സ്നേഹവും സൗഹൃദവും ഇഴപിരിഞ്ഞുകിടക്കുന്ന കോഴിക്കോടിൻ്റെ മണ്ണിൽ ഒരിയ്ക്കൽ കൂടി അതിജീവിനത്തിൻ്റെ സ്മരണങ്ങൾ പങ്കുവെച്ച് അവരെത്തിയപ്പോൾ എക്കാലത്തേക്കും ഓർക്കാനുള്ള കഥകളായി അത് മാറി.
അനേകം പരിശോധനകൾക്ക് ശേഷം ക്യാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതുന്നതോടെ ജീവിതം സ്തംഭിച്ചു പോവുന്ന ചില മനുഷ്യരുണ്ട്. പിന്നീട് നീണ്ട പോരാട്ടങ്ങൾ നടത്തി, ജീവിതത്തിലേക്ക് തിരികെ നടന്നു കയറിയ ചിലർ. നമുക്കിടയിൽ തന്നെ അത്തരക്കാർ നിരവധിയുണ്ട്. എല്ലാം അവസാനിച്ചെന്ന് കരുതിയ ഇടത്തുനിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്നവർ. ജീവിതത്തിൻ്റെ ആനന്ദങ്ങളിലേക്ക് തിരികെ നടന്നുകയറിയവർ. അങ്ങനെയുള്ള ഒരു കൂട്ടം മനുഷ്യർ സൗഹൃദത്തിൻ്റെ കൈകൾ ചേർത്തു പിടിച്ചു കോഴിക്കോട് ഒത്തൊരുമിച്ചു. സ്നേഹവും സൗഹൃദവും ഇഴപിരിഞ്ഞുകിടക്കുന്ന കോഴിക്കോടിൻ്റെ മണ്ണിൽ ഒരിയ്ക്കൽ കൂടി അതിജീവിനത്തിൻ്റെ സ്മരണകൾ പങ്കുവെച്ച് അവരെത്തിയപ്പോൾ എക്കാലത്തേക്കും ഓർക്കാനുള്ള കഥകളായി അത് മാറി.
'അന്ന് എൻ്റെ കുഞ്ഞിന് രണ്ടര വയസ് മാത്രമായിരുന്നു പ്രായം. പാല് കൊടുക്കുമ്പോഴെല്ലാം ബ്രെസ്റ്റിൽ കനത്ത വേദനയും ഒരു കല്ലിപ്പുമുണ്ടായിരുന്നു. തുടരത്തുടരെ കല്ലിപ്പ് കൂടി വന്നു. കാസർകോട് പടന്നയിൽ അധ്യാപികയായി ജോലി ചെയ്യുന്ന സമയമായിരുന്നു അത്. 2020 ലായിരുന്നു ആ വേദനാജനകമായ കാലത്തിന് തുടക്കമിട്ടത്. തടിപ്പും കല്ലിപ്പും കൂടി വന്നപ്പോൾ അവിടെയൊരു ഡോക്ടറെ കണ്ടു. പിന്നീട് പരിശോധനകളുടെ കാലമായിരുന്നു. പരിശോധനകളുടെ ഫലം വന്നു, എനിക്ക് ബ്രെസ്റ്റ് ക്യാൻസർ മൂന്നാം സ്റ്റേജിലാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു'. -ജുവൈരിയ എന്ന ജുവി ക്യാൻസർ ബാധിതയാണെന്ന് സ്ഥിരീകരിച്ച കാലത്തെ ഓർത്തെടുത്തു. ഇന്ന് പടന്നയിലെ വീട്ടിൽ തൻ്റെ രണ്ടാമത്തെ കുഞ്ഞിനെ താലോലിച്ച് കഴിയുകയാണ് ജുവി. പോയ കാലത്തെ വേദനിപ്പിക്കുന്നതും അതിജീവിച്ചതുമായ അനുഭവങ്ങൾ ജുവൈരിയയെ കൂടുതൽ കൂടുതൽ കരുത്തുള്ളവളാക്കി മാറ്റുന്നുണ്ട്.

ക്യാൻസർ സ്ഥിരീകരിച്ചതോടെ ജീവിതത്തിൻ്റെ മറ്റൊരു തലത്തിലേക്ക് എത്തിപ്പെട്ടുവെന്ന് ജുവൈരിയ പറയുന്നു. 'ഒറ്റാന്തടിയല്ല, ഭർത്താവും ഒന്നുമെത്താത്ത ഒരു കുഞ്ഞുമുണ്ട്. അകാലത്തിൽ ചോദിക്കാതെ എത്തിയ അതിഥിയെ നോക്കി എന്ത് ചെയ്യുമെന്നറിയാതെ അന്ധാളിച്ചു നിന്നു'- ജുവൈരിയ പറഞ്ഞു തുടങ്ങി. 'എന്നാൽ ജീവിയ്ക്കാനുള്ള ആഗ്രഹം അത് വളരെ കഠിനമായിരുന്നു. പോരാടനുറച്ചു, തലശ്ശേരിയിലെ മലബാർ ക്യാൻസർ സെൻ്ററിലായിരുന്നു ചികിത്സ. ചികിത്സാ കാലം അത്യന്തം പ്രതിസന്ധി നിറഞ്ഞതായിരുന്നു. ഭർത്താവും കുടുംബവും കൂടെയുണ്ടായിരുന്നു, അവർ കട്ടക്ക് നിന്നതിനാൽ ചികിത്സയുടെ പല കാര്യങ്ങളും ലഘൂകരിക്കപ്പെട്ടു'.
'ക്യാൻസർ ചികിത്സയുടെ ഭാഗമായി 8 കീമോ തെറാപ്പികൾ ചെയ്തു. കീമോയുടെ കഠിനമായ വേദനകൾക്കിടയിലും ശരീരത്തിലുണ്ടായ മാറ്റങ്ങളെ ഏറെ വേദനയോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. റേഡിയേഷൻ ആരംഭിച്ചു. ഒരു ബ്രെസ്റ്റ് റിമൂവ് ചെയ്യാൻ സർജറി ചെയ്തു. ക്യാൻസർ 3-ാം ഘട്ടത്തിലായതിനാൽ ചില കോപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായി 17-ഓളം ഇൻജക്ഷനുകളാണ് ശരീരത്തിൽ എടുത്തത്. ബ്രെസ്റ്റ് റിമൂവ് ചെയ്തതോടെ റീപ്ലാൻ്റേഷൻ സർജറിയുമുണ്ടായി. വയറിൽ നിന്നും ഫ്ലെഷ് എടുത്തുവെച്ചായിരുന്നു ആ സർജറി. വേദനകളിൽ നിന്നും വേദനകളിലേക്ക് മാത്രമുള്ള യാത്ര. അതിനിടയിൽ ഒരു പിഞ്ചുകുഞ്ഞിൻ്റെ അമ്മയായി ഇരിക്കുന്നതിൻ്റെ മാനസിക-വൈകാരിക പിരിമുറുക്കങ്ങൾ. അങ്ങനെയങ്ങനെ വർഷങ്ങൾ നീണ്ട ഒരു യുദ്ധമായിരുന്നു അത്. ഇക്കാലങ്ങളിൽ പലപ്പോഴും തളർന്നുപോയിട്ടുണ്ട്. എങ്കിലും ജീവിച്ചിരിക്കാനുള്ള അതിയായ ആഗ്രഹം എന്നെ പോരാടാനുള്ള കരുത്തുള്ളവളാക്കി മാറ്റി. കുഞ്ഞിനെ നോക്കി വളർത്തണം, തിരികെ ജോലിയിലേക്ക് കയറണം, ഉത്തരവാദിത്തങ്ങളുടെ ഓട്ടപ്പാച്ചിലുകളിലേക്ക് തിരികെ ചെല്ലണം- മനസ് മുഴുവൻ ജീവിതത്തോടുള്ള മോഹങ്ങളായിരുന്നു'- ജുവൈരിയ പറഞ്ഞു നിർത്തി.

'കഴിഞ്ഞ ഒന്നര വർഷമായി ചികിത്സയെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ്. 6 മാസം കൂടുമ്പോൾ പരിശോധന നടത്തണം. ജോലിയും വീണ്ടും വീട്ടുകാര്യങ്ങളുമൊക്കെയായി വർഷങ്ങൾ പോയി. ട്രിപ്പിൾ നെഗറ്റീവ് ക്യാൻസർ ആയതുകൊണ്ട് തന്നെ ഇവനിത്തിരി വില്ലനാണ്. താരതമ്യേന മറ്റു ക്യാൻസറിൽ നിന്ന് തിരികെ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ പരിശോധന കൃത്യമായി ചെയ്യണം. മൂത്തമകന് ഇപ്പോൾ പ്രായം 7 വയസ്സ്. അതിനിടയിലാണ് ഒന്നൂടെ പ്രസവിച്ചാലോ എന്നുള്ള മോഹം ഉദിച്ചത്. ഡോക്ടറോട് സംസാരിച്ചു, തയ്യാറെടുപ്പുകൾ നടത്തി. അങ്ങനെ 2-മത്തെ പ്രസവം നടന്നു. പ്രസവം കഴിഞ്ഞ് ഇപ്പോൾ കുഞ്ഞിന് 9മാസം കഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ സുഖമായി പോവുന്നു. അതിനിടയിലാണ് ദുബായിലേക്കുള്ള പറിച്ചുനടൽ. ജീവിതത്തിൽ നിന്നൊരു മാറ്റം വേണമെന്ന് തോന്നി. എല്ലാ മനുഷ്യരെയും പോലെ ഞാനും അന്നം തേടി ദുബായിലേക്ക് പോയി. അവിടെ അധ്യാപികയായി ജോലി ചെയ്തു. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കുഞ്ഞിൻ്റെ വളർച്ചാഘട്ടത്തിൽ നാട്ടിൽ ജോലി നോക്കിയാലോ എന്നായിരുന്നു തീരുമാനം. നിലവിൽ കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ ബി ആർ സി യിൽ അധ്യാപികയായി ജോലി ചെയ്യുകയാണിപ്പോൾ'. - ജീവിതത്തെ കുറിച്ച് വളരെ പ്രതീക്ഷയോടെയാണ് ജുവൈരിയ പറഞ്ഞുവെക്കുന്നത്.
ക്യാൻസർ പോരാട്ടത്തിനിടയിൽ സമാന്തരമായ മറ്റൊരു ലോകത്തെ കൂടെ പരിചയപ്പെട്ടുവെന്ന് ജുവൈരിയ പറയുന്നു. ക്യാൻസർ എന്ന രോഗത്തെ മാനസികമായും ശാരീരികമായും ചെറുത്തുതോൽപ്പിച്ച ഒട്ടനേകം മനുഷ്യരുടെ കൂട്ടായ്മ വല്ലാത്തൊരു അനുഭവമായിരുന്നു. മാനസിക കരുത്തു പകരാൻ അതിജീവനം 'വി കാൻ' എന്ന അതിജീവിതരുടെ കൂട്ടായ്മയിലെ അംഗമായി. ഈ കൂട്ടായ്മയിൽ നിരവധി പേരുണ്ട്. വർഷങ്ങളായി ക്യാൻസർ ബാധിതരായ മനുഷ്യരുടെ അതിജീവന കഥകളാണ് സംഘടനയുടെ കാതൽ. മാനസികമായി, ശാരീരികമായി, സാമ്പത്തികമായി ക്യാൻസറോട് പൊരുതി ജീവിച്ച മനുഷ്യരുടെ കൂട്ടായ്മ. ഇങ്ങനെയൊരു കൂട്ടായ്മ വേണമെന്ന് ആദ്യമായി ചിന്തിച്ചത് മലപ്പുറം സ്വദേശിയും ക്യാൻസർ പോരാളിയുമായ ബാലകൃഷ്ണൻ വലിയാട്ടാണ്.

ഒരു മനുഷ്യനിൽ നിക്ഷിപ്തമായ കടമ നിറവേറ്റുക എന്ന ബോധ്യത്തോടെ 2015ലായിരുന്നു ഈ സംഘടനയെ കുറിച്ച് താൻ ചിന്തിക്കുന്നതെന്ന് ബാലകൃഷ്ണൻ വലിയാട്ട് പറയുന്നു. ക്യാൻസർ വന്നവർ മാത്രമുള്ള സംഘടനയെ കുറിച്ച്, അവർക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സംഘടനയുടെ രൂപീകരണം. ക്യാൻസർ ബാധിതനായി ആർസിസിയിലെ ഐസിയുവിൽ വേദനയോട് പൊരുതുമ്പോഴാണ് ഈ സംഘടനയുടെ ഉത്ഭവത്തെ കുറിച്ചുള്ള കൂലങ്കഷമായ ചിന്ത തൻ്റെയുള്ളിൽ പിറന്നത്. "അതിജീവനം (We Can) എന്നൊരു കൂട്ടായ്മ എന്തുകൊണ്ട് രൂപീകരിച്ചുകൂടാ എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെയാണ് അതിൻ്റെ തുടക്കമെന്നോണം ഒരു വാട്സ്അപ്പ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ആദ്യമത് വലിയ പങ്കാളിത്തമില്ലാത്ത ഒരു ചെറിയ വാട്സ്അപ്പ് ഗ്രൂപ്പായിരുന്നു. ആ ഗ്രൂപ്പ് ചെറിയ രീതിയിൽ ചലിച്ചു തുടങ്ങി. ആദ്യഘട്ടത്തിൽ 2014-ൽ, കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നുമുള്ള ആളുകൾ തൃശൂരിൽ ഒത്തുകൂടി.

വ്യക്തികളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തുന്ന അവസ്ഥയാണ് ക്യാൻസർ. അതിൽ നിന്നുള്ള അതിജീവനത്തിന് കുടുംബത്തിന്റെ മാത്രമല്ല, നന്മയുള്ള മനസ്സുകളുടെ വലിയൊരു പിന്തുണയും ക്യാൻസർ ബാധിതർക്ക് ആവശ്യമാണ്. ട്രീറ്റ്മെന്റ് സമയത്ത് സന്തോഷകരമായ മാനസിക അവസ്ഥയിലേക്ക് കൊണ്ടു വരേണ്ടതും പിന്തുണ കൊടുക്കേണ്ടതും നമ്മളാണ്. അതുപോലെ തന്നെ അർബുദം എന്നു പറയുമ്പോൾ സമൂഹത്തിൽ ഒരുപാട് തെറ്റായ ധാരണകൾ ഉണ്ട്. അതിനൊക്കെ മാറ്റം കൊണ്ടു വരേണ്ടതാണ്. ഈ ചിന്തകളിൽ നിന്നൊക്കെയാണ് ഒരു സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് വഴിമാറിയത്. കാലക്രമേണ സംഘടന വളർന്നുവലുതായി. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി പേർ സംഘടനയിലുണ്ട്.
പ്രതീക്ഷയറ്റ അർബുദ രോഗികൾക്ക് ആത്മവിശ്വാസം നൽകുക, അവർക്ക് മാനസികമായി പിന്തുണ നൽകുക, ശരിയായ ചികിത്സക്കുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകുക, ബോധവൽക്കരണം നടത്തുക, ചികിത്സയിൽ കൂടി കടന്നു പോകുമ്പോൾ സന്തോഷത്തോടെ അതിനെ നേരിടാൻ പ്രാപ്തമാക്കുക, നിർധനരായവർക്ക് ചികിത്സാ സഹായത്തിന് ഫണ്ട് കണ്ടെത്തുക, ക്യാൻസറിനെ പറ്റി സമൂഹത്തിലുള്ള തെറ്റി ധാരണകൾ മാറ്റുക, അർബുദം കാരണം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ട സംരക്ഷണം നൽകുക, ഭക്ഷണങ്ങളിൽ മായം കലർത്തുന്നതിനെതിരെ പ്രതിഷേധിക്കുക, മലിനീകരണം, പ്രകൃതി നശീകരണം തുടങ്ങി നിരവധി സാമൂഹിക വിപത്തുക്കൾക്കെതിരെ പ്രതികരിക്കുക- ഇങ്ങനെ നിരവധിയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്ന് ബാലകൃഷ്ണൻ വലിയാട്ട് പറയുന്നു.

കൂട്ടായ്മ രൂപീകരിച്ച് വർഷങ്ങൾ കടന്നുപോവുകയാണ്. അതിനിടെ, കഴിഞ്ഞ ദിവസം കോഴിക്കോട് അതിജീവിതരുടെ ഒത്തുചേരലുണ്ടായി. ഇ തിനിടയിലാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയത്. ജില്ലാ തലത്തിൽ സമിതി രൂപീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ലാലി ജോപ്പൻ അറിയിച്ചു. ഇതോടെ രാജ്യത്ത് തന്നെ ആദ്യമായി ഒരു സംഘടന എന്ന ലേബലിലേക്ക് ‘വി കാൻ’ മാറി. 200 പേരിലധികം അംഗങ്ങളുള്ള ഒരു വാട്സ്അപ്പ് ഗ്രൂപ്പ് ആയിരുന്നു തുടക്കത്തിൽ. തുടർന്ന് ഒരു സംഘടന എന്ന ആഗ്രഹം നിറവേറുമ്പോൾ കൂടെ ഉണ്ടായവരിൽ ചിലരൊക്കെ ഈ ജീവിതം വഴിയിലുപേക്ഷിച്ചു മരണത്തിനു കീഴടങ്ങി. എന്നാൽ ഇനിയുള്ള കരങ്ങളിൽ ആത്മ ധൈര്യത്തിന്റെ ശക്തി പടരാൻ ഈ സംഘടനയ്ക്ക് കഴിയുമെന്നു പ്രത്യാശിക്കുന്നുവെന്ന് ബാലകൃഷ്ണൻ പറയുന്നു. കോഴിക്കോട് നടന്ന സംഗമത്തിന്റെ നേതൃത്വം ഏറ്റെടുത്തത് കോഴിക്കോട് സ്വദേശിനി ജംഷീന ആയിരുന്നു.
ചെറുപ്പം മുതൽ തന്നെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ബാലകൃഷ്ണൻ വലിയാട്ട് 18-ാം വയസിലാണ് യുഎഇയിൽ എത്തുന്നത്. യു എ ഇ റെഡ് ക്രോസ് വളണ്ടിയർ സേവനം, യുവാക്കൾ ലഹരികളിലേക്ക് പോകാതിരിക്കാൻ 91 ൽ ദുബായിൽ "നേതാജി ഫുട്ബാൾ ക്ലബ്ബിന് തുടക്കം", രക്തദാന പ്രോത്സാഹനം, ജോലി തേടിയെത്തിയവർ അനുഭവിക്കുന്ന പ്രയാസങ്ങൾ, തൊഴിൽ തട്ടിപ്പിനിരയായവർ എന്നിവർക്ക് വേണ്ടി ഇന്ത്യൻ എംബസി ഇടപെടലിലൂടെ സഹായഹസ്തം, ഒമാനിലും സന്നദ്ധ സേവനങ്ങൾ എന്നിവയായിരുന്നു ബാലകൃഷ്ണൻ വലിയാട്ടിന്റെ പ്രവർത്തനമേഖലകൾ. ഈ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ക്യാൻസർ പിടിപെടുന്നത്. തുടർന്ന് ആർസിസിയിൽ ചികിത്സ തേടി. അഞ്ചിലേറെ സർജറികൾ ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചുകയറി. ഇന്ന് ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേർന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നു.
ക്യാൻസർ ബാധിതരാവുന്നതോടെ ജീവിതം തീർന്നുവെന്ന് കരുതുന്നവരാണ് ഭൂരിപക്ഷം പേരും. എങ്ങനെ ഈ രോഗത്തെ നേരിടണമെന്ന് പലർക്കും അറിവില്ല എന്നതാണ് രോഗത്തെ സങ്കീർണ്ണമാക്കുന്നത്. കൃത്യവും വ്യക്തമായതുമായ ചികിത്സയും പിന്തുണയും ലഭിച്ചാൽ രോഗത്തിൽ നിന്ന് കരകയറാൻ കഴിയുമെന്നാണ് ഇവരും പറഞ്ഞുവെക്കുന്നത്.
വി കാൻ (ക്യാൻസർ അതിജീവിതരുടെ കൂട്ടായ്മ)
ബാലകൃഷ്ണൻ വലിയാട്ട്
+91 89431 40440



