'പ്രൈമറി സ്കൂൾ കഴിഞ്ഞ് തുടർ പഠനത്തിന് അടുത്ത് വിദ്യാലയങ്ങളില്ല. അതുകൊണ്ട് തന്നെ പഠനം നിൽക്കും. പ്രണയവും, ലൈംഗിക ചൂഷണവും, നേരത്തെയുള്ള വിവാഹവുമൊക്കെയായി ചെറിയ പ്രായത്തിലെ പെൺകുട്ടികൾ ഗർഭിണികളാകും. ഒരു സ്കൂളുണ്ടായാൽ ഇതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷ'
കുടിവെള്ളം കിട്ടാക്കനിയായ, നല്ല ഭക്ഷണമില്ലാത്ത, വരൾച്ചയിൽ പച്ചപ്പിന്‍റെ ഒരു നാമ്പ് മുളക്കാത്ത, പഠിക്കാൻ മേൽക്കൂരയുള്ള ക്ലാസ്മുറിയില്ലാത്ത ആഫ്രിക്കയിലെ മലാവിയിലെ ജനതയെ അതിജീവനത്തിന്‍റെ കേരള മോഡൽ പഠിപ്പിച്ച ഒരു മലയാളി പയ്യനുണ്ട്. മലപ്പുറം നിലമ്പൂർ സ്വദേശി അരുൺ സി അശോകൻ. 28-ാം വയസിൽ ജോലി തേടി മലാവിയിലെത്തിയ അരുൺ ഒരു സൈക്കിൾ യാത്രയിലാണ് മലാവി ഡയറി എന്ന യൂടൂബ് ചാനൽ ആശയത്തിലേക്കെത്തുന്നത്. ചാനലിലേക്ക് വീഡിയോ എടുക്കാൻ ജനങ്ങളിലേക്കിറങ്ങിയപ്പോൾ പട്ടിണിയും ദാരിദ്രവും പേറുന്ന ജനതയെ അടുത്തറിഞ്ഞു. ഒടുവിൽ ഒരിക്കലും മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിക്കാത്ത ആ മനുഷ്യർക്ക് പഠിക്കാൻ സ്കൂൾ കെട്ടിടങ്ങൾ നിമ്മിച്ച് നൽകി, ശുദ്ധമായ വെള്ളത്തിന് കിണറുകളുണ്ടാക്കി, കൃഷി രീതികൾ പഠിപ്പിച്ച് അതിജീവനത്തിന്‍റെ കേരള മോഡൽ ആഫ്രിക്കയിലും വിജയിപ്പിച്ചിരിക്കുകയാണ് ഈ 33 കാരൻ. കഠിനാധ്വാനികളായ ഒരു ജനവിഭാഗത്തെ അവരുടെ ദുരിതത്തിൽ നിന്നും കൈപിടിച്ച് കയറ്റാനുണ്ടായ ചിന്തയെക്കുറിച്ച്, കൃഷിയും, വിദ്യഭ്യാസവും നൽകി ഒരു മനുഷ്യനെ അഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് മനസു തുറക്കുന്നു.
മലാവി ഡയറിയുടെ തുടക്കം സൈക്കിൾ യാത്രയിൽ
എല്ലാ പ്രവാസികളേയും പോലെ വീട്ടിലെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളുമാണ് എന്നെയും പ്രവാസിയാക്കുന്നത്. 2019ൽ ആണ് ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്തെത്തുന്നത്. ഒരു ട്രേഡിംഗ് കമ്പനിയിൽ വെയർ ഹൗസ് മാനേജരായി ആണ് തുടക്കം. പിന്നീട് പ്ലം കൺസ്ട്രക്ഷൻ എന്ന കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് മാനേജരായി. ഇവിടെ ജോലി ചെയ്യവേയാണ് ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. മലാവിയിലെ ഒരു ഗ്രാമത്തിലെ കാഴ്ചയിൽ നിന്നുമാണ് യൂട്യൂബ് ചാനൽ തുടങ്ങാനുള്ള പ്രചോദനമുണ്ടായത്. സഹപ്രവർത്തകനായ മലാവി സ്വദേശിയുടെ ഗ്രാമത്തിലേക്ക് 30 കി.മി നടത്തിയ സൈക്കിൾ യാത്രയിൽ ഒരു 40 വർഷം പിറകിലുള്ള കേരളത്തെയാണ് കാണാനായത്. ആ ഗ്രാമത്തിലെ ആളുകളുടെ അവസ്ഥ കണ്ടാണ് നമ്മുടെ വരുമാനത്തിൽ നിന്നും ഒരു പങ്ക് അവർക്കായി ചെലവാക്കണം എന്ന തീരുമാനത്തിലെത്തിയത്. ആ ചിന്തയിൽ നിന്നാണ് മലാവി ഡയറി എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്.
യൂട്യൂബ് ചാനൽ വിജയിച്ചില്ല
ആഫ്രിക്കയിലെ കാഴ്ച കാണാൻ ധാരാളം വ്യൂവേഴ്സ് എത്തും, നല്ല റീച്ചായി വരുമാനം ലഭിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ അതിൽ നിന്നും തുടക്കത്തിൽ വലിയ വരുമാനം ഉണ്ടായില്ല. ചാനൽ മോണിട്ടൈസ് ആകാനുള്ള വ്യൂസ് കിട്ടിയില്ല. ഒരിക്കൽ ഗ്രാമത്തിലെത്തിയപ്പോൾ അവിടെ പട്ടിണികൊണ്ട്, ഭക്ഷണമില്ലാതെ അവശരായ സ്ത്രീകളെയും കുട്ടികളെയും കണ്ടു. അന്ന് തീരുമാനിച്ചു, നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയാൽ നാട്ടിലേക്ക് അയക്കേണ്ട തുകയ്ക്കപ്പുറം ഉള്ള പണം ഇവർക്കായി ചെലവഴിക്കുമെന്ന്. എന്നാൽ പിന്നീട് കൊറോണ വൈറസ് വന്നു, എല്ലാവരും ക്വാറന്‍റൈനിലായി. ആ സമയത്താണ് പ്ലം കമ്പിനിയിൽ ജോലി കിട്ടിയത്. നല്ല സാലറിയും സൗകര്യങ്ങളും ലഭിച്ചു. അവിടെ നിന്ന് തുടങ്ങിയതാണ് ‘മലാവി ഡയറി’ യുടെ പ്രവർത്തനങ്ങൾ. സിറ്റിയിൽ ജോലി ചെയ്യുന്ന എന്‍റെ ലൈഫിനെ അന്ന് മുതൽ ഗ്രാമത്തിലേക്ക് പറിച്ച് നട്ടു. ഒരു ഗ്രാമത്തിലായിരുന്നു കമ്പനിയിലെ എന്‍റെ ആദ്യ പ്രൊജക്ട്. അത് മലാവിയിലെ പല ഗ്രാമങ്ങളേയും അടുത്തറിയാനും പഠിക്കാനും സഹായകരമാക്കി.

