വാലറ്റ് ഹബ്ബ് നടത്തിയ പുതിയ പഠനമനുസരിച്ച്, അമേരിക്കയിലെ ഏറ്റവും മികച്ച കാപ്പി നഗരമായി ഒറിഗോണിലെ പോർട്ട്‌ലാൻഡിനെ തെരഞ്ഞെടുത്തു. പ്രതിശീർഷ കഫേകളുടെ എണ്ണം കാപ്പിയുടെ വില, ഗുണനിലവാരം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് നഗരം ഒന്നാം സ്ഥാനത്തെത്തിയത്.

കാപ്പിയും ചായയും ഒക്കെ ഇഷ്ടപ്പെടുന്നവർ എല്ലാ നാട്ടിലും ഉണ്ടെങ്കിലും, അമേരിക്കയിൽ കാപ്പി പ്രേമകളുടെ എണ്ണം കുറച്ച് കൂടുതലാണ്. രാവിലെയും വൈകുന്നേരവുമുള്ള ഒരു ശീലത്തിനപ്പുറം അമേരിക്കക്കാര്‍ക്ക് അത് ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു തുടർപ്രവർത്തിയാണ്. യുഎസിലുടനീളം പ്രതിദിനം 519 ദശലക്ഷത്തിലധികം കാപ്പി കപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് രാജ്യത്തെ ജനങ്ങൾക്കിടയിൽ കാപ്പിയോടുള്ള സ്നേഹം നാൾക്ക് നാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന് തെളിവാണ്. വാലറ്റ്ഹബിൽ നിന്നുള്ള പുതിയ ഡാറ്റ അനുസരിച്ച്, എല്ലാ നഗരങ്ങളും ഒരേ അളവിലുള്ള കാപ്പി ഭ്രമം പ്രകടിപ്പിക്കുന്നില്ല. ചില നഗരങ്ങൾ കാപ്പികുടിയുടെ കാര്യത്തിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഏറെ മുൻപന്തിയിലാണ്. എന്തിനേറെ പറയുന്നു, അമേരിക്കയിൽ ആത്യന്തിക കാപ്പി ഹോട്ട്സ്പോട്ടായി അറിയപ്പെടുന്ന ഒരു നഗരം തന്നെയുണ്ട്.

പോർട്ട്‌ലാൻഡ്

വാലറ്റ് ഹബ്ബ് പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിൽ ഈ നഗരത്തെക്കുറിച്ച് പറയുന്നുണ്ട്. പ്രതിശീർഷ കഫേകളുടെ എണ്ണം, കാപ്പിയുടെ വില, ഉപഭോക്തൃ റേറ്റിംഗുകൾ എന്നിവയുൾപ്പെടെ 12 പ്രധാന മെട്രിക്കുകൾ വിശകലനം ചെയ്ത നടത്തിയ പഠനം ഏറ്റവും കൂടുതൽ കാപ്പി പ്രേമികൾ ഉള്ള 100 നഗരങ്ങളെ പട്ടികപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. അത് പ്രകാരം രാജ്യത്തിന്‍റെ കാപ്പി തലസ്ഥാനമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഒറിഗോണിലെ പോർട്ട്‌ലാൻഡ് ആണ്.

മികച്ച റേറ്റിംഗുള്ള കോഫി ഷോപ്പുകളുടെ എണ്ണം, മത്സരാധിഷ്ഠിത വിലനിർണ്ണയം, ഗുണനിലവാരമുള്ള ബ്രൂവുകളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവയിലൂടെയാണ് പോർട്ട്‌ലാൻഡ് ഒന്നാം സ്ഥാനം നേടിയത്. ന്യൂയോർക്ക് പോലുള്ള വലിയ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ക്വിക്ക് കപ്പുകൾ സാധാരണമായതിനാൽ, പോർട്ട്‌ലാൻഡ് നിവാസികൾ കാപ്പി കുടിക്കൽ വളരെ എളുപ്പമാണ്. ഇവിടെ നാലിൽ ഒരാൾക്ക് ഒരു ഇലക്ട്രിക് ഗ്രൈൻഡർ സ്വന്തമായുണ്ട്, 25% -ത്തിലധികം പേർ വീട്ടിൽ സിംഗിൾ സെർവ് ബ്രൂവറുകൾ ഉപയോഗിക്കുന്നു.

കഫേകൾ

പോർട്ട്‌ലാൻഡിലെ കുടുംബങ്ങൾ പ്രതിവർഷം ഏകദേശം $192 (രൂപ 17,000) കാപ്പിക്കായി ചെലവഴിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാലറ്റ്ഹബിന്റെ അഭിപ്രായത്തിൽ, പോർട്ട്‌ലാൻഡിനെ വ്യത്യസ്തമാക്കുന്നത് ഉയർന്ന റേറ്റിംഗുള്ള കഫേകളുടെ എണ്ണമാണ്, അവയിൽ പലതും സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗുണനിലവാരം, പ്രവേശനക്ഷമത, സൗകര്യം എന്നിവയുടെ കൂടിച്ചേരലാണ് പോർട്ട്‌ലാൻഡിനെ യുഎസിലെ കാപ്പി സൗഹൃദ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്താൻ സഹായിച്ചത്.