250 പൗണ്ടിലേറെ ഭാരമുള്ള കൂറ്റൻ അലിഗേറ്ററിനെ യാതൊരു ഭയവും കൂടാതെ കൈകളിലെടുത്ത് നടക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഡാർത്ത് എന്ന് പേരുള്ള ഈ അലിഗേറ്ററും യുവതിയും തമ്മിൽ വർഷങ്ങളായുള്ള അടുത്ത ബന്ധമാണുള്ളത്. യുവതിയുടെ ആത്മവിശ്വാസവും അലിഗേറ്ററിന്‍റെ ശാന്തതയും കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസെൺസ്.
250 പൗണ്ടിലേറെ ഭാരമുള്ള കൂറ്റൻ അലിഗേറ്ററിനെ യാതൊരു ഭയവും കൂടാതെ കൈകളിലെടുത്ത് നടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാധാരണ ഒരാളെ കണ്ടാൽ തന്നെ ഭയപ്പെടുത്തുന്ന വലുപ്പമുള്ള അലിഗേറ്ററിനെ വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ കാഴ്ച.
'ഏറെക്കാലത്തെ ബന്ധമെന്ന്'
‘ഡാർത്ത്’ (Darth) എന്ന് പേരുള്ള അലിഗേറ്ററെയാണ് യുവതി കൈകളിലെടുത്തിരിക്കുന്നത്. ദീർഘകാലമായി ഡാർത്തിനൊപ്പം ഇടപഴകുന്നതിനാൽ ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധം രൂപപ്പെട്ടിട്ടുണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. യുവതിയുടെ കൈകളിൽ ഇരിക്കുമ്പോഴും ഡാർത്ത് അസാധാരണമായ ശാന്തതയോടെയാണ് പെരുമാറുന്നത്.
റിപ്റ്റൈൽ സൂവിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. ഡാർത്തിന് 250 പൗണ്ടിലേറെ ഭാരമുണ്ടെന്നും, വർഷങ്ങളായി യുവതിക്കൊപ്പമുള്ളതിനാൽ ഇരുവരും തമ്മിൽ അതിശയകരമായൊരു ബന്ധം രൂപപ്പെട്ടിട്ടുണ്ടെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. അതേസമയം, പരിചയവും വിശ്വാസവും ഉണ്ടായാലും ഡാർത്ത് ഒരു വലിയ വന്യമൃഗമാണെന്നും എപ്പോഴും അതിനോട് ആവശ്യമായ ബഹുമാനവും ജാഗ്രതയും പുലർത്തണമെന്നും യുവതി കൂട്ടിച്ചേർക്കുന്നു.
അന്തംവിട്ട് നെറ്റിസെൺസ്
വീഡിയോയിൽ യുവതി കൂറ്റൻ അലിഗേറ്ററിനെ ഇരുകൈകളിലും ചേർത്തുപിടിച്ച് നടക്കുന്നതും ഡാർത്ത് ശാന്തമായി അതിനോട് സഹകരിക്കുന്നതും കാണാം. ഇതാണ് സമൂഹമാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചത്. അലിഗേറ്ററിന്‍റെ വലുപ്പത്തെയും യുവതിയുടെ ആത്മവിശ്വാസത്തെയും ശാരീരിക ശക്തിയെയും കുറിച്ച് നിരവധി പേർ കുറിപ്പുകളെഴുതി. ‘അലിഗേറ്റർ ഭീമനാണല്ലോ’, ‘ഇത്ര ധൈര്യം തനിക്കുണ്ടാകില്ല’, ‘ഇവർക്കിടയിലെ വിശ്വാസം അതിശയകരമാണ്’ തുടങ്ങിയ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.


