നിയമഭേദഗതി നിലവില്‍ വന്ന 1996 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു വര്‍ഷം കാലാവധി എന്ന നിബന്ധന അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലംഘിച്ചതായി കാണുന്നില്ല. അത്തരം സാഹചര്യങ്ങള്‍ പിന്നീട് കോടതികള്‍ അംഗീകരിച്ചിട്ടുമുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനം രാജിവയ്ക്കണമോ എന്ന് തലപുകച്ച കോണ്‍ഗ്രസ് നേതാക്കളുടെ തലയ്ക്ക് മീതെ തൂങ്ങിയാടി നിന്ന വാള്‍ കര്‍ണാല്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കോടതിവിധി ആയിരുന്നു-ബി ശ്രീജന്‍ എഴുതുന്നു

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിയുണ്ട്. നവംബര്‍ മൂന്നിന് കാലാവധി തീരുന്ന ഹരിയാന നിയമസഭയിലെ കര്‍ണാല്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവച്ചുകൊണ്ടുള്ള ഉത്തരവ്. പതിനാലാം നിയമസഭയുടെ അഞ്ചു വര്‍ഷ കാലാവധി തീരാന്‍ കൃത്യം ഏഴു മാസം മാത്രമുള്ളപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കോടതി അനുമതി നല്‍കിയത് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പിന്റെ എ ഉപവകുപ്പിനു വിരുദ്ധമായ തീരുമാനമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനം രാജിവയ്ക്കണമോ എന്ന് തലപുകച്ച കോണ്‍ഗ്രസ് നേതാക്കളുടെ തലയ്ക്ക് മീതെ തൂങ്ങിയാടി നിന്ന ആ വാള്‍ കര്‍ണാല്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ഈ കോടതിവിധി ആയിരുന്നു.

1951 -ലെ ജനപ്രാതിനിധ്യ നിയമം 151 എ വകുപ്പ് നിയമസഭകളിലും ഒഴിവ് വരുന്ന സീറ്റുകളില്‍ ആറു മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ വകുപ്പിന്റെ രണ്ട് ഉപവകുപ്പുകള്‍ ആ നിര്‍ദേശം പാലിക്കാതിരിക്കാനുള്ള സാഹചര്യങ്ങളാണ് വിവരിക്കുന്നത്. അതില്‍ എ എന്ന ഉപവകുപ്പ് ഇങ്ങനെ പറയുന്നു: ഒഴിവ് വരുന്ന സീറ്റിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാലാവധി ബാക്കി ഇല്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല. ബി എന്ന ഉപവകുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ചര്‍ച്ച ചെയ്ത്, ഒരു സീറ്റില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഇല്ലെന്ന് കണ്ടെത്തുകയാണെങ്കിലും ആറുമാസം എന്ന സമയപരിധി പാലിക്കേണ്ടതില്ലെന്ന് പറയുന്നുണ്ട്.

കര്‍ണാലില്‍ സംഭവിച്ചത്

അങ്ങനെയാണ് നിയമം എങ്കില്‍ കര്‍ണാലില്‍ ഏഴു മാസത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത് എങ്ങനെയാണ്? അതറിയണമെങ്കില്‍ ആ സീറ്റ് ഒഴിവ് വന്നത് എങ്ങനെ എന്നറിയണം; അവിടെ ജയിച്ച സ്ഥാനാര്‍ഥി ആരെന്നുമറിയണം. 2024 ജൂണ്‍ നാലിന് കര്‍ണാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത് ഹരിയാനയുടെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നയാബ് സിംഗ് സയ്‌നി ആയിരുന്നു. കുരുക്ഷേത്രയില്‍ നിന്നുള്ള പാര്‍ട്ടി എംപി ആയിരുന്ന സൈനി മാര്‍ച്ചില്‍ ആണ് ഹരിയാന മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവച്ച്, പുതിയ മുഖ്യമന്ത്രിക്ക് വഴി ഒരുക്കിയതായിരുന്നു. ഖട്ടര്‍ മാര്‍ച്ച് 13 -നു ഒഴിഞ്ഞ കര്‍ണാല്‍ സീറ്റ് തന്നെയാണ് സൈനിക്ക് മത്സരിക്കാനായി പാര്‍ട്ടി കണ്ടുവച്ചതും.

കര്‍ണാലില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ മാര്‍ച്ച് 16 -ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് മണ്ഡലത്തിലെ വോട്ടര്‍ ആയ കുനാല്‍ ചനാന ഹൈക്കോടതിയെ സമീപിച്ചത്. ഖട്ടര്‍ രാജിവച്ച ദിവസം മുതല്‍ നിയമസഭയുടെ കാലാവധി കഴിയുന്നത് വരെ ഏഴ് മാസവും 20 ദിവസവും മാത്രമാണ് ബാക്കിയുള്ളതെന്നും അതിനാല്‍ ജനപ്രാതിനിധ്യ നിയമം 151 എയുടെ എ ഉപവകുപ്പ് അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ പാടില്ലെന്നും ആയിരുന്നു വാദം. മഹാരാഷ്ട്രയിലെ അകോല മണ്ഡലത്തില്‍ ഏപ്രിലില്‍ നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇതേ കാരണത്താല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് റദ്ദാക്കിയെന്നും ഹര്‍ജിക്കാരന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ അറിയിച്ചു.

ഈ കേസില്‍ വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത്. നിയമത്തിലെ ആശയക്കുഴപ്പം അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനുള്ള അസാധാരണ നടപടിയായായാണ് ഉപതെരഞ്ഞെടുപ്പിനെ കോടതിയില്‍ അവതരിപ്പിച്ചത്. എം എല്‍ എ അല്ലാത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനുള്ളില്‍ നിയമസഭാംഗമാകണമെന്ന് ഭരണഘടനയുടെ 164 - ആം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നു. ഇവിടെ സീറ്റ് ഒഴിവുണ്ട്, മത്സരിക്കാന്‍ മുഖ്യമന്ത്രി തയാറാണ്. സാങ്കേതികത മാത്രം പറഞ്ഞ് തിരഞ്ഞെടുപ്പ് നടത്താതിരുന്നാല്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്നായിരുന്നു വാദം. സമാന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് മത്സരിക്കാന്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. മാത്രമല്ല ഒരു വര്‍ഷത്തില്‍ താഴെ കാലാവധി ഉള്ള ഒന്നിലധികം സീറ്റുകള്‍ ഒഴിവുണ്ടായിരുന്ന സഭയില്‍ മുഖ്യമന്ത്രിക്ക് മത്സരിക്കാന്‍ വേണ്ടി ഒരു സീറ്റില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് നടത്തിയ കീഴ്‌വഴക്കമുണ്ടെന്നും കമ്മീഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രത്യേക ഉത്തരവിലൂടെ കര്‍ണാലില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് അനുമതി നല്‍കുകയായിരുന്നു.

സൈനിക്ക് കിട്ടിയതും റാവത്തിന് കിട്ടാത്തതും

ഹരിയാനയില്‍ സൈനിക്ക് കിട്ടിയ പ്രത്യേക ഇളവ് കിട്ടാതെ പോയ ഒരു മുഖ്യമന്ത്രിയും സമീപകാല ഇന്ത്യന്‍ ചരിത്രത്തിലുണ്ട്. 2021 മാര്‍ച്ച് 10 -ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത തിരാത് സിംഗ് റാവത്ത് നാലു മാസം തികയും മുന്‍പേ ജൂലൈ രണ്ടിന് രാജിവച്ചു. നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് ആറു മാസം തികയുന്ന സെപ്റ്റംബര്‍ 10 നു മുന്‍പ് റാവത്ത് എം എല്‍ എ ആയി മത്സരിച്ചു ജയിക്കണമായിരുന്നു.

എന്നാല്‍ 2022 മാര്‍ച്ച് 23 -ന് കാലാവധി കഴിയുന്ന നിയമസഭയ്ക്ക് ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന സമയം ബാക്കിയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് നടത്തണ്ട എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. ഉള്‍പ്പോരു മൂര്‍ച്ഛിച്ച് നിന്ന ഉത്തരാഖണ്ഡ് ബിജെപിയില്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ രാജിവയ്പ്പിച്ചാണ് തിരാത് സിംഗിനെ മുഖ്യമന്ത്രി ആക്കിയത്. ഹല്‍ദ്വാനി, ഗംഗോത്രി സീറ്റുകള്‍ ഒഴിവുണ്ടായിരുന്നെങ്കിലും ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നായിരുന്നു കമ്മീഷന്‍ തീരുമാനം. കോവിഡ് സാഹചര്യം രൂക്ഷമായി തുടര്‍ന്നതും ബിജെപി നേതുത്വത്തിന് റാവത്തിന്റെ രീതികളോട് ഉണ്ടായിരുന്ന താല്പര്യക്കുറവും മറ്റ് കാരണങ്ങളായി. എം എല്‍ എ ആയിരുന്ന പുഷ്‌കര്‍ ധാമിയെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആക്കിയാണ് ആ പ്രതിസന്ധി പരിഹരിച്ചത്.

നിയമം പറയുന്നതും പറയാത്തതും

ജനപ്രാതിനിധ്യ നിയമത്തില്‍ ഉപതെരഞ്ഞെടുപ്പുകളെപ്പറ്റി പറയുന്ന സെക്ഷന്‍ 147 , 149 , 150 , 151 എന്നിവയിലെ ആശയക്കുഴപ്പങ്ങള്‍ തീര്‍ക്കാനായി 1996 -ല്‍ ഭേദഗതിയായാണ് 151 എ എന്ന വകുപ്പ് കൊണ്ടുവന്നത്. ഒരു മണ്ഡലത്തില്‍ എം എല്‍ എ ഇല്ലാതായാല്‍ ആറു മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രധാന മാറ്റമാണ് ഈ ഭേദഗതി കൊണ്ട് ഉണ്ടായ നേട്ടം. ഭരണകക്ഷിയുടെ താല്‍പര്യത്തില്‍ അന്യായമായി ഉപതിരഞ്ഞെടുപ്പ് നീട്ടികൊണ്ട് പോകുന്ന സമീപനം ഇതോടെ ഇല്ലാതായി. ആറു മാസം എന്ന സമയപരിധി പാലിക്കേണ്ടതില്ലാതെ വരുന്ന സാഹചര്യങ്ങള്‍ എ, ബി ഉപവകുപ്പുകള്‍ വിശദീകരിക്കുന്നുണ്ട്.

ഇതിലെ ഒരു വര്‍ഷത്തില്‍ താഴെ സഭയ്ക്ക് കാലാവധി ഉണ്ടെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് പറയുന്ന എ ഉപവകുപ്പാണ് പലപ്പോഴും കോടതി കയറിയിട്ടുള്ളത്. പുതിയ എം എല്‍ എ ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷം വേണമെന്ന വ്യാഖ്യാനം ഈ വകുപ്പിന് ചിലര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മരണം, രാജി, അയോഗ്യത തുടങ്ങിയ കാരണങ്ങളാല്‍ ഒഴിവ് ഉണ്ടാകുന്ന ദിവസം മുതല്‍ ബാക്കിയുള്ള കാലാവധി ഒരു വര്‍ഷം ഉണ്ടാവണം എന്നതാണ് കണക്കാക്കേണ്ടതെന്ന് സുപ്രീം കോടതി 2018 ലെ പ്രമോദ് ലക്ഷ്മണ്‍ ഗുദാദേ വേഴ്‌സസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കേസില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. 2019 -ല്‍ ഈ നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ച് കറ്റോളിലെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയത്. തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷം കാലയളവ് വേണമെന്നായിരുന്നു കറ്റോള്‍ കേസിലെ നാഗ്പുര്‍ ബെഞ്ചിന്റെ വിധി. പിന്നീട് ഈ വിധി സുപ്രീം കോടതി റദ്ദാക്കി. എന്‍ സി പി നേതാവ് അനില്‍ ദേശ്മുഖാണ് ആ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത്.

