അറസ്റ്റ് ചെയ്ത കുറ്റവാളിയെയും കൊണ്ട് പോലീസ് തെരുവിലേക്ക് ഇറങ്ങി. മുന്നില്‍ കണ്ട ഓരോരുത്തരോടും കൈ കൂപ്പി അയാൾ പറഞ്ഞു. 'ഞാനിനി മോഷ്ടിക്കില്ല'.

ധ്യപ്രദേശിലെ ജബൽപൂരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ജബൽപൂരിലെ രഞ്ചി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രധാനമായും പ്രദേശത്തെ കച്ചവടക്കാരെയും വഴിയാത്രകരെയുമായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നത്. കസ്റ്റഡിയിലെടുത്ത ഇയാളുമായി പോലീസ് തെരുവ് നീളെ നടന്ന് ആളുകളോട് ഇയാളെ കൊണ്ട് ക്ഷമ പറയിപ്പിച്ചു. എല്ലാവരുടെയും മുന്നിലെത്തി കൈകൂപ്പി 'ഇനി ഞാൻ മോഷ്ടിക്കില്ലെ'ന്നാണ് പോലീസ് ഇയാളെക്കൊണ്ട് പറയിപ്പിച്ചത്.

ശോഭാപൂർ നിവാസിയായ പ്രവീൺ രജക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ആക്രമിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയും ആയിരുന്നു ഇയാൾ പണം തട്ടിയെടുത്തിരുന്നത്. ഇയാൾക്കെതിരെ നാട്ടുകാരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് ഇയാളുമായി തെരുവ് നീളെ നടന്ന് ക്ഷമാപണം നടത്തുകയായിരുന്നു.

Scroll to load tweet…

ജൂലൈ ആറിനാണ് പ്രവീൺ തന്‍റെ കൂട്ടാളിയായ ദേബു അന്നയോടൊപ്പം പ്രദേശവാസിയായ രജക് നിഷാന്ത് സിങ്ങിന്‍റെ ഓഫീസിൽ എത്തി പണം ആവശ്യപ്പെട്ടത്. നിഷാന്ത് വിസമ്മതിച്ചപ്പോൾ ഇരുവരും ഓഫീസിലെ സാധനങ്ങൾ നശിപ്പിക്കുകയും ഓഫീസ് പൂർണ്ണമായും തല്ലി തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് നിഷാന്ത് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രവീണിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഇയാളുടെ കൂട്ടാളിയായ ദേബു അന്ന ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. പ്രവീണിനെ തെരുവിലൂടെ നടത്തിച്ച് പോലീസ് നാട്ടുകാരോട് ക്ഷമാപണം നടത്തിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയ്ക്ക് താഴെ പോലീസിന്‍റെ നടപടി അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് കമന്‍റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.