ആദ്യം നിർമ്മിച്ചത് ക്ലാസ്മുറികൾ
700 കി.മി ദൂരെയുള്ള സൈറ്റിലേക്ക് പോകുന്ന വഴിക്ക് തലയിൽ ബുക്ക് ചുമന്ന് കുട്ടികൾ മഴയത്ത് ഓടിപ്പോകുന്നത് കണ്ടു. മഴയത്ത് സ്കൂളിലേക്ക് ഓടുന്ന കുട്ടികളാണെന്നാണ് കരുതിയത്. കുറച്ച് പോയപ്പോൾ പുല്ല് മേഞ്ഞ് ഇടിഞ്ഞ് പോയ ഒരു കെട്ടിടം കണ്ടു. അതാണ് സ്കൂളെന്ന് ഡ്രൈവർ പറഞ്ഞു. മഴ പെയ്തതോടെ നനഞ്ഞ കുട്ടികൾ തിരികെ വീട്ടിലേക്ക് ഓടിപോകുന്നതാണെന്ന് അപ്പോഴാണ് മനസിലായത്. ഇതോടെ ഇവർക്കൊരു സ്കൂൾ കെട്ടിടം പണിത് നൽകണമെന്ന ചിന്ത ഉണ്ടായി. ഒരു പ്ലാസ്റ്റിക് ഷീറ്റെങ്കിലും കെട്ടി കൊടുക്കണം എന്ന് കരുതി. ഒരു ദിവസം പോകുന്ന വഴി വാഹനം നിർത്തി അധ്യാപകരോട് സംസാരിച്ചു. അങ്ങനെ അവരോട് നമുക്കെല്ലാവർക്കും കൂടി ഒരു സ്കൂൾ ഉണ്ടാക്കിയാലോ എന്ന ആശയം പങ്കുവെച്ചു. അങ്ങനെ മണ്ണ് കൊണ്ടു തന്നെ ആദ്യം 4 ക്ലാസ് മുറികൾ ഉണ്ടാക്കാമെന്ന് പദ്ധതിയിട്ടു. അങ്ങനെ ഗ്രാമത്തലവന്‍റെ സഹായത്തോടെ കട്ടകൾ ഉണ്ടാക്കാൻ തീരുമാനിച്ചു. ഒരു കമ്മറ്റി രൂപീകരിച്ച് കട്ട നിർമ്മാണം തുടങ്ങി. ഒരാഴ്ചകൊണ്ട് അവർ ക്ലാസ് മുറികൾക്ക് ആവശ്യമായ 40000 കട്ടകളുണ്ടാക്കി. ഗ്രാമത്തിലെ എല്ലാവരും ഒത്തൊരുമിച്ച് ആ ലക്ഷ്യം കണ്ടു. അവരുമായി മിങ്കിൾ ചെയ്യുന്ന ആദ്യത്തെ വിദേശി ഞാനായിരുന്നു.
പിന്തുണയുമായി സുഹൃത്തുക്കളും യൂട്യൂബറും
ഇതോടെ എനിക്കും ആവേശമായി. അടുത്ത സുഹൃത്ത് ആഷിഫിനെ വിളിച്ച് സഹായം തേടി. പൂർണ്ണ സഹായം അവൻ നൽകി. അങ്ങനെ കമ്പനിയിലെ എഞ്ചിനീയർ ഒരു പ്ലാൻ വരച്ച് തന്നു. ഒടുവിൽ നല്ല രീതിയിൽ കേരള മോഡലിൽ ഒരു സ്കൂൾ പണിതു. ട്രാവലിസ്റ്റ എന്നൊരു യൂട്യൂബ് ചാനലും മലാവിയിലെത്തി. അവർ വീഡിയോ ചെയ്ത് വലിയ പിന്തുണ തന്നു. പിന്നാലെ മലാവി ഡയറി ചാനൽ മോണിറ്റൈസ് ആവുകയും വരുമാനം വന്ന് തുടങ്ങുകയും ചെയ്തു. ഇതിനിടയ്ക്ക് ഞാൻ വിവാഹിതനായി, ഭാര്യ സുമി കൂടി മലാവിയിലെത്തി. ഇതോടെ യൂട്യൂബിൽ കൂടുതൽ വീഡിയോ ചെയ്യാനുള്ള സാഹചര്യമുണ്ടായി. ഇതോടെ വരുമാനം വന്നു. പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ സിമന്‍റുപയോഗിച്ച്, ഉറപ്പോടെ, മേൽക്കൂരയുള്ള സ്കൂളുണ്ടാക്കാനായി. നല്ല ബെഞ്ചുകളും ബോർഡും മറ്റ് സൗകര്യങ്ങളുമായി കുട്ടികൾക്ക് പഠിക്കാനൊരു സ്കൂളുണ്ടായി.

കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന ജനത
മലാവി ഡയറി ചാനൽ നന്നായി പോകുമ്പോഴാണ് ശുദ്ധജലം കിട്ടാതെ കഷ്ടപ്പെടുന്ന ഇവർക്ക് കിണർ കുഴിച്ച് നൽകാമെന്ന് തീരുമാനിക്കുന്നത്. മലാവിയിൽ കിണറുകൾ ഇല്ല, ബോർവെല്ലാണ് ഉപയോഗിക്കുന്നത്. അങ്ങനെ സഹപ്രവർത്തകനായ മജാവോയുടെ ബന്ധുവിന് ചെറിയൊരു കിണർ കുഴിച്ച് നൽകി. കിണറിന്‍റെ സ്ഥാനം നോക്കാൻ അറിയില്ലെങ്കിലും ഭൂപ്രകൃതി മനസിലാക്കി ഉറവ എവിടേക്കാകാം ഒഴുകുന്നത് എന്ന ധാരണയിൽ ആണ് കിണർ കുത്തുന്നത്. മൂന്ന് മീറ്റർ കുഴിച്ചതോടെ വെള്ളം കിട്ടി. അങ്ങനെയാണ് കിണർ പണി തുടങ്ങുന്നത്. പിന്നീട് വീട്, കട, എന്നിവയൊക്കെ പുതുക്കി പണിത് ഇവരെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അങ്ങനെയിരിക്കെ മഴവെള്ളം സംഭരിക്കാൻ കേരളത്തിലേ പോലെ തടയിണകൾ ഉണ്ടാക്കാമെന്ന ആലോചനയായി. മഴക്കാലത്ത് വെള്ളമുള്ള സ്ഥലങ്ങളിൽ തടയണ കെട്ടി. വേനലാവുമ്പോൾ അവ കൃഷിക്കുപകാരപ്പെടുന്ന രീതിയിൽ ഗ്രാമവാസികളേയും കർഷകരേയും പരിശീലിപ്പിച്ചു. തോട്ടിലൊക്കെ വെള്ളം കുറഞ്ഞതോടെ ചാക്കിൽ മണ്ണ് നിറച്ച് പലയിടങ്ങളിലും തടയണകളുണ്ടാക്കാൻ പഠിപ്പിച്ചു. ഇതോടെ വേനലിലും ഇവർക്ക് കൃഷി ചെയ്യാൻ പറ്റി.

അതിജീവനത്തിന്‍റെ പാഠങ്ങൾ
സഹായം നൽകുക എന്നതിനപ്പുറം അവരെ അതജീവിപ്പിക്കാൻ പ്രാപ്തരാക്കുക എന്നതായിരുന്നു പ്രധാനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൃഷി ചെയ്യാനും ചെറിയ വ്യാപാരങ്ങൾ ചെയ്യാനും സഹായം നൽകി. ചിപ്സ് അടക്കമുള്ള വിഭവങ്ങൾ തയ്യാറാക്കാൻ പഠിപ്പിച്ചു. അവ വിറ്റ് വരുമാനമുണ്ടാക്കാൻ സ്ത്രീകളെ പരിശീലിപ്പിച്ചു. സ്വന്തം കാലിൽ ആത്മാഭിമാനത്തോടെ നിൽക്കുന്ന ഒരു ജനതയെ കാണുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടായിരുന്നു. മലാവിയിലെ കുട്ടികളൊക്കെ ദാരിദ്രം കൊണ്ട് ആരെ കണ്ടാലും പണം ചോദിക്കുമായിരുന്നു. ഈ രീതി മാറ്റണമെന്ന് അവരോട് പറഞ്ഞു. പകരം പഠിക്കാനുള്ള പുസ്തകങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. വൃത്തിയായി നടക്കാനും നന്നായി പെരുമാറാനും അവരെ ശീലിപ്പിച്ചു. ഇതോടെ കുട്ടികളിൽ വലിയ മാറ്റമുണ്ടായി.
ഗ്രാമങ്ങളെ അടുത്തറിഞ്ഞപ്പോൾ
മലാവിയിലെ ഗ്രാമങ്ങൾ സന്ദർശിച്ചപ്പോൾ ഇവരുടെ കൃഷി എന്തുകൊണ്ട് മെച്ചപ്പെടുന്നില്ല എന്ന് മനസിലായി. നല്ല വിത്തുകൾ കിട്ടാത്തതും ശാസ്ത്രീയമായ രീതിയിലുള്ള കൃഷി രീതി ശീലക്കാത്തതും, വെള്ളത്തിന്‍റെ ദൗർലഭ്യതയുമൊക്കെയായിരുന്നു കർഷകർ നേരിട്ടിരുന്ന പ്രശ്നങ്ങൾ. ഇതോടെ പരമ്പരാഗത കൃഷിരീതിക്കപ്പുറമുള്ള അറിവ് അവരിൽ നൽകാൻ തീരുമാനിച്ചു. അങ്ങനെ ഒരു ഗ്രാമത്തിലെ കർഷകരെ സെലക്ട് ചെയ്ത് ഇത്തവണ കൃഷി ഒരു പ്രൊജക്ടായി എടുത്തിട്ടുണ്ട്. ഇവർക്ക് ആവശ്യമായ വിത്തും വളവും നമ്മൾ വാങ്ങി നൽകും. കേരളത്തിലെ രീതിയടക്കം പരീക്ഷിച്ച് നല്ല രീതിയിലുള്ള കൃഷിക്ക് തുടക്കമിട്ടു. നല്ല വിള കിട്ടിയാൽ വിത്തും, വളവും തിരികെ നൽകണമെന്ന നിബന്ധന മാത്രമാണ് മുന്നോട്ട് വെച്ചത്. അത് അവർക്ക് ഇത് സൗജന്യമല്ലെന്ന തോന്നലുണ്ടാക്കാനും, നന്നായി കൃഷി ചെയ്യാനും സഹായകരമാകും. ഈ പ്രൊജക്ട് ആദ്യ ഘട്ടത്തിലാണ്. പണത്തിന് പകരം വിത്തും വളവും നേരിട്ട് നൽകുകയാണ് ചെയ്തത്. 50 ഓളം കർഷകർ ഇപ്പോൾ പദ്ധതിയിൽ ഉണ്ട്- അരുൺ പറയുന്നു.

ഭരണകൂടത്തിന്‍റെ പിന്തുണ കിണറുകളും, കൃഷിയുമൊക്കെ ' ഒരു വില്ലേജ് ഡെവലപ്മെന്‍റ് ' എന്ന രീതിയിലാണ് എല്ലാ പദ്ധതികളും ചെയ്യാറുള്ളത്. വലിയ ആഘോഷമാക്കി പ്രചാരണം കൊടുക്കാറില്ല. ജനങ്ങളുടെ കൂടെ നിന്ന് അവരെ സഹായിക്കുന്ന എന്നതിനാൽ മലാവി ഡയറിയും പ്രൊമേഷന് വേണ്ടി ഒന്നും ചെയ്യാറില്ല. അവരിലൊരാളായി ചിലത് ചെയ്യുന്നു എന്ന് മാത്രമേ കരുതുന്നൊള്ളു. പ്രൈമറി സ്കൂൾ നിർമ്മാണം അധ്യാപകരുടേയും ഗ്രാമത്തലവന്‍റേയും സഹായത്തോടെ ആയിരുന്നു. ഇപ്പോൾ സെക്കന്‍ററി സ്കൂൾ നിർമ്മാണം നടക്കുകയാണ്. അതിന് സർക്കാരിന്‍റെ പെർമിറ്റുകൾ വേണ്ടി വന്നു. സർക്കാരും എല്ലാ സഹായവും നൽകുന്നുണ്ട്. കെട്ടിടത്തിന്‍റെ നിർമ്മാണം എല്ലാം കഴിഞ്ഞ് സർക്കാരിന് കൈമാറും. നമ്മളാണ് മെയിൻ എന്ന രീതിയിൽ ഒരു ചാരിറ്റിയായി ഇമേജ് സൃഷ്ടിക്കാറില്ല. അത്തരം ചെലവുകളും കൂടി നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളിതെല്ലാം ചെയ്യുന്നേ എന്ന പ്രചാരണങ്ങളുടെ പിന്നാലെ പോകാറില്ല.
