തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി യാത്ര ചെയ്യുകയായിരുന്ന രണ്ട് പട്ടാളക്കാർ ട്രെയിനിൽ ടോയ്‌ലറ്റിന് സമീപം നിലത്ത് കിടന്നുറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ടിടിഇ അവർക്ക് ഉറങ്ങാനായി രണ്ട് ബർത്തുകൾ സംഘടിപ്പിച്ചു നൽകി. ഈ കരുതലിന്റെ വീഡിയോ വൈറലായതോടെ ടിടിഇക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

തിർത്തി തർക്കങ്ങളൊന്നുമില്ലാതെ സമാധാനപരമായി ജനങ്ങൾ ജീവിക്കുന്ന ഒരു രാജ്യത്ത് പട്ടാളക്കാർക്ക് അത്രയ്ക്കും ആദരമോ ബഹുമാനമോ കിട്ടിയെന്ന് വരില്ല. എന്നാൽ, രാജ്യം എപ്പോഴെങ്കിലും ശത്രുക്കളുടെ ആക്രമണം പ്രതീക്ഷിച്ചിരിക്കുന്ന സമായത്താണ് പട്ടാളക്കാരോട് പ്രത്യേക സ്നേഹവും ആദരവും പൗരന്മാർ പ്രകടിപ്പിക്കുന്നു. ലോകമിന്ന് ഒരു മൂന്നാം ലോകയുദ്ധത്തിന് മുന്നിലൂടെയാണ് കടന്ന് പോകുന്നത്. യുഎസ്എയും ഇസ്രയേലും ചേർന്ന് ഇറാൻ അക്രമിച്ചതോടെ ലോകത്ത് അതുവരെ നിലനിന്നിരുന്ന സന്തുലിതാവസ്ഥ തകിടം മറിഞ്ഞു. യുദ്ധം ഈ മൂന്ന് രാജ്യങ്ങളെ മാത്രമല്ല, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളെയും നേരിട്ടോ അല്ലാതെയോ ബാധിച്ച് തുടങ്ങി. ഇതിനിടെയാണ് ഒരു രാത്രികാല ഇന്ത്യൻ ട്രെയിനിൽ ടോയ്ലറ്റിന് മുന്നിൽ ഉറങ്ങിയ പട്ടാളക്കാർക്ക് ഉറങ്ങാനായി ആ ട്രെയിനിലെ ടിടിഇ രണ്ട് ബർത്ത് റെഡിയാക്കി കൊടുത്തത്. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ അവർ അത് അർഹിക്കുന്നുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്.

ടിടിഇയുടെ കരുതൽ

ട്രെയിൻ ടോയ്‌ലറ്റുകൾക്ക് സമീപം ഉറങ്ങിക്കിടന്ന ജവാൻമാരെ ടിടിഇ വിളിച്ച് എഴുന്നേൽപ്പിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. എഴുന്നേറ്റ ഉടനെ തങ്ങളുടെ ആർമി ഐഡന്‍റിറ്റി കാർഡ് പട്ടാളക്കാർ ടിടിഇയെ കാണിക്കുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അടിയന്തരമായി വിളിക്കപ്പെട്ട രണ്ട് സൈനീകരായിരുന്നു അവർ. പെട്ടെന്ന് അത്തിചേരേണ്ടതിനാൽ റിസർവ് ചെയ്ത് പോകാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു അവർ. ഇരുവരുടെയും ഐഡികൾ പരിശോധിച്ച ടിടിഇ, ഇരുവർക്കും മാന്യമായി ഉറങ്ങാനായി രണ്ട് ബർത്തുകൾ സംഘടിപ്പിച്ച് നൽകി. ടിടിഇയുടെ ഈ കരുതൽ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. അവർ ടിടിഇയെ പ്രശംസിക്കാനായെത്തി.

View post on Instagram

ടിടിഇയ്ക്ക് പ്രശംസ

രാജ്യത്തിന്‍റെ അതിർത്തി കാക്കുന്ന പട്ടാളക്കാർക്ക് ഉറങ്ങാനായി ബർത്ത് കണ്ടെത്തി നൽകിയ ടിടിഇയെ വീഡിയോ കണ്ടവരെല്ലാം പ്രശംസിച്ചു. ഈ രാജ്യത്തിനായി എല്ലാം ത്യജിക്കുന്ന ഈ ധീര ജവാൻമാർക്കായി നിങ്ങളുടെ കഴിവിന്‍റെ പരമാവധി ചെയ്യുകയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. അതേസമയം മറ്റ് ചിലർ പട്ടാളക്കാർ ഈ തരത്തിൽ പോകേണ്ടിവന്നത് സിസ്റ്റത്തിന്‍റെ തകരാറ് കൊണ്ടാണെന്ന് കുറ്റം പറഞ്ഞു. "ആദ്യം അവർ വാഷ്‌റൂമിന് സമീപം ഉറങ്ങുന്നത് എന്തുകൊണ്ടാണ്, ഇത് നമ്മുടെ സംവിധാനത്തിന് നാണക്കേടാണ്. ടിടിഇയോടുള്ള ബഹുമാനം." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറച്ചത്. അതേസമയം മറ്റ് ചിലർ വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. വീഡിയോ ഇത്തരമൊരു രംഗം ചിത്രീകരിക്കാനായി ഷൂട്ട് ചെയ്തത് പോലെയുണ്ടെന്നായിരുന്നു ചിലരുടെ കുറിപ്പ്. മറ്റ് ചിലർ പട്ടാളക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിളിക്കുമ്പോൾ അവർക്ക് യഥാവിധി യാത്ര ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷനോ പട്ടാളമേധാവികളോ ചെയ്ത് കൊടുക്കേണ്ടതാണെന്നും അവർ ഉത്തരവാദിത്വം കൃത്യമായി ചെയ്യാത്തത് കൊണ്ടാണ് സാധാരണക്കാരായ പട്ടാളക്കാർക്ക് വാഷ്റൂമിന്‍റെ മുന്നിൽ കിടന്നുറങ്ങേണ്ടിവരുന്നതെന്നും ചിലർ ചൂണ്ടിക്കാണിച്ചു.