പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ റോബോര്‍ട്ട് സമീപത്ത് നിന്ന ഒരു തൊഴിലാളിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ വൈറല്‍.
ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്‍റെ സർവ്വ മേഖലകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞെങ്കിലും കൃത്രിമ ബുദ്ധിയുടെ അപകടങ്ങളെക്കുറിച്ച് ഇപ്പോഴും വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരം ചർച്ചകൾ ബലപ്പെടുത്തുന്ന ഒരു സംഭവം അടുത്തിടെ ഒരു ചൈനീസ് ഫാക്ടറിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരു ഫാക്ടറിയിൽ റോബോട്ടിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരീക്ഷണത്തിനിടെ അവിടുത്തെ തൊഴിലാളിയെ റോബോട്ട് ആക്രമിക്കുകയായിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവന്നു.
റോബോട്ടിന്‍റെ ആക്രമണ സ്വഭാവം എടുത്ത് കാണിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. രണ്ട് ജീവനക്കാർക്ക് അരികിലായി ഒരു ക്രെയിനിൽ തൂങ്ങി കിടക്കുന്ന റോബോട്ട് ആണ് ആക്രമണ സ്വഭാവം കാണിച്ചത്. തീർത്തും അപ്രതീക്ഷിതമായി റോബോട്ട് സജീവമാവുകയും ആക്രമണാത്മകമായി കൈകളും കാലുകളും ചലിപ്പിക്കുകയും ചെയ്യുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ തൊഴിലാളികൾ അമ്പരപ്പോടെയും ഭയത്തോടെയും നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് തന്നെ റോബോ തൊഴിലാളികളിൽ ഒരാളെ പിന്തുടരാൻ ശ്രമിക്കുന്നു. റോബോ ലക്ഷ്യമിട്ട തൊഴിലാളി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഒടുവിൽ ജീവനക്കാരിൽ ഒരാൾ അതിന്‍റെ പവർ ഓഫ് ചെയ്തതോടെയാണ് പ്രശ്നങ്ങൾ ശാന്തമായത്.
വീഡിയോ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ സയൻസ് ഫിക്ഷൻ സിനിമകളോടാണ് ആളുകൾ ഈ സംഭവത്തെ ഉപമിച്ചിരിക്കുന്നത്. ചില ടെർമിനേറ്റർ പരമ്പരയ്ക്ക് സമാനം എന്നും വിശേഷിപ്പിച്ചു. യന്ത്രങ്ങളുമായുള്ള ഒരു യുദ്ധത്തിൽ ചിലപ്പോൾ മനുഷ്യന് വിജയിക്കാൻ സാധിച്ചുവെന്ന് വരികയില്ല എന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.വീഡിയോ വൈറൽ ആയതോടെ റോബോട്ടിക്സും എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന അപകട സാധ്യതകളെക്കുറിച്ച് നിരവധി പേർ ആശങ്ക ഉയർത്തി.