മലയാളികളുടെ പിന്തുണയും, പോസിറ്റീവ് കമന്‍റുകളും
മലാവി ഡയറി ചാനൽ ശ്രദ്ധിക്കപ്പെട്ടതോടെ കേരളത്തിൽ നിന്നും നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുണ്ട്. യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൊക്കെയും പോസിറ്റീവ് ആയ സമീപനമാണ് ലഭിക്കുന്നത്. നാട്ടുകാരോട് പണം പിരിക്കാതെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനാൽ യാതൊരു വിവാദങ്ങളും ഉണ്ടായിട്ടില്ല. പുറത്ത് നിന്ന് പണം സഹായമായി സ്വീകരിക്കില്ലെന്ന് തുറന്ന് പറഞ്ഞാണ് ഓരോ വീഡിയോയും ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളോ സ്പോൺസർമാരോ മാത്രമാണ് പദ്ധതികളുടെ ഭാഗമാകാറ്. അതുകൊണ്ട് തന്നെ പോസിറ്റീവ് ആയ അപ്രോച്ചാണ് എല്ലാരുടെ ഭാഗത്ത് നിന്നും ഉള്ളത്. ചിലരൊക്കെ മലാവി ഡയറിയുടെ പ്രവർത്തനങ്ങൾ അറിയാതെ നെഗറ്റീല് കമന്‍റ് ഇടാറുണ്ട്. അവരുടെ തെറ്റിദ്ധാരണങ്ങൾ വീഡിയോ സ്ഥിരം കാണുന്നവർ തന്നെ തിരുത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നും. ഇത് ഒരു ചാരിറ്റിയല്ല, സോഷ്യൽ റെസ്പോൺസിബിലിറ്റിയായി ആണ്കാണുന്നത്. അതുകൊണ്ട് തന്നെ നിറയെ പണമുണ്ടായിട്ട് എന്തെങ്കിലും ചെയ്യാം എന്നതിനപ്പുറം ഉള്ളത് കൊണ്ട് മറ്റൊരാളെ സഹായിക്കാം എന്നാണ് ഞാൻ കരുതുന്നത്.

18 വയസിന് മുമ്പ് ഗർഭിണികളാകുന്ന പെൺകുട്ടികൾ
ആദ്യമായി ഗ്രാമത്തിലെത്തുമ്പോൾ ഇവർ പറഞ്ഞിരുന്ന വലിയൊരു സാമൂഹിക പ്രശ്നമായിരുന്നു പെൺകുട്ടികൾ ചെറുപ്പത്തിലേ ഗർഭിണികളാകുന്നു എന്നത്. പ്രൈമറി സ്കൂൾ കഴിഞ്ഞ് തുടർ പഠനത്തിന് അവർക്ക് അടുത്ത് വിദ്യാലയങ്ങളില്ല. അതുകൊണ്ട് തന്നെ പഠനം നിൽക്കും. പിന്നീട് പ്രണയവും, ലൈംഗിക ചൂഷണവും, നേരത്തെയുള്ള വിവാഹവുമൊക്കെയായി ചെറിയ പ്രായത്തിലെ പെൺകുട്ടികൾ ഗർഭിണികളാകും. ഒരു സ്കൂളുണ്ടായാൽ ഇതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് സെക്കന്‍ററി സ്കൂൾ നിർമിക്കാൻ തീരുമാനിച്ചത്. 18 വയസിനുള്ളിൽ ഗർഭിണിയാകുന്നത് മലാവിയിൽ കുറ്റകരമാണ്. പക്ഷേ ഗ്രാമങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ പുറത്ത് അറിയാറില്ല. സെക്കന്റി സ്കൂളിന്‍റെ നിർമ്മാണം റൂഫിംഗ് സ്റ്റേജിലാണ്. മലാവി ഡയറിയുടെ അഭിമാന പദ്ധതിയാണ് ഇത്. ആറോളം കിണറുകൾ മലാവിയിൽ നിർമ്മിച്ചു. നിലവിൽ നിർമിച്ചുകൊണ്ടിരിക്കുന്ന കിണറും പൂർത്തിയാകാനായി. കിലോമീറ്ററുകൾ നടന്ന് പോയി വെള്ലം കോരികൊണ്ടിരുന്ന ഒരു ഗ്രാമത്തിലാണ് ആ കിണർ. അവിടെ സോളാർ പമ്പ് ഉപയോഗിച്ച് വെള്ളം ഗ്രാമത്തിൽ എത്തിക്കാനാണ് തീരുമാനിച്ചത്. ഇനി ഒരു നഴ്സറി സ്കൂൾ നിർമിക്കാനും പദ്ധതിയുണ്ട്. ക്രൌഡ് പണ്ട് ഇല്ലാത്തതിനാൽ സമയമെടുത്ത്, കിട്ടുന്ന വരുമാനം വെച്ച് ഓരോ പദ്ധതികളും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരുൺ പറയുന്നു.
