പുണ്യനദിയായ ഗംഗയിൽ പാൽ അർപ്പിക്കുന്നതിനിടെ, അത് ശേഖരിക്കാൻ ശ്രമിച്ച പാവപ്പെട്ട കുട്ടികളെ തടഞ്ഞ യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഭക്തിയുടെ പേരിലുള്ള ഈ മനുഷ്യത്വമില്ലായ്മയെ പലരും ചോദ്യം ചെയ്തു. 

പുണ്യനദിയായ ഗംഗയിൽ പാൽ അർപ്പിക്കുന്നതിനിടെ, ആ പാൽ ശേഖരിക്കാൻ ശ്രമിച്ച പാവപ്പെട്ട കുട്ടികളെ തടയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്ത യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടക്കി. ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ എക്സിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

പാൽ ഗംഗയ്ക്ക്, വിശക്കുന്ന കുട്ടികൾക്കില്ല

ഒരു യുവാവ് വലിയൊരു പാത്രത്തിൽ നിന്ന് ഗംഗാ നദിയിലേക്ക് പാൽ ഒഴുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം നദിയിൽ ഒഴുക്കിക്കളയുന്ന പാൽ പാത്രങ്ങളിൽ ശേഖരിക്കാനായി കുറച്ച് പെൺകുട്ടികൾ അവിടേക്കെത്തി. എന്നാൽ, കുട്ടികൾ വരുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഉടൻ തന്നെ പാൽ കുട്ടികളുടെ പാത്രങ്ങളിൽ വീഴാത്ത രീതിയിൽ ദൂരേക്ക് ഒഴുക്കുന്നു. പാൽ ഗംഗയിലൊഴുക്കിയാലും വിശക്കുന്ന ആ കുട്ടികൾക്ക് ലഭിക്കരുതെന്ന വാശിയോടെയാണ് ഇയാൾ പെരുമാറിയതെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തം.

Scroll to load tweet…

ഭക്തിയല്ലിത്, കാപട്യം

വീഡിയോ വൈറലായതോടെ യുവാവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മനുഷ്യത്വമില്ലാത്ത ഭക്തിയെന്നും, നദിയിൽ കലങ്ങിപ്പോകുന്ന പാൽ വിശക്കുന്ന കുട്ടികൾക്ക് നൽകുന്നതായിരുന്നു യഥാർത്ഥ പുണ്യമെന്നും പലരും കുറിച്ചു. ദൈവത്തിന് വഴിപാട് നൽകുമ്പോൾ തന്നെ ദൈവത്തിന്‍റെ സൃഷ്ടികളായ കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നത് ഭക്തിയല്ല, മറിച്ച് കാപട്യമാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കളെഴുതി. 

സംഭവത്തിന്‍റെ ആഴത്തിലുള്ള പ്രാധാന്യം മനസ്സിലാക്കാൻ ഒരു ഉപയോക്താവ് 'ഗ്രോക്ക്' (Grok) എന്ന എഐ ചാറ്റ്ബോട്ടിന്‍റെ സഹായം തേടിയപ്പോൾ ലഭിച്ച മറുപടിയും ഇപ്പോൾ ശ്രദ്ധേയമായി. ഈ ദൃശ്യങ്ങളെ വളരെ ഗൗരവകരമായ ഒരു വൈരുദ്ധ്യമായാണ് എഐ വിലയിരുത്തിയത്. വിശുദ്ധമായ ആചാരങ്ങളും ദാരിദ്ര്യം എന്ന കഠിനമായ യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷമാണ് ഈ വീഡിയോ വ്യക്തമാക്കുന്നതെന്ന് ഗ്രോക്ക് പ്രതികരിച്ചു. ഇത്തരം സാംസ്കാരിക ആചാരങ്ങൾക്ക് സമൂഹത്തിൽ ആഴത്തിലുള്ള വേരുകളുണ്ടെങ്കിലും, ഇത്തരം ദൃശ്യങ്ങൾ വിശ്വാസത്തെ പ്രായോഗികതയുമായി ബന്ധപ്പെടുത്തി ​ഗൗരവകരമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ചാറ്റ്ബോട്ട് നിരീക്ഷിച്ചു. വിശ്വാസമെന്നത് കാരുണ്യമാണെങ്കിൽ, വഴിപാടുകൾ അർപ്പിക്കേണ്ടത് പ്രകൃതിയിലാണോ അതോ അരികിൽ നിൽക്കുന്ന വിശക്കുന്ന മനുഷ്യരിലാണോയെന്ന ചോദ്യം ഈ വീഡിയോ വീണ്ടും സജീവമാക്കി.