രാജസ്ഥാനിലെ ഉദയ്പൂരിലെ മോഹനലാൽ സുഖാദിയ സർവകലാശാലയിൽ ഒരു അണ്ണാൻ, ഡീൻ ഉൾപ്പെടെ 20 ഓളം പേരെ ആക്രമിച്ച് ഭീതി പരത്തുന്നു. ആറാഴ്ചയായി തുടരുന്ന ആക്രമണത്തിൽ, കെണിവെച്ചിട്ടും അണ്ണാനെ പിടികൂടാൻ സാധിക്കാത്തത് വിദ്യാർത്ഥികളെയും ജീവനക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

രാജസ്ഥാനിലെ ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ആർട്‌സ് കോളേജ്, സൈക്കോളജി ഡിപ്പാർട്ട്‌മെന്‍റിന് സമീപത്ത് ആക്രമണകാരിയായ അണ്ണാൻ ആറ് ആഴ്ചയ്ക്കിടെ സർവകലാശാല ഡീൻ ഉൾപ്പെടെ 20 ഓളം പേരെ കടിച്ച് പരിക്കേൽപ്പിച്ചു. അണ്ണാന്‍റെ അക്രമണാത്മക സ്വഭാവം സർവകലാശാല ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒരേ പോലെ ആശങ്കയിലാക്കി. അക്രമണം ശക്തമായതോടെ രണ്ട് തവണയാണ് ആനിമൽ എയ്ഡ് റെസ്ക്യൂ ടീം സർവകലാശാലയിലെത്തിയത്.

ഡീനിനെ വരെ അക്രമിച്ച് അണ്ണാൻ

രാജസ്ഥാനിലെ ഉദയ്പൂർ ഡിവിഷനിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ മോഹൻലാൽ സുഖാദിയ യൂണിവേഴ്സിറ്റിയിലെ (എം‌എൽ‌എസ്‌യു) വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ഇപ്പോൾ എപ്പോൾ വേണമെങ്കിലും മരമുകളിൽ നിന്നും ചാടി വീണ് അക്രമിച്ച ശേഷം അതുപോലെ കടന്ന് പോകുന്ന ഒരു അണ്ണാനെ ഭയന്നാണ് നടക്കുന്നത്. ആറ് ആഴ്ചകൾക്കുള്ളിൽ സർവകലാശാല ഡീൻ അടക്കം 20 ഓളം പേരെ അണ്ണാൻ അക്രമിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ആക്രമണങ്ങളുടെ പ്രധാന സ്ഥലം സർവകലാശാലയിലെ സൈക്കോളജി ഡിപ്പാർട്ട്‌മെന്‍റിലേക്കുള്ള വഴിയാണ്. ഇതുവരെ പോയിരുന്ന വിദ്യാർത്ഥികളും ഫാക്കൽറ്റികളും മറ്റൊരു വഴി കണ്ടെത്താൻ പാടുപെടുന്നു.

Scroll to load tweet…

കെണികൾ പലത്, പക്ഷേ ഒഴിഞ്ഞ് മാറി അണ്ണാൻ

ഒരു പ്രകോപനവും ഇല്ലാതെയാണ് അണ്ണാൻ അക്രമിക്കുന്നതെന്ന് കടിയേറ്റവർ പറയുന്നു. അതുവഴി പോകുന്നവരുടെ മേലേക്ക് ഒരു പ്രകോപനവും ഇല്ലാതെ ചാടി വീഴും. അണ്ണാനാണല്ലോ എന്ന് കരുതി ഓമനിക്കാൻ നിന്നാൽ കടിച്ചും മാന്തിയും പരിക്കേൽപ്പിച്ച് നിമിഷ നേരത്തിനുള്ളിൽ അടുത്ത മരത്തിലേക്ക് ചാടി രക്ഷപ്പെടും. ഇതിനാൽ തന്നെ അക്രമകാരിയായ അണ്ണാനെ പിടികൂടാനും കഴിയുന്നില്ല. സൈക്കോളജി ഡിപ്പാർട്ട്മെന്‍റിന് സമീപത്തെവിടെയെങ്കിലും അണ്ണാൻ കൂടികൂട്ടിയിട്ടുണ്ടാകാമെന്നാണ് ചില‍ർ പറയുന്നത്. പക്ഷേ, അതൊരു സുരക്ഷാ പ്രശ്നമാണെന്ന് കടിയേറ്റവരും വാദിക്കുന്നു. 

കാര്യങ്ങളെന്തായാലും അണ്ണാനെ പേടിച്ച് ഡിപ്പാർട്ടമെന്‍റ് അടച്ചിടേണ്ട അവസ്ഥയിലാണ്. പല സ്ഥലത്തും അണ്ണാനെ പിടിക്കാൻ കൂട് വച്ചിട്ടുണ്ടെന്നും എന്നാൽ അണ്ണാൻ ഒരു കെണിയിലും വീഴുന്നില്ലെന്ന് സർവകലാശാല ജീവനക്കാരും പറയുന്നു. സംഗതി എന്താണെങ്കിലും അണ്ണാൻറെ കടിയേറ്റവർ ടെറ്റനസ് കുത്തിവയ്പ്പ് എടുക്കേണ്ടത് നിർബന്ധമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശൈലേന്ദ്ര കുമാർ ശർമ്മ പറഞ്ഞു. ചിലപ്പോൾ ചില നിറങ്ങൾ മൂലമുണ്ടാകുന്ന ഭാഗിക അന്ധതയോ പ്രകോപനമോ അണ്ണാനെ ആക്രമണകാരിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.