അമ്മയ്ക്ക് സർപ്രൈസായി മകളുടെ പിറന്നാള്‍ സമ്മാനം. സ്വർണക്കമ്മൽ സമ്മാനിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സമ്മാനം കണ്ട് അമ്മ ആദ്യം അമ്പരക്കുകയും പിന്നീട് ആഹ്ലാദിക്കുകയും ചെയ്യുന്ന വീഡിയോയാണ് ആളുകളുടെ ഹൃദയം കവര്‍ന്നത്.
പഠിച്ച് ഒരു ജോലിയൊക്കെ വാങ്ങി അമ്മയ്ക്കും അച്ഛനുമൊക്കെ നല്ല നല്ല സമ്മാനങ്ങൾ വാങ്ങി നൽകണം. അവരെ സന്തോഷിപ്പിക്കണം. ഇങ്ങനെ ആഗ്രഹിക്കാത്ത മക്കൾ കുറവായിരിക്കും. പ്രത്യേകിച്ചും പെൺമക്കൾ അമ്മമാർക്ക് ജ്വല്ലറികളും വസ്ത്രങ്ങളും ചെരിപ്പുകളും ഒക്കെ വാങ്ങി നൽകാൻ വലിയ ഇഷ്ടമുള്ളവരാണ്. സർപ്രൈസായി അമ്മമാർക്ക് ഇത്തരം സമ്മാനങ്ങൾ നൽകുമ്പോൾ അവരിലുണ്ടാകുന്ന ആഹ്ലാദവും അഭിമാനവും കാണാൻ ഏറെ ആകാംക്ഷയോടെ നാം കാത്തുനിൽക്കാറുണ്ട്. അത് കിട്ടുമ്പോഴുള്ള അമ്മമാരുടെ സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണ്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം സ്പർശിക്കുന്നത്.
ഒരു മകൾ അമ്മയ്ക്ക് അവരുടെ പിറന്നാളിന് സർപ്രൈസായി സ്വർണത്തിന്റെ കമ്മൽ സമ്മാനിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് അപർണ എന്ന യുവതിയാണ്. വീഡിയോ തുടങ്ങുമ്പോൾ തന്നെ അപർണ അമ്മയ്ക്ക് വേണ്ടിയുള്ള കമ്മൽ ജ്വല്ലറിയിൽ ചെന്ന് വാങ്ങുന്നതാണ് കാണുന്നത്. ശേഷം നന്നായി ഒരു ഗിഫ്റ്റ് പേപ്പറിലൊക്കെ പൊതിഞ്ഞ് അത് വീട്ടിലെത്തി അമ്മയ്ക്ക് കൈമാറുന്നത് കാണാം. ആദ്യം ഇത് എന്താണ് എന്ന് അമ്മയ്ക്ക് മനസിലാകുന്നില്ല. സ്വർണമാണ് എന്ന് മനസിലാകുമ്പോൾ തന്നെ അമ്മ അമ്പരന്ന് പോകുന്നുണ്ട്. പിന്നീട് അത് തുറന്ന് സ്വർണത്തിന്റെ കമ്മലാണ് എന്ന് കൂടി കണ്ടതോടെ അമ്മ കൂടുതൽ അമ്പരക്കുകയും ആ അമ്പരപ്പ് പിന്നീട് ആഹ്ലാദത്തിനും അഭിമാനത്തിനും വഴിമാറുകയും ചെയ്യുന്നു.
എല്ലാ അമ്മമാരേയും പോലെ തന്നെ ഈ അമ്മയും, 'ഇത്രയും പൈസ ചെലവഴിച്ചത് എന്തിനാണ്' എന്ന ചോദ്യം മകളോട് ചോദിക്കുന്നുണ്ട്. പിന്നീട് അവർ ആ കമ്മലുകൾ ധരിച്ചു നോക്കുന്നതും കാണാം. വീഡിയോയുടെ കാപ്ഷനിൽ അപർണ കുറിച്ചിരിക്കുന്നത്, 'ഈ ലോകത്തിലെ എല്ലാ സന്തോഷവും നിങ്ങൾക്ക് നൽകാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നാണ്. അതിമനോഹരമായ ഈ നിമിഷങ്ങൾ അനേകം പേരാണ് സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. എല്ലാ അമ്മമാരുടെയും അഭിമാന നിമിഷമെന്നും എല്ലാ മക്കളും കാത്തിരിക്കുന്ന നിമിഷമെന്നും ആളുകൾ കമന്റ് നൽകി.


