എന്തായാലും ഗ്രാമമുഖ്യയുടെ ഇംഗ്ലീഷ് സോഷ്യൽ മീഡിയയിലും ഇപ്പോൾ ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

രാജസ്ഥാനിലെ ബാർമറിലെ ഒരു വനിതാ സർപഞ്ച് (ഗ്രാമമുഖ്യ) ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ സംസാരിച്ചതിനെ തുടർന്നാണ് സർപഞ്ച് താരമായി മാറിയത്. ഐഎഎസ് ഓഫീസർ ടീന ദാബി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ എറ്റെടുത്തിരിക്കുന്നത്.

വൈറൽ വീഡിയോയിൽ, സോനു കൻവർ എന്ന വനിതാ സർപഞ്ചിനെ കാണാം. പരമ്പരാഗത രാജസ്ഥാനി വസ്ത്രത്തിലാണ് അവർ മൈക്കിന് മുന്നിൽ നിൽക്കുന്നത്. മുഖം മറച്ചിട്ടുമുണ്ട്. “ഈ ദിവസത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ആദ്യമായി, ഞങ്ങളുടെ കളക്ടർ ടീന മാഡത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഒരു സ്ത്രീ എന്ന നിലയിൽ, ടീന മാമിനെ സ്വാഗതം ചെയ്യുന്നത് ഒരു ബഹുമതിയായിട്ടാണ് താൻ കാണുന്നത്" എന്നാണ് അവർ വീഡിയോയിൽ പറയുന്നത്.

പിന്നീട് ജലസംരക്ഷണത്തെക്കുറിച്ചാണ് അവർ തന്റെ പ്രസംഗത്തിൽ പറയുന്നത്. കളക്ടറായ ടീന ദാബി പ്രസംഗം ഇഷ്ടപ്പെട്ടതിന് പിന്നാലെ പുഞ്ചിരിക്കുന്നുമുണ്ട്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷണർ (യുപിഎസ്‌സി) 2015 -ലെ ടോപ്പറായിരുന്നു ദാബി. ഇപ്പോളവർ ബാർമറിലെ ജില്ലാ കളക്ടറായി നിയമിക്കപ്പെട്ടിരിക്കുകയാണ്.

Scroll to load tweet…

എന്തായാലും ഗ്രാമമുഖ്യയുടെ ഇംഗ്ലീഷ് സോഷ്യൽ മീഡിയയിലും ഇപ്പോൾ ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. Kailash Singh Sodha എന്ന യൂസറാണ് എക്സിൽ (ട്വിറ്ററിൽ) വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇതാണ് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ എന്ന് കമന്റ് നൽകിയവരുണ്ട്.

അതേസമയം, ഇംഗ്ലീഷ് വിചാരിച്ചാൽ പഠിച്ചെടുക്കാൻ പറ്റുന്ന ഒരു ഭാഷ മാത്രമാണ് എന്നും ആ വനിതാ സർപഞ്ച് ഒരു ഗ്രാമത്തിലെ മുഴുവൻ കാര്യങ്ങളും നോക്കുന്നു എന്നതാണ് അതിലും പ്രധാനം എന്നും ഒരാൾ കമന്റ് നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം