മുംബൈ ലോക്കൽ ട്രെയിനിന്‍റെ വാതിലിൽ തൂങ്ങി അപകടകരമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിലർ ഇതിനെ സ്ത്രീകളുടെ ധൈര്യമായി കാണുമ്പോൾ, മറ്റുചിലർ ഇത് ഭരണപരാജയത്തിന്‍റെയും സുരക്ഷിതമല്ലാത്ത പൊതുഗതാഗത സംവിധാനത്തിന്‍റെയും തെളിവാണെന്ന് വിമർശിക്കുന്നു.

മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിൻ യാത്ര ഏറെ അപകടകരമായിട്ട് കാലമേറെയായി. നിരവധി യാത്രക്കാർക്ക് ദിവസവും അപകടം സംഭവിക്കുന്ന യാത്ര. ആ യാത്ര വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. തിങ്ങിനിറഞ്ഞ ലോക്കൽ ട്രെയിനിന്‍റെ വാതിലിന് പുറത്തായി നിരവധി സ്ത്രീകൾ പിടിച്ചുതൂങ്ങി അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഓഗസ്റ്റ് 23 -ന് ‘പല്ലവി’ എന്ന എക്സ് ഉപയോക്താവ് 'സ്ത്രീ ശക്തിക്ക് പ്രണാമം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

ധൈര്യമാണോ മണ്ടത്തരമാണോ?

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജോലിക്കായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ ധൈര്യത്തെയും പ്രതിസന്ധികളോട് പൊരുതാനുള്ള മനക്കരുത്തിനെയും ചിലർ അഭിനന്ദിച്ചു. കുറഞ്ഞ വേതനമുള്ള ജോലികൾക്കുപോലും ജീവിതം പണയംവച്ച് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം അവരുടെ ആത്മവിശ്വാസവും കഠിനാധ്വാനവും വ്യക്തമാക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം ‘ഇത് ധൈര്യമാണോ മണ്ടത്തരമാണോ’ എന്നായിരുന്നു ചിലരുടെ ചോദ്യം. അപകടമുണ്ടായാൽ ഉത്തരവാദിത്തം യാത്രക്കാരുടെ മേൽ മാത്രം ചുമത്തുന്നതിന് പകരം, സുരക്ഷിതമായ പൊതുഗതാഗത സൗകര്യം ഒരുക്കേണ്ടതിന്‍റെ ആവശ്യകതയാണ് അധികൃതർ പരിഗണിക്കേണ്ടതെന്നും പ്രതികരണങ്ങളുണ്ട്.

Scroll to load tweet…

സംവിധാനങ്ങളുടെ പോരായ്മ

എന്നാൽ, വീഡിയോയെ ധൈര്യത്തിന്‍റെ ഉദാഹരണമായി കാണുന്നത് ശരിയല്ലെന്ന വിമർശനവും ശക്തമായിരുന്നു. ഭരണപരാജയത്തിന്‍റെയും രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ പോരായ്മയുമാണ് വീഡിയോ മുന്നോട്ട് വയ്ക്കുന്നതെന്നും പൊതുജനം ചോദ്യം ചെയ്യാതെ അനുസരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഇന്നും രാജ്യത്തെ സ്ത്രീകൾക്ക് ജീവൻ പണയം വച്ച് യാത്ര ചെയ്യേണ്ടേവരുന്നതെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. അപകടമുണ്ടായാൽ ഇതേ പ്രവൃത്തിയെ ‘വിവേകമില്ലായ്മ’ എന്നായിരിക്കും വിശേഷിപ്പിക്കുകയെന്നും ചിലർ ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേ സംവിധാനത്തിന്‍റെ പരാജയത്തെ മറ്റുചിലർ വിമർശിച്ചു. “നിർബന്ധിത സാഹചര്യങ്ങൾ മനുഷ്യനെ പലതും പഠിപ്പിക്കും. ജീവിക്കാൻ അപകടം ഏറ്റെടുക്കേണ്ടിവരുന്നു. ലോക്കൽ ട്രെയിൻ പലർക്കും അനുഗ്രഹമാണ്. പക്ഷേ, ഇങ്ങനെ അപകടകരമായി യാത്ര ചെയ്യരുത്. ഒരു ട്രെയിൻ പോയാൽ അടുത്തത് കിട്ടും; എന്നാൽ ഒരു ജീവിതം നഷ്ടപ്പെട്ടാൽ മറ്റൊന്ന് കിട്ടില്ല” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. പക്ഷേ, പുറകെ വരുന്ന ട്രെയിനുകളും ഇതുപോലെയാണെങ്കിൽ എന്തു ചെയ്യുമെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം,