താജ്മഹലിന് മുന്നിൽ വെച്ച് തങ്ങളുടെ പഴയ നോക്കിയ ഫോണിൽ ഒരു ചിത്രമെടുക്കാൻ വൃദ്ധ ദമ്പതികൾ ആവശ്യപ്പെട്ട നിമിഷം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉള്ളടക്ക സൃഷ്ടാക്കൾ പകർത്തിയ ഈ ഹൃദയസ്പർശിയായ വീഡിയോയും, ചിത്രം കണ്ട ദമ്പതികളുടെ നിഷ്കളങ്കമായ സന്തോഷവും വൈറൽ.
ജീവിതത്തിലെ ചില അസുലഭ മുഹൂർത്തങ്ങൾ എന്നെന്നും ഓർത്തിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത്തരം അസുലഭ മുഹൂർത്തങ്ങൾ ഒരു ചിത്രമാക്കി സൂക്ഷിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട അത്തരമൊരു അസുലഭ നിമിഷം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. വില കൂടിയ കാമറകളോ, ഫ്ലിൽറ്ററുകളോ ഫ്രെയിമുകളിലോ അല്ല കാര്യമെന്നും ആ അസുലഭ നിമിഷത്തിലാണ് കാര്യമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം കുറിച്ചു.
താജ്മഹലിന് മുന്നിലെ ദമ്പതിമാർ
ആഗ്രയിലെ വിശ്വപ്രസിദ്ധമായ പ്രണയ കുടീരത്തിന് മുന്നിൽ വച്ച് ഏറ്റവും ലളിതവും എന്നാൽ, ഹൃദയസ്പർശിയുമായ ഒരു സംഭാഷണം പകർത്തി. ആ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലായി. വീഡിയോയിൽ വൃദ്ധ ദമ്പതികൾ മലയാളികളും സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക സൃഷ്ടാക്കളുമായ യൂ മൂസിനെയും വാജിദ് കളത്തിങ്ങലിനെയും സമീപിച്ച് തങ്ങളുടെ ഒരു ചിത്രം തങ്ങളുടെ ഫോണിൽ എടുക്കാമോയെന്ന് ചോദിക്കുന്നു. ഇരുവരും ഫോണിലെ കാമറായുടെ ഐക്കൺ തപ്പുന്നതും കാമറ കാണുന്നില്ലല്ലോയെന്ന് പറയുന്നതും വീഡിയോയിൽ കാണാം.
ഒടുവിൽ ആ പഴയ നോക്കിയ ഡയൽ ഫോണിലെ കാമറ ഓപ്ഷൻ കണ്ടെത്തിയ അവ ദമ്പതികളുടെ ചിത്രം പകർത്തുന്നു. ഇതിനിടെ ഒന്നും കാണുന്നില്ലല്ലോയെന്ന് പറയുന്നതും കേൾക്കാം. ഒടുവിൽ ആ ചിത്രം ഭർത്താവിനെ കാണിക്കുമ്പോൾ അദ്ദേഹത്തിന്‍റെ മുഖത്ത് വിരിഞ്ഞ സന്തോഷം കാണേണ്ടതായിരുന്നു. ജീവിതത്തിലെ യഥാർത്ഥ സന്തോഷത്തിന്‍റെ ആ ഒരൊറ്റ നിമിഷം ചിത്രീകരിച്ചതോടെ വീഡിയോയുടെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി.
സ്നേഹം മാത്രമെന്ന് നെറ്റിസെൻസ്
ഇത് ചിത്രത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചല്ല, ഓർമ്മയെക്കുറിച്ചാണെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഉള്ളടക്ക സൃഷ്ടാക്കൾ തങ്ങളുടെ മൊബൈലിൽ പകർത്തിയ ചിത്രവും വീഡിയോയിക്ക് മുന്നിൽ തമ്പ് ഇമേജായി കൊടുത്തിരിക്കുന്നു. അവസാനത്തെ നിഷ്ക്കളങ്ക തലമുറയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഈ ചിത്രം ഇന്‍റനെറ്റിനെ കീഴടക്കിയെന്ന് മറ്റെരു കാഴ്ചക്കാരനെഴുതി. ഏറ്റവും മികച്ച നിമിഷം പകർത്തിയ ഫോണിനോട് സ്മാർട്ട്‌ഫോണുകൾക്ക് അസൂയ തോന്നിയ ദിവസമായിരുന്നു അതെന്നായിരുന്നു മറ്റൊരു കുറിപ്പ്. വിലയേറിയ നിമിഷമെന്നും ഇതൊരു ഓർമ്മയല്ല, ജീവിതമാണ്, അത് വളരെ വിലപ്പെട്ടതാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. ചിലപ്പോൾ നമ്മൾ നിസ്സാരമായി കാണുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ സ്വപ്നങ്ങളാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.


