ഫാർമസിസ്റ്റ് തസ്തികയിലേക്ക് അഭിമുഖത്തിന് പോയ യുവതിക്ക് ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനേക്കാൾ കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്ത സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രൊഫഷണൽ യോഗ്യതയുള്ള തസ്തികയ്ക്ക് 12,000 രൂപ വാഗ്ദാനം ചെയ്തപ്പോൾ, ക്ലീനറുടെ ശമ്പളം 16,000 രൂപയായിരുന്നു. ഈ സംഭവം ആരോഗ്യ രംഗത്തെ തൊഴിൽ ചൂഷണത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വഴിവെച്ചു.
ആശുപത്രിയിലെ ഫാർമസിസ്റ്റ് ഒഴിവിലേക്ക് അഭിമുഖത്തിന് എത്തിയ യുവതിക്ക് ലഭിച്ച ശമ്പള വാഗ്ദാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ആശുപത്രിയിൽ ക്ലീനറായി ജോലി ചെയ്യുന്ന ജീവനക്കാരിക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കുറഞ്ഞ തുകയാണ് ഫാർമസിസ്റ്റ് തസ്തികയ്ക്ക് വാഗ്ദാനം ചെയ്തതെന്ന് യുവതി വെളിപ്പെടുത്തി. ഇതോടെ ചികിത്സയ്ക്ക് അമിത തുക വാങ്ങുന്ന ആശുപത്രികൾ തങ്ങളുടെ ജീവനക്കാർക്ക് മാന്യമായ ശമ്പളം എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമായി.
ക്ലീനിംഗ് സ്റ്റാഫിന് 16,000 രൂപ
ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച ആഷ എന്ന യുവതിയാണ് തനിക്ക് നേരിട്ട അനുഭവം വിശദീകരിച്ചത്. ഫാർമസിസ്റ്റ് ഒഴിവിനെക്കുറിച്ച് അന്വേഷിക്കാനാണ് താൻ ആശുപത്രിയിലെത്തിയതെന്ന് അവർ പറയുന്നു. അഭിമുഖത്തിന് മുമ്പ് ആശുപത്രിയിൽ തറ വൃത്തിയാക്കുകയായിരുന്ന ഒരു ജീവനക്കാരിയുമായി സംസാരിച്ചു. സംഭാഷണത്തിനിടെ അവരുടെ മാസശമ്പളം എത്രയാണെന്ന് ചോദിച്ചപ്പോൾ 16,000 രൂപയെന്നായിരുന്നു മറുപടി. ഇത് കേട്ടതോടെ ഫാർമസിസ്റ്റ് പോലുള്ള പ്രൊഫഷണൽ യോഗ്യത ആവശ്യമായ തസ്തികയ്ക്ക് കുറഞ്ഞത് 18,000 മുതൽ 20,000 രൂപവരെയെങ്കിലും ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്നും ആഷ വീഡിയോയിൽ പറയുന്നു.
20,000 പ്രതീക്ഷിച്ചു, പക്ഷേ...
തുടർന്ന് എച്ച് ആർ വിഭാഗവുമായി നടത്തിയ അഭിമുഖത്തിൽ ശമ്പളത്തെ കുറിച്ച് കേട്ടപ്പോൾ താൻ തകർന്ന് പോയെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ഫാർമസിസ്റ്റായി മുൻപരിചയമുണ്ടോയെന്ന് എച്ച്ആർ ചോദിച്ചപ്പോൾ, ഫാർമസിയിൽ ആദ്യമാണെന്നും ആരോഗ്യരംഗത്ത് നാല് വർഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും അവർ മറുപടി പറഞ്ഞു. പിന്നാലെ ഫ്രഷർമാർക്ക് ആശുപത്രിയിൽ അടിസ്ഥാന ശമ്പളമായി 12,000 മുതൽ 14,000 രൂപവരെയാണ് നൽകുന്നതെന്ന് എച്ച്ആർ അറിയിച്ചു. ദിവസം 10 മണിക്കൂർ ജോലി, അഞ്ച് ദിവസത്തോളം തങ്ങളുടെ ജോലിയെ നിരീക്ഷിക്കും അതിന്‍റഎ അടിസ്ഥാനത്തിലാകും ശമ്പളം. അത് 12,000, 13,000 അല്ലെങ്കിൽ 14,000 രൂപ വരെയാകാമെന്നും എച്ച് ആർ പറഞ്ഞതായി ആഷ വെളിപ്പെടുത്തി. ആശുപത്രി സാധാരണയായി പുതിയ ആളുകളെ നിയമിക്കാറില്ലെന്നും, ഇനി അങ്ങനെ നിയമിക്കുകയാണെങ്കിൽ നിയമിച്ചാൽ ഇതാണ് തുടക്ക ശമ്പളമെന്നും എച്ച് ആർ കൂട്ടിച്ചേർത്തു.
ആരോഗ്യ രംഗത്തെ തൊഴിലാളി ചൂഷണം
എച്ച് ആറിന്‍റെ മറുപടി കേട്ട് താൻ അമ്പരന്നെന്നും ചിരിക്കാതെ വയ്യാത്ത അവസ്ഥയിലായെന്നും ഒടുവിൽ അഭിമുഖം അവസാനിപ്പിച്ച് മടങ്ങിയെന്നും യുവതി വീഡിയോയിൽ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നിരവധി പേരാണ് ആരോഗ്യ രംഗത്തെ തൊഴിലാളി ചൂഷണത്തിനെതിരെ കുറിപ്പെഴുതിയത്. ശമ്പള ഘടനയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. പ്രൊഫഷണൽ യോഗ്യത ആവശ്യമായ ആരോഗ്യ മേഖലയിൽ ഇത്രയും കുറഞ്ഞ പ്രതിഫലം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് നിരവധി പേർ വിമർശിച്ചു. അതേസമയം, ക്ലീനറുടെ ശമ്പളവുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും, വർഷങ്ങളായുള്ള സേവനപരിചയവും മറ്റ് ആനുകൂല്യങ്ങളും ശമ്പളത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും മറ്റ് ചിലരും അഭിപ്രായപ്പെട്ടു.


