ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് താമസം മാറിയ പ്രജ്ഞാ ഗുപ്ത എന്ന യുവതി, താന്‍ ഇപ്പോഴും തുടരുന്ന അഞ്ച് ഇന്ത്യന്‍ ശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. വീട്ടില്‍ ഷൂ ധരിക്കാതിരിക്കുക, സമ്പാദ്യം തുടങ്ങിയ ശീലങ്ങള്‍ വിദേശ ജീവിതത്തില്‍ തന്നെ ശക്തയാക്കുന്നു.

മാതൃരാജ്യത്ത് നിന്നും ഏറെ അകലേയ്ക്ക് പോയിട്ടും സ്വന്തം ജീവിതത്തില്‍ നിന്നും ചില കാര്യങ്ങൾ പറിച്ചെറിയാൻ കഴിയുന്നില്ലെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് താമസം മാറ്റിയ പ്രജ്ഞാ ഗുപ്തയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. യുഎസിലെ ഒരു കടൽത്തീരത്ത് കൂടി സ്വീമ്മിംഗ് വസ്ത്രത്തില്‍ ഓടിക്കൊണ്ടുള്ള തന്‍റെ ചെറുവീഡിയോയ്ക്കൊപ്പം എഴുതിയ കുറിപ്പിലാണ് അവര്‍ തന്നെ വിട്ടുമാറാത്ത ആ അഞ്ച് കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ഒപ്പം മാതൃരാജ്യം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക് താമസം മാറിയത് കൊണ്ട് നമ്മൾ നമ്മളല്ലാതാകുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.

മാറാത്ത ശീലങ്ങൾ

വിദേശത്തേക്ക് പോകുന്നത് ഒരാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നില്ലെന്നും, പഴയ ചില ശീലങ്ങൾ ഒരാളെ ഒരു വിദേശ രാജ്യത്ത് കൂടുതൽ ശക്തനാക്കുന്നുവെന്നും യുവതി എഴുതി. പുതിയൊരു രാജ്യത്തേക്ക് താമസം മാറുമ്പോൾ പലപ്പോഴും അതിജീവനത്തിനായി പഴയ ശീലങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെങ്കിലും, വിദേശ ജീവിതം മികച്ചതാക്കാൻ ചില സ്വഭാവ വിശേഷങ്ങൾ അത്യാവശ്യമാണെന്നും യുഎസിലേക്ക് മാറിയ യുവതി കൂട്ടിചേർക്കുന്നു. ഒപ്പം താന്‍ പിടാതെ പിടിച്ചിരിക്കുന്ന അഞ്ച് ശീലങ്ങളെ കുറിച്ചും അതിനുള്ള കാരണങ്ങളെന്തൊക്കെയെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.

View post on Instagram

വീട്ടിൽ ഷൂ ധരിക്കാതിരിക്കുക. ഇന്ത്യൻ 'ജുഗാദ്' മാനസികാവസ്ഥ നിലനിർത്തുക, ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ ലാഭിക്കുക, പതിവായി വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക, കുടുംബവുമായി ബന്ധം പുലർത്തുക എന്നിവ താൻ ഇനിയും ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ആ അഞ്ച് ശീലങ്ങളെന്ന് യുവതി എഴുതുന്നു. വീട്ടിൽ ഷൂ ധരിക്കാതെ സൂക്ഷിക്കുന്നത് വീടും ഷൂവും വൃത്തിയുള്ളതാക്കുമെന്നും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരവും താൻ ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ടതുമായ ഭക്ഷണത്തിന് ഇടം നൽകുന്നെന്നും പ്രജ്ഞാ ഗുപ്ത വ്യക്തമാക്കുന്നു.

ചെലവ് കുറച്ച് സമ്പാദ്യം

തന്‍റെ ഇന്ത്യൻ ജുഗാദ് മനോഭാവം യുഎസിൽ തനിക്ക് ഒരു സൂപ്പർ പവർ പോലെയാണ് അനുഭവപ്പെട്ടതെന്നും അവർ എഴുതുന്നു. കാരണം അത് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും, വേഗത്തിൽ കാര്യങ്ങളുമായി പൊരുത്തപ്പെടാനും, ഏത് സാഹചര്യത്തെയും തനിക്കായി പരമാവധി പ്രയോജനപ്പെടുത്താനും തന്നെ സഹായിക്കുന്നു. യുഎസിലെ വൈവിധ്യമാർന്ന തെരഞ്ഞെടുപ്പുകളും നിർബന്ധിത ഉപഭോക്തൃത്വവും നിങ്ങളെ ചിന്തിക്കാതെ തന്നെ ചെലവഴിക്കാൻ പ്രേരിപ്പിക്കും. എന്നാല്‍ ഇന്ത്യയിലെ സമ്പാദ്യമെന്ന അച്ചടക്കം വലിയ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്നും നിങ്ങളെ രക്ഷിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ സമ്പാദിച്ചാണ് താനിപ്രശ്നം മറികടക്കുന്നതെന്നും അവ‍ർ വിശദീകരിക്കുന്നു.

ഇന്ത്യയിലെ ബന്ധുക്കളുമായി ബന്ധപ്പെടാൻ രണ്ട് സമയമെന്നതൊരു പ്രശ്നമല്ല. പതിവ് വീഡിയോ കോളുകൾ. ചില ഇമോജികൾ. ചെറിയ ചെക്കിന്നുകൾ അപ്ഡേറ്റുകൾ... ഇത് നാടുമായും ബന്ധുക്കളുമായുമുള്ള ബന്ധം നിലനിർത്തുന്നു. ഇത് വൈകാരികമായ ശക്തിപ്പെടലിന് വഴിയൊരുക്കുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ച് പ്രവാസം നിങ്ങളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുകയല്ല മറിച്ച് ശാക്തീകരിക്കുകയാണെന്നും അവർ വിശദീകരിക്കുന്നു. അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന പ്രജ്ഞാ ഗുപ്ത നാല് ഭൂഖണ്ഡങ്ങൾ അടക്കം 24 രാജ്യങ്ങൾ സ‌ന്ദർശിച്ചിട്ടുണ്ട്.