എന്തുകൊണ്ട് കേരള മോഡൽ എന്ന പേര് ?
പ്രളയകാലത്തടക്കം സമാനതകളില്ലാത്ത, ഒത്തൊരുമയോടെയുള്ള പ്രവർത്തനം കൊണ്ട് ലോകത്തിന് തന്നെ അഭിമാനമായതാണ് നമ്മുടെ കേരളം. ഇത് പണ്ടേയുള്ള നമ്മുടെ കൾച്ചറാണ്. പണ്ടൊക്കെ നമ്മുടെ നാട്ടിൽ വീടുകളൊക്കെ ഉണ്ടാക്കിയിരുന്നതെല്ലാം അയൽവാസികളും നാട്ടുകാരുമൊക്കെ ചേർന്നായിരുന്നു. ആ കാഴ്ചകളും അനുഭവങ്ങളുമാണ് കേരള മോഡൽ എന്ന പേരിലെത്താൻ കാരമം. മനുഷ്യ ജീവനും, മനുഷ്വത്വത്തിനും വില നൽകുന്ന, ഒന്നിച്ച് നിന്നാൽ പലതും നേടാൻ കഴിയുമെന്ന് കാണിച്ച് കൊടുക്കുക എന്നതാണ് കേരള മോഡൽ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യ മോഡൽ എന്ന് പറയുന്നില്ല എന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിന് പ്രധാനപ്പെട്ട കാരണം, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മലാവിയേക്കാൾ ബുദ്ധിമുട്ടുന്ന സ്ഥലങ്ങളുണ്ട്. നമ്മൾ കണ്ട് വളർന്ന, അനുഭവിച്ച സാഹചര്യങ്ങളെയാണ് നമ്മൾ മോഡലാക്കുന്നത്. കേരള മോഡൽ ലോകത്തിന് തന്നെ മാതൃകയാണ്. മതവും രാഷ്ട്രീയവുമൊക്കെ മാറ്റി വെച്ച് നമ്മുടെ സംസ്കാരം മറ്റുള്ളവരിൽ എത്തിക്കുക, അത് ഒരു മാതൃകയാണ് എന്ന വിശ്വാസത്തിലാണ് 'കേരള മോഡൽ' ആകുന്നത്.

ലോക കേരള സഭയിലേക്ക് ക്ഷണം
ഈ വർഷവും കേരളാ സർക്കാരിന്‍റെ ലോക കേരള സഭയിലേക്ക് സർക്കാരിന്‍റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷമാണ്. മലാവി എന്ന രാജ്യത്ത് നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നമ്മുടെ സർക്കാരിന്‍റെ അഭിനന്ദനം ആയാണ് ഈ ക്ഷണത്തെ ഞങ്ങൾ കാണുന്നത്. നമ്മുടെ നാടിന്‍റെ കൾച്ചറാണ് നമ്മൾ ഇവിടെ ചെയ്യുന്നത്. മനുഷ്യരെ മതവും ജാതിയും വർണ്ണവും രാജ്യങ്ങളുടെ അതിർവരമ്പുകൾ ഒന്നും നോക്കാതെ ചേർത്ത് പിടിക്കുക എന്നത് നമ്മുടെ നാട് പകർന്നു തന്നതാണ്.