ആറു മാസത്തേക്ക് എംപി ആയ സെബാസ്റ്റ്യന്‍ പോള്‍

കേരളത്തിലേക്ക് വന്നാല്‍ 2003 -ലെ എറണാകുളം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് പൊതു തിരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് മാത്രമാണ്. എംപി ആയിരുന്ന കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡന്‍ 2003 ജൂലായ് 26 -നു അന്തരിച്ചതിനെ തുടര്‍ന്നാണ് ഒഴിവ് ഉണ്ടായത്. 2004 ഏപ്രിലില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഒന്‍പത് മാസം മാത്രം കാലാവധി ഉള്ള സഭയിലേക്ക് എങ്ങനെ തിരഞ്ഞെടുപ്പ് നടന്നെന്ന ചോദ്യം പലരും ഉയര്‍ത്താറുണ്ട്.

എന്നാല്‍ പതിമൂന്നാം ലോക് സഭയുടെ യഥാര്‍ത്ഥ കാലാവധി 1999 ഒക്ടോബര്‍ 20 മുതല്‍ 2004 ഒക്ടോബര്‍ 19 വരെ ആയിരുന്നു. ജുലൈയില്‍ ഈഡന്‍ മരിക്കുമ്പോള്‍ ഒരു വര്‍ഷവും മൂന്ന് മാസവും കാലാവധി ബാക്കി. അതനുസരിച്ചാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോയത്. പിന്നീട്, നാല് നിയമസഭകളില്‍ ബിജെപി ഉജ്വല വിജയം നേടിയതിന് പിന്നാലെ ലോക്‌സഭ പിരിച്ചുവിടാന്‍ വാജ്പേയി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 2004 ഫെബ്രുവരി 6 -ന് പതിമൂന്നാം ലോക്‌സഭ പിരിച്ചുവിടുന്നത്. അങ്ങനെ ആറു മാസത്തേക്ക് എംപി ആകാനുള്ള അവസരം സിപിഎം സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോളിന് കൈവന്നു.

വിവേചന അധികാരത്തിന്റെ നിര്‍വചനം

നിയമഭേദഗതി നിലവില്‍ വന്ന 1996 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു വര്‍ഷം കാലാവധി എന്ന നിബന്ധന അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലംഘിച്ചതായി കാണുന്നില്ല. അത്തരം സാഹചര്യങ്ങള്‍ പിന്നീട് കോടതികള്‍ അംഗീകരിച്ചിട്ടുമുണ്ട്. 2018 -ല്‍ ജഗന്‍മോഹന്‍ റെഡ്ഢിയെ പിന്തുണയ്ക്കുന്ന 29 എം എല്‍ എമാര്‍ ആന്ധ്രപ്രദേശ് നിയമസഭയില്‍ നിന്ന് രാജിവച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പ് എന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കാലയളവ് ബാക്കിയില്ലെന്ന് കാട്ടി ആ ആവശ്യം രേഖാമൂലം നിരസിക്കുകയായിരുന്നു കമ്മീഷന്‍. അതായത് ഈ വിഷയത്തില്‍ കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കാലാവധി ആവശ്യമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചതായി തന്നെ വിലയിരുത്താം.

എങ്കിലും വിവേചന അധികാരം ഉപയോഗിക്കാന്‍ കഴിയുമെന്ന ഒരു ഓപ്ഷന്‍ കമ്മീഷനുണ്ട്. 2017 - ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് ഒരു വര്‍ഷ കാലാവധി പാലിക്കണോ എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചന അധികാരമാണെന്നും ഒരു വര്‍ഷത്തില്‍ താഴെ കാലാവധി ഉള്ളപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് നിരോധനം ഇല്ലെന്നും വ്യക്തമാക്കി പുറപ്പെടുവിച്ച ഒരു ഉത്തരവുണ്ട്. ഇത് പിന്നീട് സുപ്രീം കോടതിയും ശരിവച്ചതാണ്.

പാലക്കാട്ട് ഈ വിവേചന അധികാരം ബിജെപിക്ക് അനുകൂലമായി പ്രയോഗിക്കാന്‍ കമ്മീഷന്‍ തുനിഞ്ഞാല്‍ വെട്ടിലാകും എന്ന വസ്തുതയാണ് കോണ്‍ഗ്രസിനെ രാഹുലിന്റെ രാജിക്കാര്യത്തില്‍ പിന്നോട്ട് വലിയാന്‍ പ്രേരിപ്പിച്ച യഥാര്‍ത്ഥ ഘടകം എന്നുവേണം കരുതാന്‍.