കുടുംബത്തിന് വേണ്ടി ജീവിച്ചതിനോടൊപ്പം തന്നെ എന്നെങ്കിലും തന്‍റെ സ്വപ്നം പൂർത്തിയാക്കാൻ ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവസരത്തിനും സമയത്തിനും വേണ്ടി ക്ഷമയോടെ രാം സ്വരൂപ് കാത്തിരുന്നു. 


സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ഉത്സാഹവും നിശ്ചയ ദാർഢ്യവും ഉണ്ടെങ്കിൽ പ്രായം ഒന്നിനും ഒരു തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് യുപി സ്വദേശിയായ 55 കാരൻ. പഠനം ഉപേക്ഷിച്ച് 32 വർഷങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം ഫാർമ ബിരുദം സ്വന്തമാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ശിവഗഡ് പട്ടണത്തിലെ ചൗരാഹയിൽ താമസിക്കുന്ന രാം സ്വരൂപ് ആണ് പ്രായത്തെ തോൽപ്പിക്കുന്ന മനസ്സുമായി 55 വയസ്സിൽ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

അമ്മയുടെ വിവാഹത്തിന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെ രണ്ടാനച്ഛനെ സ്വാഗതം ചെയ്യുന്ന മകന്‍; വൈറല്‍ വീഡിയോ !

കുട്ടിക്കാലത്ത് ഡോക്ടർ ആകണം എന്നായിരുന്നു ആഗ്രഹമെങ്കിലും ജീവിത പ്രാരാബ്ദങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വെല്ലുവിളി സൃഷ്ടിച്ചതോടെ അദ്ദേഹം തന്‍റെ സ്വപ്നത്തെ പാതിവഴിയിൽ ഉപേക്ഷിച്ചു. അങ്ങനെ 32 വർഷങ്ങൾക്ക് മുൻപ് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി പഠനം അവസാനിപ്പിച്ചു. പക്ഷേ, ഉള്ളിലെ സ്വപ്നങ്ങൾ എന്നും അവിടെത്തന്നെ ഉണ്ടായിരുന്നു. കുടുംബത്തിന് വേണ്ടി ജീവിച്ചതിനോടൊപ്പം തന്നെ എന്നെങ്കിലും തന്‍റെ സ്വപ്നം പൂർത്തിയാക്കാൻ ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവസരത്തിനും സമയത്തിനും വേണ്ടി ക്ഷമയോടെ രാം സ്വരൂപ് കാത്തിരുന്നു. 

ഫാഷൻ ഡിസൈനറാകാൻ ലണ്ടൻ പാർലമെൻന്‍റിലെ ജോലി ഉപേക്ഷിച്ച് 23 കാരി !

അങ്ങനെ നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം 2021-22 ൽ ഡി ഫാർമ കോഴ്‌സ് പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. എംബിബിഎസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും, താൻ സ്വപ്നം കണ്ടതിന് തൊട്ടടുത്തുള്ള ഫാർമസിസ്റ്റ് ബിരുദം നേടാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് രാം സ്വരൂപ്. തന്‍റെ നേട്ടത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ രാംസ്വരൂപ് പറയുന്നത് ഇങ്ങനെയാണ്, “എനിക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ല, പക്ഷേ, ഫാർമസിസ്റ്റ് ബിരുദത്തിൽ ഞാൻ സംതൃപ്തനാണ്. കാരണം, ആരോഗ്യവകുപ്പിന്‍റെ അവിഭാജ്യ ഘടകമായി ഞാൻ മാറിയിരിക്കുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു." എന്നായിരുന്നു. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രായമില്ലെന്നും എന്തിനോടെങ്കിലും തീവ്രമായ ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ നിശ്ചയമായും ഏതു പ്രായത്തിലും അത് നേടിയെടുക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക