100,000 ദിർഹം വിലമതിക്കുന്ന തന്റെ ബിർകിൻ ബാഗ് പൊതുസ്ഥലത്ത് വച്ച് യുവതിയുടെ പരീക്ഷണം. ബർ ദുബായിലേക്ക് ബോട്ട് യാത്ര നടത്തി തിരികെ വന്നപ്പോഴും ബാഗ് സുരക്ഷിതമായി അതേ സ്ഥലത്തുണ്ട്. ഇത് ദുബായില്‍ മാത്രം സംഭവിക്കുന്ന കാര്യമെന്നും യുവതി.
ദുബായിൽ നിന്നും ഒരു യുവതി ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് അവർ തന്റെ ലക്ഷ്വറി ബിർകിൻ ഹാൻഡ്‌ബാഗ് ഒരു പൊതുസ്ഥലത്ത് വച്ചുപോകുന്നതും, പിന്നീട് തിരിച്ചെത്തിയപ്പോൾ അത് കൃത്യമായി എവിടെ വെച്ചോ അവിടെ തന്നെയിരിക്കുന്നതായി കണ്ടെത്തുന്നതുമാണ്. അലിഷ ഹമിറാനി എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ, ബർ ദുബൈയിലേക്കും തിരിച്ചും ബോട്ടിൽ യാത്ര ചെയ്യുമ്പോൾ തന്റെ 100,000 ദിർഹം വിലയുള്ള ബിർകിൻ ബാഗ് ഗോൾഡ് സൂക്ക് ഏരിയയിൽ വച്ചുപോന്നതായി ഹമിറാനി പറയുന്നത് കാണാം. പരീക്ഷണാർത്ഥമാണ് യുവതി അത് ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് അവർ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്, "ഞാൻ എന്റെ 100,000 ദിർഹം വിലയുള്ള ബിർകിൻ ബാഗ് ഇവിടെ തന്നെ വയ്ക്കാൻ പോവുകയാണ്. ഗോൾഡ് സൂക്കിൽ നിന്ന് ബർ ദുബൈ വരെ അബ്രയിൽ യാത്ര ചെയ്ത് തിരികെ വന്ന ശേഷം എന്റെ ബാഗ് ഇപ്പോഴും ഇവിടെയുണ്ടോ എന്ന് നമുക്ക് നോക്കാം" .
എന്നാൽ, ബോട്ടിൽ യാത്ര ചെയ്യുമ്പോഴെല്ലാം താൻ ആകെ പരിഭ്രാന്തയായിരുന്നു, തന്റെ ബാഗ് ഗോൾഡ് സൂക്കിൽ തന്നെ ഉണ്ടാകുമോ എന്ന് താൻ സംശയിച്ചിരുന്നതായും യുവതി പറയുന്നു. നേരത്തെ ഇതുപോലെ ഒരു പരീക്ഷണം നടത്തിയിരുന്നതായും അതിന് ഭർത്താവിൽ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചും യുവതി പറയുന്നുണ്ട്. എന്നാൽ, തിരികെ വരുമ്പോഴും ബാഗ് ആരും എടുക്കാതെ അവിടെ തന്നെ ഇരിക്കുന്നതായി വീഡിയോയിൽ കാണാം. തന്റെ ആഡംബര ബാഗ് ആരും എടുത്തില്ല എന്നും അത് വച്ച അതേ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു എന്നും ഹമിറാനി പറയുന്നു. ഇത് ദുബായിൽ മാത്രം കാണാൻ സാധിക്കുന്ന കാര്യമാണ് എന്നും യുവതി പറയുന്നുണ്ട്.


