സംഭവത്തിന് പിന്നാലെ പുറത്ത് വിട്ട മറ്റൊരു വീഡിയോയിൽ കഴിഞ്ഞ പത്ത് പതിനെട്ട് വർഷമായി താൻ ഒരു മൃഗാവകാശ പ്രവർത്തകയായി ജോലി ചെയ്യുകയാണെന്ന് ഡിംപി അവകാശപ്പെട്ടു.

തെരുവ് നായ്ക്കളെ ഉപദ്രവിച്ചുവെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ വടികൊണ്ട് അടിക്കുകയും, അസഭ്യം പറയുകയും ചെയ്ത് സ്ത്രീ. ഒരു മൃഗാവകാശ പ്രവർത്തകയാണ് താനെന്നാണ് സ്ത്രീ അവകാശപ്പെടുന്നത്. അവരുടെ പേര് ഡിംപി മഹേന്ദ്രു. ജീവനക്കാരനെ അവർ വടി ഉപയോഗിച്ച് മർദിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. മൃഗാവകാശ പ്രവർത്തകയായ മനേക ഗാന്ധിയോട് അയാളെക്കുറിച്ച് പരാതിപ്പെടുമെന്ന് ഡിംപി യുവാവിനെ ഭീഷണിപ്പെടുത്തും വീഡിയോയിൽ കാണാം.

ന്യൂ ആഗ്ര പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള എൽഐസി ഓഫീസർ കോളനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് യുവാവ്. അദ്ദേഹത്തിന്റെ പേര് അഖിലേഷ് സിംഗ്. താൻ ഒരു മുൻ സൈനികനാണെന്നും തെരുവ് നായ്ക്കളെ കോളനിയിൽ നിന്ന് ഓടിക്കാൻ ശ്രമിക്കുകയാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നത് കേൾക്കാം. ഡിംപി തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, മൃഗാവകാശ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്തു കഴിഞ്ഞുവെന്നും ആഗ്ര പൊലീസ് അറിയിച്ചു. “ഒരു സ്ത്രീ ഗാർഡിനെ വടികൊണ്ട് അടിക്കുന്ന വീഡിയോ ഓൺലൈനിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വീഡിയോ ആഗ്ര പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്" സിറ്റി പൊലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.

ഏകദേശം രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ക്ലിപ്പിൽ, ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ, കൈയിലുള്ള വടി കൊണ്ട് ഗാർഡിനെ അടിക്കുന്നതും ബഹളം വയ്ക്കുന്നതും ഒക്കെ കാണാം. സെക്യൂരിറ്റി ജീവനക്കാരനായ അഖിലേഷ് സിംഗ് പരാതി നൽകിയിട്ടുണ്ടെന്നും, അദ്ദേഹത്തെ മർദിച്ച സ്ത്രീയുടെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്നും ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിജയ് വിക്രം സിംഗ് പിടിഐയോട് പറഞ്ഞു.

Scroll to load tweet…

സംഭവത്തിന് പിന്നാലെ പുറത്ത് വിട്ട മറ്റൊരു വീഡിയോയിൽ കഴിഞ്ഞ പത്ത് പതിനെട്ട് വർഷമായി താൻ ഒരു മൃഗാവകാശ പ്രവർത്തകയായി ജോലി ചെയ്യുകയാണെന്ന് ഡിംപി അവകാശപ്പെട്ടു. രണ്ട് മൂന്ന് ദിവസം മുമ്പ് കോളനിയിൽ നിന്ന് തനിക്ക് ഒരു ഫോൺ കാൾ ലഭിച്ചെന്നും, നായ്ക്കളെ സെക്യൂരിറ്റി ജീവനക്കാരൻ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും പറഞ്ഞായിരുന്നു കാളെന്നും അവർ പറഞ്ഞു. പക്ഷേ, ഫോൺ കാൾ വന്ന സമയം താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും, അതുകൊണ്ടാണ് വരാൻ വൈകിയതെന്നും അവർ അതിൽ പറഞ്ഞു.

ഒടുവിൽ കോളനിയിൽ എത്തിയപ്പോൾ, സെക്യൂരിറ്റി ജീവനക്കാരൻ നായ്ക്കളെ വടികൊണ്ട് അടിക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു. അയാളെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ തന്നെ തല്ലാൻ തുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. ഒടുവിൽ അയാളുടെ കൈയിലെ വടി പിടിച്ച് വാങ്ങുകയായിരുന്നു താനെന്നും വീഡിയോവിൽ ഡിംപി പറയുന്നു. സെക്യൂരിറ്റി ജീവനക്കാരന് മാനസിക പ്രശ്‌നമാണ് എന്നും അവർ വീഡിയോയിൽ പറയുന്നത് കേൾക്കാം. സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടതും ഡിംപി തന്നെയാണ്.