ശരീരമാസകലം അനുഭവപ്പെടുന്ന കടുത്ത പുകച്ചിൽ കാരണം രാത്രിയും പകലും കുളത്തിൽ കഴിയേണ്ടി വന്ന പശ്ചിമ ബംഗാൾ സ്വദേശിയായ കൗമാരക്കാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് വ്യവസായി അനന്ത് അംബാനി വിഷയത്തിൽ ഇടപെടുകയും ഇക്ബാൽ എന്ന ഈ കൗമാരക്കാരന് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ചെയ്തു.
ശരീരമാകെ അനുഭവപ്പെടുന്ന കടുത്ത പുകച്ചിലിൽ നിന്നും താൽക്കാലിക ആശ്വാസം തേടി രാത്രിയും പകലും കുളങ്ങളിൽ കഴിയേണ്ടിവന്ന പശ്ചിമ ബംഗാളിലെ കൗമാരക്കാരന് ഒടുവിൽ വിദഗ്ധ ചികിത്സയ്ക്ക് വഴിയൊരുങ്ങി. മുർഷിദാബാദിലെ ബെൽഡംഗ സ്വദേശിയായ ഇക്ബാൽ, കുളത്തിൽ കിടന്ന് ഭക്ഷണം കഴിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വ്യവസായി അനന്ത് അംബാനി വിഷയത്തിൽ ഇടപെടുകയും ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ഇക്ബാലിനെ പ്രത്യേക പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
'മുങ്ങിക്കിടക്കണം, ഇല്ലെങ്കിൽ ശരീരം പൊള്ളും'
വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ മറ്റ് പ്രശ്നങ്ങളില്ലെങ്കിലും വെള്ളത്തിൽ നിന്നും പുറത്ത് വന്നാൽ ശരീരമാകെ ശക്തമായി പൊള്ളുന്നത് പോലുള്ള അനുഭവമാണ് ഇക്ബാലിനെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ അസഹനീയമായ അവസ്ഥയിൽ നിന്ന് അൽപനേരം ആശ്വാസം ലഭിക്കുന്നതിനായാണ് അദ്ദേഹം വിവിധ കുളങ്ങളിൽ മണിക്കൂറുകളോളം കഴിയുന്നത്. പലപ്പോഴും രാത്രി വൈകിയും കുളത്തിൽ പൊങ്ങിക്കിടക്കുന്ന ഇക്ബാലിനെ നാട്ടുകാർ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇക്ബാലിന്‍റെ അപൂർവ്വ രോഗത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇക്ബാൽ കഴുത്തോളം വെള്ളത്തിൽ കുളത്തിൽ കിടന്ന് കൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടിരുന്നത്.'
വിദഗ്ദ ചികിത്സ വാഗ്ദാനം ചെയ്ത് അനന്ത് അംബാനി
രോഗം തിരിച്ചറിഞ്ഞ ആദ്യ കാലങ്ങളിൽ ഇക്ബാലിന് ചികിത്സ നൽകിയിരുന്നെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അച്ഛനമ്മമാർ പറയുന്നു. അതേസമയം തുടർ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല. ഇതിനിടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. തുടർന്ന് അനന്ത് അംബാനിയുടെ നിർദേശപ്രകാരം മെഡിക്കൽ വിദഗ്ധരുടെ സംഘം ഇക്ബാലിന്‍റെ തേടിയെത്തി അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തി. തുടർന്ന് മുംബൈയിലെ സാർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രത്യേക പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.
അതേസമയം, ദിവസം മുഴുവനും ഇത്തരത്തിൽ വെള്ളത്തിൽ കിടക്കുന്നത് പുതിയ മറ്റ് പല രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചർമം അമിതമായി മൃദുവാകുകയും നിറം മാറുകയും ചെയ്യുന്നതിനൊപ്പം വിള്ളൽ, അണുബാധ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. തുടർച്ചയായ ഈർപ്പം ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കുള്ള സാധ്യതയും വർധിപ്പിക്കുമെന്നും ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു.


