ബാഗേജ് ഫീ ഒഴിവാക്കാൻ ഒരു യുവതി തന്‍റെ വളർത്തുപൂച്ചയെ തൊപ്പിയായി തലയിൽ വെച്ച് വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി. യുവതിയുടെ തന്ത്രത്തെയും പൂച്ചയുടെ ശാന്തതയെയും പറ്റി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുമ്പോൾ, ഇത് അനുകരിക്കരുതെന്ന മുന്നറിയിപ്പുകളും ഉയരുന്നുണ്ട്.
വിമാനത്താവളങ്ങളിലെ ബാഗേജ് ഫീ ഒഴിവാക്കാൻ ആളുകൾ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ഒന്നിന് പുറമെ ഒന്നായി പത്തോളം സ്വെറ്ററുകൾ ധരിച്ചും മറ്റും ഉദ്യോഗസ്ഥരെ പറ്റിക്കാൻ നോക്കുന്നവർക്കിടയിൽ, ഇപ്പോൾ ഒരു യുവതി നടത്തിയ വേറിട്ട പരീക്ഷണം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. തന്‍റെ വളർത്തുപൂച്ചയെ ഒരു തൊപ്പി പോലെ തലയിൽ വെച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ എക്സിൽ വൈറലായിരിക്കുന്നത്.
പൂച്ചത്തൊപ്പി
അമേരിക്കയിലെ ടാമ്പ എയർപോർട്ടിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് പറയപ്പെടുന്നു. വീഡിയോയിൽ അതീവ ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന യുവതിയുടെ തലയിൽ അനങ്ങാതെ ഇരിക്കുന്ന പൂച്ചയെ കണ്ടാൽ ഒരു 'ഹൈ-ഫാഷൻ' രോമത്തൊപ്പി ആണെന്നേ ആരും കരുതൂ. ദൂരത്ത് നിന്ന് നോക്കുമ്പോൾ വസ്ത്രത്തിന്‍റെ നിറവുമായി പൂച്ചയുടെ രോമങ്ങൾ ചേർന്നിരിക്കുന്നതിനാൽ ഇതൊരു ജീവനുള്ള മൃഗമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഒരു കുപ്പി വെള്ളം പോലും സുരക്ഷാ പരിശോധന കടത്തിവിടാൻ സാധിക്കാത്ത സാധാരണക്കാർക്കിടയിൽ, ഇത്രയും തന്ത്രപരമായി പൂച്ചയെ കൊണ്ടുപോയ ഇവർ ഒരു 'ജീനിയസ്' ആണെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.
അനുകരിക്കാൻ ശ്രമിക്കേണ്ടെന്ന്
എങ്കിലും, പൂച്ച സ്നേഹികളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് ആ മൃഗത്തിന്‍റെ ശാന്തതയാണ്. സാധാരണയായി യാത്രകളിൽ അസ്വസ്ഥരാകാറുള്ള പൂച്ചകൾ ഇത്രയും സമാധാനത്തോടെ ഒരാളുടെ തലയിൽ ഇരിക്കുന്നത് അവിശ്വസനീയമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേസമയം, ഇത് അനുകരിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പൂച്ചയെ ഒന്ന് അധികം നേരം കൈയ്യിൽ പിടിച്ചാൽ തന്നെ മാന്തിക്കീറുന്ന അനുഭവമുള്ളവർക്ക്, ഈ 'പൂച്ചത്തൊപ്പി' വിദ്യ ഒരു സ്വപ്നം മാത്രമാണെന്നാണ് ഇവരുടെ പക്ഷം. ഈ വിരുതൻ യാത്രക്കാരി ആരാണെന്നോ, അവർ എങ്ങനെ സുരക്ഷാ പരിശോധനകൾ മറികടന്നു എന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.


