റുകയും വിദ്യാർത്ഥികളെ അത്യധികം രസിപ്പിക്കുകയും ചെയ്യുന്നു.

അഭിനന്ദന പ്രവാഹം

എന്തായാലും പ്രൊഫസർ തന്നെ നേതൃത്വം നൽകിയ ഈ അപ്രതീക്ഷിത ആഘോഷം നിരവധി കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഗൗരവമേറിയ അക്കാദമിക് അന്തരീക്ഷത്തിലേക്ക് ചെറിയൊരു സന്തോഷം കൊണ്ടു വരാനുള്ള പ്രൊഫസറുടെ ശ്രമത്തെ നിരവധി പേർ അഭിനന്ദിച്ചു. ക്ലാസുകൾ ഇങ്ങനെയാണ് അവസാനിക്കുന്നതെങ്കിൽ അധിക ക്ലാസുകളിൽ പങ്കെടുക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് ചില വിദ്യാർത്ഥികൾ എഴുതി. പ്രൊഫസറുടെ ഊർജ്ജത്തെയും നൃത്തപാടവത്തെയും അഭിനന്ദിച്ച് കൊണ്ടും നിരവധി പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. തങ്ങളുടെ കോളേജ് കാലഘട്ടത്തിലും സമാനമായ അനുഭവങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട വിദ്യാർത്ഥികളും കൂട്ടത്തിലുണ്ടായിരുന്നു.