തൻ്റെ ഭർത്താവ് ടോണി മരിച്ച ദിവസം തനിക്കായി തയ്യാറാക്കി തന്ന ജപ്പാനീസ് കറിയാണ് ഇതെന്നും അവർ പറയുന്നു.
ചില വേർപിരിയലുകൾ മനുഷ്യമനസുകളിൽ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. എന്നാൽ, കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നാണ് പറയുന്നത്. കാലം പല ഓർമ്മകളെയും നമ്മിൽ നിന്നും മായ്ച്ചു കളഞ്ഞാലും, ഒരിക്കലും നഷ്ടപ്പെട്ടു പോകരുത് എന്ന് കരുതി നാം സൂക്ഷിച്ചു വയ്ക്കുന്ന ചിലതില്ലേ? നമ്മിൽ നിന്നും അകന്നുപോയ ചില മനുഷ്യരെ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ കാത്തുസൂക്ഷിക്കുന്ന ചില ചെറിയ കാര്യങ്ങൾ.
ഓർമ്മകളുടെ അത്തരം ഒരു വീണ്ടെടുക്കലിനായി ഒരു സ്ത്രീ കഴിഞ്ഞദിവസം രണ്ടുവർഷമായി താൻ ഫ്രീസ് ചെയ്ത് കാത്തുസൂക്ഷിച്ച ഭക്ഷണം കഴിച്ചത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ തൻ്റെ ഭർത്താവ് അവസാനമായി പാചകം ചെയ്ത കറിയാണ് അവർ ഇപ്പോൾ വീണ്ടും കഴിച്ചത്.
സബ്രീന (@sabfortony) എന്ന സ്ത്രീയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഭർത്താവ് അവസാനമായി തനിക്കായി പാചകം ചെയ്ത കറി കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഭർത്താവിന്റെ മരണശേഷം അതിൽ ഒരു ഭാഗം താൻ എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വീഡിയോയിൽ സബ്രീന പറയുന്നത്.
തൻ്റെ ഭർത്താവ് ടോണി മരിച്ച ദിവസം തനിക്കായി തയ്യാറാക്കി തന്ന ജപ്പാനീസ് കറിയാണ് ഇതെന്നും അവർ പറയുന്നു. അപ്രതീക്ഷിതമായി അദ്ദേഹത്തിൻറെ വിയോഗം തന്നെ തളർത്തി എന്നും പക്ഷേ ആ ഓർമ്മകൾ എന്നും കൂടെയുണ്ടാകാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തതെന്നും ആണ് ഇവർ പറയുന്നത്.
ഏറെ വൈകാരികമായാണ് വീഡിയോയോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചത്. ഭർത്താവിൻറെ ഓർമ്മകൾ എന്നെന്നും അവരോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് വീഡിയോ കണ്ട നിരവധി പേർ ആശംസിച്ചു. അതേസമയം ചിലർ ഇത്രയും കാലത്തിന് ശേഷം ഇത് കഴിക്കാമോ എന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 5.5 ദശലക്ഷം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
